ADVERTISEMENT

4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭൂമി രൂപം കൊള്ളുന്നത്. അന്ന് മാഗ്മ കൊണ്ട് നിറഞ്ഞ ചുട്ടുപഴുത്ത ഒരു ഗോളമായിരുന്നു ഭൂമി. പിന്നീട് കോടിക്കണക്കിന് വര്‍ഷങ്ങളിലൂടെ പരിണാമം സംഭവിച്ച് ഭൂമി ഇന്നു കാണുന്ന അവസ്ഥയിലേക്ക് മാറി. ഈ പരിണാമത്തിനിടെ ഭൂമി എന്ന ഗോളത്തിന് പല പാളികള്‍ രൂപപ്പെട്ടു. പ്രധാനമായും ആ പാളികളെ മൂന്നായി തിരിച്ച മനുഷ്യന്‍ മൂന്ന് പേരുകളും അവയ്ക്കു നല്‍കി. ഇതില്‍ ഏറ്റവും മധ്യത്തില്‍ രൂപം കൊണ്ട സമയത്തെ ഭൂമിയുടെ ഏതാണ്ട് സമാനമായ അവസ്ഥയില്‍ മാഗ്മ തിളച്ച് നിറഞ്ഞിരിക്കുന്ന ഒരു മേഖലയുണ്ട്. കോര്‍ എന്നു വിളിക്കുന്ന ഈ ഉള്‍ക്കാമ്പാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണം ഉള്‍പ്പടെയുള്ള ഇന്ന് ജീവന്‍ ഉദ്ഭവിയ്ക്കാന്‍ കാരണമായ പല പ്രതിഭാസങ്ങളുടെയും അടിസ്ഥാനം.

മേല്‍പാളികള്‍ ചലിക്കാന്‍ കാരണമാകുന്നതും ജിയോ തെര്‍മല്‍ എനര്‍ജി എന്ന ഭൂമിയുടെ നിലനില്‍പിന് തന്നെ ആവശ്യമായ ഊര്‍ജം ഉൽപാദിപ്പിക്കുന്നതുമെല്ലാം ഈ കോര്‍ മേഖലയാണ്. എന്നാല്‍ ചുട്ടു പഴുത്തിരിക്കുന്ന ഈ ഉള്‍ക്കാമ്പ് പതിയെ തണുക്കുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. കോര്‍ മേഖലയിലെ താപനില കുറഞ്ഞ് വരുന്നത് മുന്‍പേ തന്നെ ശാസ്ത്രലോകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ താപനില കുറയുന്നതിന്‍റെ വേഗം പ്രതീക്ഷിച്ചതിലും അധികമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ബ്രിഡ്ജ്മനൈറ്റ്

ഇറ്റിഎച്ച് സൂറിച്ച് എന്ന ഗവേഷക സ്ഥാപനത്തിലെ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ മൊതോഹികോ മുറകാമിയും, കര്‍നേജ് ശാസ്ത്ര സര്‍വകലാശാലയിലെ ചില ഗവേഷകരും ചേര്‍ന്നാണ് ഈ കോറിന്‍റെ താപനില അളക്കാനുള്ള ശ്രമം ഊർജിതമാക്കിയത്. ഇതിനായി കോര്‍ മേഖലയില്‍ നിന്ന് ഭൂമിയുടെ മുകള്‍ത്തട്ടിലേക്കെത്തുന്ന ബ്രിഡജ്മനൈറ്റ് എന്ന ധാതുവിനെയാണ് ഈ ഗവേഷക സംഘം ആശ്രയിക്കുന്നത്. കോര്‍ എന്ന ഉള്‍ഭാഗത്തിനും മാന്‍റില്‍ എന്ന മധ്യഭാഗത്തിനും ഇടയിലാണ് ഈ ധാതുശേഖരം ധാരാളമായി കാണപ്പെടുക. വളരെ കുറവ് താപവാഹക ശേഷിയുള്ള ഈ ധാതു കോറില്‍ നിന്ന് മാന്‍റിലിലേക്കുള്ള താപവികരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവയാണ്.

