ADVERTISEMENT

വിൽപനയ്ക്ക് തയാറാക്കിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ കറുത്ത വജ്രം യുഎഇയിൽ പ്രദർശനത്തിന്. 'ദ എനിഗ്മ' എന്നു പേരുനൽകിയിരിക്കുന്ന കാർബണാഡോ വജ്രം ദുബായിൽ തിങ്കളാഴ്ചയാണ് പ്രദർശിപ്പിച്ചത്. ഇതാദ്യമായാണ്  ഈ അപൂർവ വജ്രം  പ്രദർശനത്തിനെത്തിക്കുന്നത്. 

 

2.6 ബില്യൻ വർഷങ്ങൾക്ക് മുൻപ് ഉൽക്കയോ ഛിന്നഗ്രഹമോ ഭൂമിയിൽ പതിച്ചതിനെത്തുടർന്ന് രൂപീകൃതമായതാവാം ഇതെന്ന് ലേല കമ്പനിയായ സോതെബിയിലെ ആഭരണ വിദഗ്ധയായ സോഫി സ്റ്റീവൻസ് പറയുന്നു. പ്രകൃതിദത്തമായ കറുത്ത വജ്രങ്ങളിൽ ഇത്രയും വലുപ്പമുള്ള ഒന്ന് കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.  ഭൂമിയിൽ വന്നു പതിച്ച ഛിന്നഗ്രഹത്തിൽ അടങ്ങിയതാവാം ഈ വജ്രമെന്നാണ് നിഗമനം. 

 

ദുബായിലെ പ്രദർശനത്തിനുശേഷം ജനുവരി 24 മുതൽ 26 വരെ ലൊസാഞ്ചലസിൽ 'ദ എനിഗ്മ ' പ്രദർശനത്തിനെത്തും. അതിനുശേഷം ഫെബ്രുവരിയിലാണ് ലണ്ടനിലെ ലേല സ്ഥാപനത്തിലേക്കെത്തിക്കുന്നത്. വജ്രത്തിന്റെ പഴക്കവും പ്രാധാന്യവും അപൂർവ സ്വഭാവവും കണക്കിലെടുത്ത് 50 കോടിക്ക് മുകളിൽ ലേലത്തുകയായി ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഫെബ്രുവരി മൂന്ന് മുതൽ ഒമ്പത് വരെയാവും ലേലം നടക്കുന്നത്. 

 

555.55 കാരറ്റ് തൂക്കമുള്ള വജ്രത്തിന് 55 മുഖങ്ങൾ നൽകിയാണ് വിൽപനയ്ക്കായി ഒരുക്കിയിരിക്കുന്നത്. വലുപ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ വജ്രം എന്ന സ്ഥാനവും എനിഗ്മയ്ക്ക് സ്വന്തമാണ്.  സ്വിറ്റ്സർലൻഡിലെ ദ ഹൗസ് ഓഫ് ഗബ്ലിൻ എന്ന ആഭരണ ശാലയും അമേരിക്കയുടെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും എനിഗ്മയെ ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രമായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 2006 ൽ ഗിന്നസ് ലോക റെക്കോർഡിലും വജ്രം ഇടം നേടി. എന്നാൽ ഇത്രയും കാലം ഈ അപൂർവ വജ്രത്തിന്റെ ഉടമ ആരായിരുന്നു എന്നകാര്യം പരസ്യമാക്കിയിട്ടില്ല. 

 

വജ്രത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് കോസ്മിക് അദ്ഭുതം എന്നാണ് ഇതിനെ ലേല സ്ഥാപനം തന്നെ വിശേഷിപ്പിക്കുന്നത്. ലേലത്തുക വെർച്വൽ പണമായും  സ്വീകരിക്കുമെന്ന് എന്ന് സോതബി അറിയിക്കുന്നു. ആഭരണ വ്യാപാര മേഖലയ്ക്ക് പുറത്തുനിന്നുമുള്ള ആളുകളെ കൂടി ലേലത്തിലേക്ക് ആകർഷിക്കുന്നതിനായാണ് ഈ തീരുമാനം. കഴിഞ്ഞവർഷം ഹോങ്കോങ്ങിൽ നടന്ന ഒരു വജ്ര ലേലത്തിൽ 91 കോടി രൂപ (12.3 മില്യൺ ഡോളർ) വെർച്വൽ പണമായാണ് സ്ഥാപനം കൈപ്പറ്റിയത്.

 

English Summary: Massive 555-Carat Black Diamond Unveiled. It's Thought To Be From Outer Space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com