ADVERTISEMENT

ചന്ദ്രന്‍റെ പ്രതലതത്തെക്കുറിച്ച് അറിയുന്ന കാര്യങ്ങുളുടെയത്ര പോലും ശാസ്ത്രലോകത്തിന് സമുദ്രത്തെക്കുറിച്ചറിയില്ല എന്നൊരു ചൊല്ലുണ്ട്. സമുദ്രാന്തര്‍ഭാഗത്തെ ജൈവ ആവാസവ്യവസ്ഥയെ ക്കുറിച്ചും, ജീവജാലങ്ങളെക്കുറിച്ചും അദ്ഭുതകരമായ പുതിയ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഈ ചൊല്ല് ഒരു പരിധിവരെ ശരിയാണെന്ന് നമുക്ക് തോന്നും. ഇത്തരത്തില്‍ ഗവേഷകര്‍ കണ്ടെത്തിയ ഒരു പുതിയ അദ്ഭുതകാഴ്ചയാണ് ഒരു കൂട്ടം മത്സ്യങ്ങളുടെ പുതിയ കോളനി. ഒരു കൂട്ടമെന്ന് പറയുമ്പോള്‍ ആയിരങ്ങളോ, പതിനായിരങ്ങളോ അല്ല, മറിച്ച് 6 കോടിയിലേറെ അംഗങ്ങളാണ് ഈ കോളനിയിലുള്ളത്. 

ഐസ്ഫിഷ് മത്സ്യങ്ങള്‍ എന്നറിപേപെടുന്നവയാണ് ഈ 6 കോടി അംഗങ്ങളും. അന്‍റാര്‍ട്ടിക്കിലെ വെഡല്‍ സമുദ്രത്തിന് തെക്ക് ഭാഗത്തായി ഫ്ലിഞ്ചര്‍ മഞ്ഞുപാളിക്ക് താഴെയാണ് ഈ ജീവികളുടെ കൂട്ടത്തെ ഗവേഷകര്‍ കണ്ടെത്തിയത്. ഇതുവരെ ലോകത്തെ ഏത് സമുദ്രത്തിലും കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ മത്സ്യ പ്രജനന മേഖല കൂടിയാണ് ഈ ഐസ്ഫിഷ് കോളനിയെന്ന് ഗവേഷകര്‍ പറയുന്നു. പോളാർസ്റ്റേണ്‍ എന്ന് ജര്‍മന്‍ പോളാര്‍ പര്യവേക്ഷണ വാഹനമാണ് ഈ അദ്ഭുതകരമായ കണ്ടെത്തല്‍ നടത്തിയത്. ഐസ്ഫിഷുകളുടെ തന്നെ നിയോപജപ്റ്റോസിസ് അയോന എന്ന വിഭാഗത്തില്‍ പെട്ട മത്സ്യങ്ങളാണ് ഈ കോളനിയില്‍ ഉള്ളത്. ശ്വേതരക്തമുള്ള മത്സ്യങ്ങളുടെ വിഭാഗത്തില്‍ പെട്ടവയാണ് ഈ ജീവികള്‍. സുര്യവെളിച്ചം എത്താതെ മഞ്ഞുപാളികള്‍ക്കടിയില്‍ ജീവിക്കുന്ന ഇവയെക്കുറിച്ച് ശാസ്ത്രലോകത്തിന് വലിയ അറിവില്ല. കാരണംവളരെ അപൂര്‍വമായി മാത്രമെ ഇവ പ്രത്യക്ഷപ്പെടാറുള്ളൂ.

