ADVERTISEMENT

ഏറ്റവുമൊടുവിലത്തെ ഹിമയുഗത്തിന്‍റെ അവസാനകാലം വരെ ഭൂമിയില്‍ യഥേഷ്ടം അലഞ്ഞു നടന്നിരുന്ന ഭീമന്‍മാരാണ് മാമത്തുകള്‍. ശരീരം മുഴുവന്‍ രോമങ്ങളുള്ള ആനകളെ പോലെയാണ് മാമത്തുകള്‍ കാഴ്ചക്കെങ്കിലും അത്ര അടുത്ത ജനിതക ബന്ധമൊന്നും മാമത്തുകളും ആനകളും തമ്മിലില്ല. സമീപകാലത്തായി പലയിടങ്ങളില്‍ നിന്നായി മാമത്തുകളുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെടുക്കുന്നുണ്ട്. പ്രത്യേകിച്ചും സൈബീരിയന്‍ മേഖലയില്‍ നിന്ന് ഇത്തരത്തിലുള്ള മാമത്തുകളുടെ അധികം കേട് സംഭവിക്കാത്ത ശരീരങ്ങള്‍ കണ്ടെത്തിയിരുന്നു.

 

ഇപ്പോഴിതാ യുകെയില്‍ നിന്ന് അഞ്ച് മാമത്തുകളുടെ ശരീരത്തിന്‍റെ ശേഷിപ്പുകളുടെ ഒരുമിച്ച് ലഭിച്ചിരിക്കുന്നത്. ശേഷിപ്പുകള്‍ എന്ന് പറയാന്‍ കഴിയാത്ത വണ്ണം ഏതാണ്ട് പൂര്‍ണമായും സംരക്ഷിക്കപ്പെട്ട നിലയിലാണ് ഈ അഞ്ച് മാമത്തുകളുടെ ശരീരങ്ങള്‍ ലഭിച്ചത്. യുകെയിലെ കോട്സ് വേള്‍ഡില്‍ നിന്നാണ് വലിയ കേടുപാടുകള്‍ പറ്റാതെ അദ്ഭുതകരമായ രീതയില്‍ സംരക്ഷിക്കപ്പെട്ടിരുന്ന ഈ ശരീരങ്ങള്‍ ലഭിച്ചത്. ഇതാദ്യമായല്ല യുകെയില്‍ നിന്ന് മാമത്തിന്‍റെ ശരീരങ്ങള്‍ കണ്ടെത്തുന്നത്. പക്ഷേ മുന്‍പ് കണ്ടെത്തിയല എല്ലാം തന്നെ സാരമായ കേടുപാടുകള്‍ സംഭവിച്ചവയായിരുന്നു. അതുകൊണ്ട് തന്നെ ഈ പുതിയ കണ്ടെത്തലില്‍ യുകെയിലെ പാലിയന്‍റോളജിസ്റ്റുകളും ആര്‍ക്കിയോളജിസ്റ്റുകളും വലിയ സന്തോഷത്തിലാണ്. 

 

ഇംഗ്ലണ്ടിലെ സ്വിണ്ടനില്‍ നിന്ന് ലഭിച്ച ഈ മാമത്ത് ശരീരങ്ങള്‍ക്ക് ഉദ്ദേശം രണ്ടര ലക്ഷത്തോളം വര്‍ഷം പഴക്കം വരുമെന്നാണ് കരുതുന്നത്. മെറ്റല്‍ ക്വാറിയില്‍ നിന്ന് ഖനനത്തിനിടെയാണ് ഈ ശരീരങ്ങളെ സംബന്ധിച്ച ആദ്യ സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് ഡിഗ് വെന്‍ച്വേഴ്സ് എന്ന ചരിത്രപഠന സംരഭത്തിന്‍റെ നേതൃldbത്തില്‍ മേഖലയില്‍ പഠനം നടത്തുതയായിരുന്നു. ഒരു ജീവിയുടെ ശരീരം സംരക്ഷക്കപ്പെടാവുന്നതിന്‍റെ പരമാവധി നല്ല രീതിയിലാണ് ഈ അഞ്ച് മാമത്തുകളും സംരക്ഷിക്കപ്പെട്ടിരുന്നതെന്ന് ഈ കമ്പനിയുടെ ആര്‍ക്കിയോളജിസ്റ്റുകളില്‍ ഒരാളായ ലിസാ വെസ്റ്റ്കോട്ട് പറയുന്നു. 

