ADVERTISEMENT

‘ഈ നാട് പിശകാ... ഇത് സിനിമയിലെ പഞ്ച് ഡയലോഗാണ്. ഈ പഞ്ച് ഡയലോഗ് വനംവകുപ്പിന്റേതാണ്. കാട് പിശകായാൽ നാടും പിശകാകും. അതിലൊരു മുന്നറിയിപ്പുണ്ട്. അതു കൊണ്ട് കേരളത്തിലെ കാടിന്റെ സ്വഭാവം മാറ്റാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. കാട്ടിലെ ചില കയ്യേറ്റക്കാരെ ഒഴിപ്പിക്കും. പകരം കാടു വിട്ടു പോയവരെ തിരിച്ചു കുടികിടത്തും. ഇതൊന്നും ആളുകളല്ല. സസ്യങ്ങളാണെന്നു മാത്രം. ഇതാണ് പുതിയ വന നയത്തിന്റെ കാതൽ. 

 

Forest department begins forest restoration project
Image credit: Shutterstock

കാട് പഴയ കാടല്ല

കാടിന് എന്തുപറ്റി. കാട് മാറി. സംസ്ഥാനത്തിന്റെ വിസ്തൃതിയുടെ 33 ശതമാനം വനം വേണമെന്നാണ് ദേശീയ നയം. കേരളത്തിൽ ഇത് 30 ശതമാനമാണ്. സ്വാഭാവിക വനങ്ങളെ വ്യവസായ വൽക്കരണത്തിന്റെ ഭാഗമായി മാറ്റി. പകരം വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ കാട്ടിൽ നട്ടു വളർത്തി. യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ തുടങ്ങിയ തോട്ടങ്ങൾ നട്ടു വളർത്തി. ഇതിൽ പലതും വിദേശ സസ്യങ്ങളാണ്. കുറച്ചു സ്ഥലത്ത് തേക്കും നട്ടു. 27000 ഹെക്ടർ തോട്ടങ്ങളും 90000 ഹെക്ടർ തേക്ക് തോട്ടങ്ങളുമുണ്ട് ഇപ്പോൾ കാട്ടിൽ. വെട്ടിത്തെളിച്ചത് സ്വാഭാവിക ജൈവ വനങ്ങളും. മണ്ണിന് അനുയോജ്യമല്ലാത്ത വനങ്ങൾ കാടിന്റെ സ്വഭാവത്തെ മാറ്റി. വനത്തിന്റെ ആവാസ വ്യവസ്ഥ മാറ്റി. വന്യജീവികൾക്ക് ഭക്ഷണമില്ലാതെയായി. അവ നാട്ടിലേക്കിറങ്ങി. വനവിഭവങ്ങളെ ആശ്രയിച്ചു കഴിഞ്ഞ ആദിവാസികൾക്കും ബുദ്ധിമുട്ടായി. 700 ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാട് 24 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഇതു മൂലം കടലാക്രണം കൂടി. മത്സ്യ സമ്പത്ത് കുറഞ്ഞു.

Forest department begins forest restoration project
Image credit: Shutterstock

 

കാവലാണ് കാട് 

Forest department begins forest restoration project
Image credit: Shutterstock

കേരളത്തിന്റെ പരിസ്ഥിതി നില നിർത്തുന്നത് കാടുകളാണ്. ലോകത്തിലെ 8 അതീവ ജൈ വൈവിധ്യ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടം. യുനസ്കോയുടെ ലോക പൈതൃക പട്ടികയിലുണ്ട്. ജലസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഇവ ഉറപ്പാക്കുന്നു. കാർബൺ ശേഖരണത്തിന്റെ പ്രധാന കണ്ണിയാണ് വനങ്ങൾ. 

 

ഇനി തനി കാടൻ കാട്

സ്വാഭാവികത നഷ്ടപ്പെട്ട് ശോഷിച്ച വനങ്ങളെ പഴയ കാടാക്കും. ഇതിനായി യൂക്കാലി, അക്കേഷ്യ, വാറ്റിൽ, മാഞ്ചിയം തുടങ്ങിയ വൃക്ഷങ്ങളെ പടിയിറക്കും. 27000 ഹെക്ടർ സ്വാഭാവിക വനം 2 വർഷം കൊണ്ട് വച്ചു പിടിപ്പിക്കും. തേക്ക് തോട്ടങ്ങളിൽ ഒരു ഭാഗം സ്വാഭാവിക വനമാക്കി മാറ്റും. പരാജയപ്പെട്ട തോട്ടങ്ങൾ, വന്യജീവികളുടെ വഴിത്താരകളിലുള്ള തോട്ടങ്ങൾ എന്നിവയാണ് മാറ്റുന്നത്. ചില തേക്ക് തോട്ടങ്ങളിൽ താമസക്കാരുണ്ട്. അവരുടെ പ്രശ്നങ്ങൾ പഠിച്ച ശേഷമാണ് തീരുമാനം. വിദേശ സസ്യങ്ങളും വിദേശ ജീവികളും കാടിന് പുറത്ത്. ലന്റാന, മൈക്കീനിയ, സെന്ന തുടങ്ങിയ സസ്യങ്ങൾ, ആഫ്രിക്കൻ മുഷി, ആഫ്രിക്കൻ ഒച്ച് തുടങ്ങിയവയെ കാടിന് പുറത്താക്കും. വനത്തിന് പുറത്തേക്ക് മാറാൻ സാധ്യതയുള്ളവരെ പുനരധിവസിപ്പിക്കും. ആദിവാസികളുടെ സഹായത്തോടെ വനവിഭവങ്ങളുടെ ശേഖരണം, ആവയുടെ മൂല്യവർധന എന്നിവ നടപ്പാക്കും. വനമേഖലകളിൽ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും. വനതുരുത്തുകളെ ബന്ധിപ്പിക്കും. ഇത് വന്യജവി ശല്യം കുറയ്ക്കും. 

 

കാട്ടുമരങ്ങൾ കാട്ടിലേക്ക്

കാട്ടു മരങ്ങളായ കാട്ടുനെല്ലി, കാട്ടുമാവ്, കാട്ടുപ്ലാവ് തുടങ്ങിയവ നട്ടു പിടിപ്പിക്കും. വനത്തിന്റെ സ്വാഭാവികത വീണ്ടെടുക്കുന്നതിനാണിത്. വനത്തിനുള്ളിൽ തടയണയും കുളങ്ങളും നിർമിക്കും. കടൽപുഴകൾ തീരം കെട്ടി സംരക്ഷിക്കും. വനത്തിന് വെളിയിൽ വനവൽക്കരണം പ്രൊത്സാഹിപ്പിക്കും.

 

English Summary:  Forest department begins forest restoration project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com