ADVERTISEMENT

ഉറഞ്ഞ ഹിമക്കാറ്റും ശക്തമായ തണുത്ത മഴപ്പെയ്ത്തും അമേരിക്കയുടെ കിഴക്കൻ മേഖലയിൽആഞ്ഞടിക്കാനൊരുങ്ങുന്നെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതെത്തുടർന്ന് വെർജിനീയ, നോർത്ത് കാരലീന, സൗത്ത് കാരലീന സംസ്ഥാനങ്ങളിൽ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വലിയ തോതിൽ വൈദ്യുതി മുടക്കവും ദുർഘടമായ ഗതാഗത സൗകര്യങ്ങളും ഉടലെടുക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മൂന്നുകോടിയോളം ആളുകൾ ഈ വമ്പൻ ഹിമപ്പേമാരിയുടെ ഭീഷണിയിലാണ്.

കാരലൈന സംസ്ഥാനങ്ങളിലെ മൈർട്ടിൽ, വില്ലിങ്ടൻ മേഖലകളിൽ വലിയ ഐസ് നിക്ഷേപം ഉടലെടുക്കുമെന്നാണു വിദഗ്ധർ പറയുന്നത്. ഇഞ്ചുകൾ കനമുള്ള ഐസ് പാളികൾ ഇവിടങ്ങളിൽ മൂടാൻ സാധ്യതയുണ്ടെന്നും നാഷണൽ വെതർ സർവീസ് ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുതിലൈനുകൾക്കും മരങ്ങൾക്കും കനത്ത നാശം വരാൻ സാധ്യത കണക്കാക്കുന്നുണ്ട്. മണിക്കൂറിൽ 60 കിലോമീറ്ററോളം വേഗമുള്ള മഞ്ഞുകാറ്റ് മേഖലയിൽ ആഞ്ഞടിക്കാനും സാധ്യതയുണ്ട്. 

കാരലീനയിലെ സ്കൂളുകൾ അടയ്ക്കുകയും വെർച്വല്‍ ലേണിങ് ഏർപ്പെടുത്തുകയും ചെയ്തു. നോർത്ത് കാരലീനയിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി നാഷനൽ ഗാർഡ് സൈനികരെ രംഗത്തിറക്കിയിട്ടുണ്ട്. കാറപകടങ്ങൾ സംഭവിക്കാതിരിക്കാൻ, ആളുകളോട് അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് അധികൃതർ അഭ്യർഥിച്ചു.‌യുഎസിന്റെ തെക്കുകിഴക്കൻ മേഖലയിൽ വൻ മഞ്ഞുവീഴ്ച ഉണ്ടായതിനു പിന്നാലെയാണ് ഈ സംഭവം. 

ഒന്നരലക്ഷത്തോളം ഉപയോക്താക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതിമുടക്കത്തിന് സംഭവം വഴിവച്ചു. ഹിമം കുന്നുകൂടിയതോടെ കാറപകടങ്ങളും വർധിച്ചു. കഠിനമായ ശീതതരംഗം യുഎസിനെ കഴിഞ്ഞ കുറച്ചുനാളുകളായി ബാധിക്കുന്നുണ്ട്. 2020–2021 കാലയളവിലെ ശൈത്യകാലം രാജ്യത്ത് വൻ നാശനഷ്ടങ്ങൾക്കു വഴിവയ്ക്കുകയും 27.84 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തികനഷ്ടമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ അതിതീവ്രമായ ശീതതരംഗം രാജ്യത്ത് ആഞ്ഞടിച്ചിരുന്നു. 322 ആളുകൾ ഈ ശൈത്യത്തിന്റെ വിവിധ ആഘാതങ്ങൾ മൂലം മരിച്ചു.

English Summary: States of emergency declared in Southeast ahead of winter snowstorm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com