മാൾട്ട രാജ്യത്തിന്‍റെ വലുപ്പമുള്ള കോളനി

മാള്‍ട്ട എന്ന മെഡിറ്ററേനിയന്‍ ദ്വീപ് രാജ്യത്തിന്‍റെ വലുപ്പമാണ് ഈ മത്സ്യകോളനിക്കുള്ളത്. ഒരു മത്സ്യത്തിന്‍റെ തന്നെ പ്രജനന മേഖലയ്ക്ക് ഏതാണ്ട് 3 ചതുരശ്ര മീറ്റര്‍ ചുറ്റളവുണ്ടാകും. മറ്റ് സമാന വലുപ്പമുള്ള മത്സ്യങ്ങളുടെ പ്രജനനമേഖലയോ കൂടോ ആയി തട്ടിച്ച് നോക്കുമ്പോള്‍ ഐസ്ഫിഷ് മത്സ്യങ്ങളുടെ കുട്ടികളുടേത് അത്യാവശ്യം വിശാലമായത് തന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു. ഇവയുടെ പ്രജനന മേഖല വൈകാതെ രാജ്യാന്തര തലത്തില്‍ തന്നെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഏറെക്കുറെ സുതാര്യമായ അളവില്‍ വെളുത്താണ് ഇവയുടെ രക്തം കാണപ്പെടുന്നത്. ചുവന്ന രക്തവും, ഹീമോഗ്ലോബിനും ഇല്ലാത്ത ഏക നട്ടെല്ലുള്ള ജീവിവര്‍ഗമാണ് ഐസ്ഫിഷുകള്‍. കഴുത്തിന് മുകളില്‍ നീണ്ട് കൂര്‍ത്ത് മുതലയുടേതിന് സമാനമായ തലയാണ് ഈ ജീവികളുടേത്. എന്നാല്‍ കഴുത്തിന് താഴോട്ട് പാമ്പുകളുടേത് പോലെ നീണ്ടാണ് ഇവയുടെ ശരീരം കാണപ്പെടുന്നത്. ഇവയുടെ രക്തത്തില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് കൊടും തണുപ്പിലും ഈ ജീവികളുടെ രക്തം കട്ടിയാകാതെ സൂക്ഷിക്കുന്നത്. ആവേശം നല്‍കുന്ന സമാനതകളില്ലാത്ത കണ്ടെത്തലാണ് ഈ കോളനിയെ തിരിച്ചറിഞ്ഞതോടെ ഉണ്ടായിട്ടുള്ളതെന്ന് ജര്‍മന്‍ പര്യവേഷണത്തിന് നേതൃത്വം നല്‍കുന്ന ഗവേഷകനായ ഓട്ടൺ പെര്‍സര്‍ പറയുന്നു. ജര്‍മനിയിലെ ആല്‍ഫ്രഡ് വെഗ്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോളാര്‍ ആന്‍ഡ് മറൈന്‍ റിസേര്‍ച്ച് സെന്‍ററിന്‍റെ മേധാവി കൂടിയാണ് ഓട്ടൺ

40 വര്‍ഷത്തെ കാത്തിരിപ്പ്

അന്‍റാര്‍ട്ടിക്കിന്‍റെ ഈ മേഖലയില്‍ ഈ മഞ്ഞുമത്സ്യങ്ങളുടെ വലിയ തോതിലുള്ള സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയുടെ പ്രജനന കേന്ദ്രം അന്വേഷിച്ചുള്ള യാത്ര പലപ്പോഴും വിജയകരമായിരുന്നില്ല. വളരെ കുറിച്ച് അംഗങ്ങള്‍ മാത്രമുള്ള ഒറ്റപ്പെട്ട പ്രജനന കേന്ദ്രങ്ങള്‍ മാത്രമാണ് ഈ ജര്‍മന്‍ കേന്ദ്രത്തിന്‍റെ തന്നെ പഠനത്തില്‍ കണ്ടെത്താനായത്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ പഠനംആരംഭിച്ച് ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ നിര്‍ണായക കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നതെന്നത് പര്യവേഷണങ്ങളിലെ സ്ഥിരതയുടെ ആവശ്യത്തിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നു. 

ഒരു കൂട്ടിലുള്ളത് 1000-2000 മുട്ടകള്‍

ഒരു ഐസ്ഫിഷിന്‍റെ കൂട്ടില്‍ മാത്രം 1000 മുതല്‍ 2000 വരെ മുട്ടകള്‍ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കൂടിനെ സംരക്ഷിക്കാന്‍ തന്നെ ഒന്നിലധികം മുതിര്‍ന്ന ഐസ്ഫിഷുകളും പ്രദേശത്തുണ്ടാകും. അതേസമയം ഇത്രയും  ഒറ്റപ്പെട്ട് ജീവിക്കുന്നതിനാല്‍ ഐസ് ഫിഷുകള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഈ മേഖലയില്‍ തന്നെ ധാരാളമായ അളവില്‍ ഒരു വേട്ടക്കാരുടെ കൂട്ടവും ഉണ്ട്. വെഡല്‍ സീല്‍സ് എന്ന സീലുകളുടെ കൂട്ടം ധാരാളമായി കാണപ്പെടുന്ന മേഖല കൂടിയാണിത്. ഈ മേഖലയിലെ വെഡല്‍ സീലുകളുടെ എണ്ണക്കൂടുതലും ഐസ് ഫിഷുകളെ കുറിച്ചുള്ള പഠനം ഈ മേഖലയില്‍ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചിരുന്നു. വേട്ടക്കാരെ പിന്തുടര്‍ന്ന് ഐസ് ഫിഷുകളെ കണ്ടെത്താനുള്ള ഈ നീക്കം ഏതായാലും വിജയിച്ചു എന്നാണ് ഈ കണ്ടെത്തല്‍ തെളിയിക്കുന്നത്.

English Summary: 60 Million White-Blooded Icefish Discovered At World's Largest Nesting Ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com