ഈ ധാതുവിനെ കുറിച്ചുള്ള പഠനത്തിലൂടെയാണ് ഭൂമിയുടെ ഉള്‍ഭാഗത്തെ താപനില ക്രമേണ കുറഞ്ഞു വരുന്നുവെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. ബ്രിഡ്ഗ്മാനൈറ്റ് എന്ന ധാതുവിന്‍റെ താപവികിരണ ശേഷി മുന്‍പ് കണക്കാക്കിയതിലും 1.5 ദശാംശം അധികമാണെന്ന് ഗവേഷകര്‍ പുതിയ പഠനത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെ കോറില്‍ നിന്ന് മാന്‍റിലിലേക്കെത്തുന്ന ചൂടിന്‍റെ അളവും ഇതിന് സമാനമായി വർധിക്കും.

കോറിലെ ഈ മാഗ്മയില്‍ നിന്നുള്ള ഊര്‍ജ്ജവും അത് പുറപ്പെടുവിക്കുന്ന താപവും എക്കാലത്തേക്കും നിലനില്‍ക്കുന്ന ഒന്നല്ല. ഭൂമി ഉദ്ഭവിച്ച കാലം മുതൽ ഇതുവരെ ക്രമേണ മാഗ്മ ഉള്ളിലേക്ക് വലിഞ്ഞു പുറത്ത് വലിയ പാളി പോലുള്ള മേഖല രൂപപ്പെടുകയാണ് ചെയ്തത്. ഈ മേഖലുയുടെ പുറത്താണ് അനുകൂലമായ സാഹചര്യത്തില്‍ ഇന്ന് കാണുന്ന ജൈവ ആവാസവ്യവസ്ഥ ഉണ്ടായത്. അതേസമയം. മാഗ്മ കത്തിതീരുന്നതിന് അനുസൃതമായി ഭൂമിക്കുള്ളിലെ ഊര്‍ജവും അതുപോലെ തന്നെ ഭൂമിയുടെ താപനിലയും ക്രമേണ താഴും, ഈ താപനില താഴുന്ന വേഗമാണ് പ്രതീക്ഷിച്ചതിലും അധികമാണെന്ന് ഗവേഷകര്‍ കണ്ടെത്തിരിക്കുന്നത്. ബ്രിഡ്ഗ്മാനൈറ്റിന്‍റെ താപവികിരണത്തില്‍ കണ്ടെത്തിയ വർധനവാണ് ഈ പുതിയ നിഗമനത്തിലേക്കെത്തുന്നതിനുള്ള കാരണം.

തണുത്തുറയുന്ന ഭൂമി

ഭൂമിയുടെ ഉള്ളില്‍ മാഗ്മ എരിഞ്ഞടങ്ങുന്നതോടെ ഭൂമി തണുത്തുറയുമെന്നത് പുതിയ അറിവല്ല. ഇങ്ങനെ താപം ഇല്ലാതാകുന്നതോടെ ഭൂമിയുടെ സൗരയൂഥത്തിലെ മെര്‍ക്കുറി, ചൊവ്വ പോലുള്ള ഗ്രഹങ്ങളെ പോലെ തരിശായി മാറും. തണുത്തുറഞ്ഞ് കട്ടിയേറിയ ഒരു ഗോളമായി ഭൂമി മാറുന്നതിന് ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടെ നിന്ന് ജീവനും അപ്രത്യക്ഷമാകും.

എന്നാല്‍ ഭൂമി തണുക്കുന്നതിന്‍റെ വേഗത വർധിച്ചു എന്നതിനര്‍ത്ഥം സമീപകാലത്ത് തന്നെ ഇതു സംഭവിക്കുമെന്നല്ല. മനുഷ്യരാശിയുടെ സമയം വച്ച് നോക്കിയാല്‍ ഭൂമിയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ക്ക് ഇനിയും കോടക്കണക്കിന് വര്‍ഷങ്ങളെടുക്കും. അതുകൊണ്ട് തന്നെയാണ് താപനില കുറയുന്നതിലുണ്ടായ ഈ 1.5 ദശാംശം മടങ്ങ് വർധനവ് നിർണായകമാകുന്നതും. ഈ പുതിയ കണക്കനുസരിച്ച് ഒരു പക്ഷേ പ്രതീക്ഷിച്ചതിലും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി സമ്പൂര്‍ണമായും താപസ്രോതസ്സ് നഷ്ടപ്പെട്ട് ജീവനില്ലാത്ത ഗ്രഹമായി മാറിയേക്കാം.

English Summary: Earth's core cooling faster than previously thought, researchers say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com