 

രണ്ട് മുതിര്‍ന്ന മാമത്തുകള്‍ക്കൊപ്പം, രണ്ട് കുട്ടികളായ മാമത്തുകളും ഒരു ശൈശവാവസ്ഥയിലുള്ള മാമത്തും ആണ് ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. സമീപത്ത് നിന്ന് തന്നെ നിയാന്‍ഡര്‍താല്‍ മനുഷ്യര്‍ ഉപയോഗിക്കുന്നതിന് സമാനമായ ആയുധങ്ങളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഖനനം നടത്തുന്നതോടെ മേഖലയില്‍ മറ്റ് ശേഷിപ്പുകളോ അല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങളോ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നത്.

 

മാമത്തുകളുടെ ശരീരം മാത്രമല്ല, പത്തടിയോളം ഉയരമുള്ള കലമാന്‍, വിസര്‍ജ്യങ്ങളില്‍ കാണപ്പെടാറുള്ള വണ്ടുകള്‍, വംശനാശം സംഭവിച്ച സസ്യങ്ങള്‍ തുടങ്ങിയവയുടെ അവശിഷ്ടങ്ങളും ഈ ക്വാറിയില്‍ നിന്ന് ഇതിനകം ലഭിച്ചിട്ടുണ്ട്. ബ്രിട്ടിഷ് പാലിയന്‍റോളജി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കണ്ടെത്തലുകളില്‍ ഒന്നാണ് സ്വിണ്ടനില്‍ ഉണ്ടായിട്ടുള്ളതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഏതാണ്ട് രണ്ടര ലക്ഷത്തോളം വർഷം മുന്‍പ് ചത്ത് പോയ മാമത്തുകളെ, അവയെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ക്കും അവയുടെ കാലുകള്‍ക്കടിയില്‍ പെട്ട ചത്ത ചെറുജീവികള്‍ക്കുമൊപ്പം സംരക്ഷിക്കപ്പെട്ട രീതിയില്‍ കണ്ടെത്തുകയെന്നാത് ഒരു കാലഘട്ടത്തിലേക്കുള്ള വാതില്‍ തുറന്ന് കിട്ടുന്നതിന് സമാനമായ സ്ഥിതിയാണെന്ന് ഇവര്‍ വിശദീകരിക്കുന്നു. 

 

കണ്ടെത്തലിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ ആസ്പദമാക്കി മാത്രം ഒരു ഡോക്യുമെന്‍ററി ബിബിസി നിര്‍മിച്ചിരുന്നു. ഡേവിഡ് ആറ്റന്‍ബറോ അവതരിപ്പിച്ച 30 മിനുട്ട് ദൈർഖ്യമുള്ള ഈ ഡോക്യുമെന്‍ററി ഡിസംബര്‍ 30 നാണ് ബിബിസി ടെലികാസ്റ്റ് ചെയ്തത്. മാമത്തുകളെ ഒരു പക്ഷേ ജനിതക വിദ്യയിലൂടെ വീണ്ടും ഭൂമിയിലേക്കെത്തിക്കാന്‍ കഴിയുമോയെന്ന പഠനങ്ങള്‍ സജീവമാകുന്നിതിനിടെയാണ് ഈ  നിര്‍ണായക കണ്ടെത്തലെന്നതും കൗതുകകരമാണ്. 

 

English Summary: 5 Ice Age Mammoths Discovered Near Busy Road in England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com