ADVERTISEMENT

ഓസ്ട്രേലിയയിലെ ബീച്ചുകൾക്ക് ഭീഷണിയായി ബ്ലൂബോട്ടിലുകൾ. ആയിരക്കണക്കിന് ബ്ലൂബോട്ടിലുകളാണ് ബീച്ചുകളിൽ ചത്തുതീരത്തടിയുന്നത്. ഇതേ തുടർന്ന് കടലിൽ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പും അധികൃതർ നൽകിക്കഴിഞ്ഞു. ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിലാണ് ബ്ലൂബോട്ടിലുകള്‍ ധാരാളമായി തീരത്തടിയുന്നത്. കനത്ത കാറ്റാണ് ഇവ കൂട്ടത്തോടെ കരയിലേക്കെത്താൻ കാരണമെന്നാണ് നിഗമനം. ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ആഴ്ചകളും മാസങ്ങളും വരെ നിലനിൽക്കാനാകും. അതിനാൽത്തന്നെ ചത്തു തീരത്തടിഞ്ഞ ബ്ലൂ ബോട്ടിലുകളെപ്പോലും തൊടരുതെന്നാണ് മുന്നറിയിപ്പ്. ഇവയ്ക്കു പോലും കുത്താനുള്ള ശേഷിയുണ്ട്!

ജെല്ലിഫിഷ് എന്നാണ് വിളിക്കുന്നതെങ്കിലും അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പറ്റാത്ത കടൽജീവികളാണ് ബ്ലൂ ബോട്ടിലുകൾ. പോർചുഗീസ് മാൻ ഓഫ് വാർ എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. പണ്ടുകാലത്ത് ഇതേ പേരിലുണ്ടായിരുന്ന യുദ്ധക്കപ്പലുകളിൽ നിന്നാണ് ഇവയ്ക്കും ഈ പേര് ലഭിച്ചത്. ആ കപ്പൽ പായ് നിവർത്തിക്കഴിഞ്ഞാൽ ഈ ജെല്ലിഫിഷുകളുടെ അതേ ആകൃതിയായിരുന്നു. ബ്ലൂ ബോട്ടിലുകളിൽത്തന്നെ രണ്ട് തരക്കാരുണ്ട്–അറ്റ്‌ലാന്റിക് പോർചുഗീസ് മാൻ ഓഫ് വാറും (ഫിസാലിയ ഫിസാലിസ്–Physalia physalis) ഇൻഡോ–പസഫിക് (ഫിസാലിയ യുട്രിക്കുലസ്– Physalia utriculus) വിഭാഗക്കാരും. അറ്റ്ലാന്റിക് സമുദ്രത്തിലും പസഫിക്– ഇന്ത്യൻ മഹാസമുദ്രങ്ങളിലും കാണപ്പെടുന്നവയാണ് ആദ്യ വിഭാഗക്കാർ. പക്ഷേ ഇൻഡോ–പസഫിക് ബ്ലൂ ബോട്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിലും പസിഫിക് സമുദ്രത്തിലും മാത്രമാണ് കാണപ്പെടുന്നത്. 

അറ്റ്ലാന്റിക്കിൽ കാണുന്നവയെപ്പോലെ കുത്തിക്കൊല്ലുന്ന തരം ഭീകരന്മാരല്ല ഇവ. കുത്തേറ്റാൽ കൃത്യമായ പ്രാഥമിക ചികിത്സ കൊണ്ടുതന്നെ രക്ഷപ്പെടാം. അതേ സമയം ഏതെങ്കിലും വിധത്തിലുള്ള അലർജിയോ ഹൃദയസംബന്ധിയായ രോഗങ്ങളോ ഉള്ളവർക്കാണ് കുത്തേറ്റതെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കാം. കണക്കുകൾ നോക്കിയാൽ ഇൻഡോ–പസഫിക് പോർചുഗീസ് മാൻ ഓഫ് വാറിന്റെ കുത്തേറ്റുള്ള മരണം രാജ്യാന്തര തലത്തിൽ തന്നെ വളരെ കുറവുമാണ്. 

ഒരൊറ്റ ജീവിയല്ല ഇവ

വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന വായു നിറച്ച ബലൂൺ പോലുള്ള ഒരു അറയും അതിനു താഴെ തൂങ്ങിയാടുന്ന നൂലു പോലുള്ള ടെന്റക്കിളുകളും ചേർന്നതാണ് ഇവയുടെ ശരീരം. ഒരൊറ്റ ജീവിയല്ല ഇവയെന്നതാണു സത്യം. ടെന്റക്കിളുകളെപ്പോലെ ആകൃതിയുള്ള ‘പോളിപ്സ്’ എന്ന ഒരുകൂട്ടം ജീവികള്‍ ‘ബലൂണിനു’ താഴെ കൂടിച്ചേർന്ന് കോളനിയായി ഒരൊറ്റ ജീവിയെപ്പോലെ ജീവിക്കുന്നതു കൊണ്ടാണ് ജെല്ലിഫിഷുകളെന്ന് ഇവയെ വിളിക്കാൻ ഗവേഷകർ മടിക്കുന്നത്. ജെല്ലിഫിഷ് എന്നാൽ ഒരൊറ്റ ജീവിയാണല്ലോ! പക്ഷേ പലതരക്കാരാണെങ്കിലും ഒരൊറ്റ ‘യൂണിറ്റ്’ ആയി നിന്ന് ഇരതേടുകയാണ് ഇവയുടെ സ്വഭാവം. അതായത് ഇരതേടുന്ന കാര്യത്തിൽ അവയുടെ സ്വഭാവം ശരീരകോശങ്ങളും കലകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഏതൊരു ജലജീവിയെയും പോലെത്തന്നെയാണ്. 

terrorising-us-bluebottles-wash-up-on-australian-beaches-in-gobsmacking-numbers1
Image Credit: Shutterstock

സ്വന്തമായി ചലിക്കാനുള്ള ശേഷി ഇവയ്ക്കില്ല. അതിനാൽത്തന്നെ ഉൾക്കടലിൽ നിന്ന് കാറ്റിലും വേലിയേറ്റത്തിലുമെല്ലാം പെട്ടാണ് ഇവ ‘ബലൂണുകളുടെ’ സഹായത്തോടെ ഒഴുകി തീരത്തേക്കെത്തുന്നത്. മൺസൂൺ കാലത്ത് ബീച്ചുകളിൽ ഇവയെ കാണപ്പെടുന്നതും അതുകൊണ്ടാണ്. അറ്റ്ലാന്റിക്കിൽ കാണപ്പെടുന്നവയുടെ ‘വായു അറയ്ക്ക്’ 12 ഇ‍ഞ്ച് വരെ വലുപ്പമുണ്ടാകും. ഇൻഡോ–പസഫിക്കിനാകട്ടെ ആറിഞ്ചു വരെയും. ഇരുവിഭാഗം ബ്ലൂബോട്ടിലുകളും കൂട്ടത്തോടെയാണു സഞ്ചരിക്കുക.

ബ്ലൂ ബോട്ടിലുകളുടെ ശരീര ഘടന ഇങ്ങനെയാണ്: വായു നിറഞ്ഞ ഒരു തരം ‘പോളിപ്’ ആണ് വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുക. ഗാസ്ട്രോസൂയിഡുകൾ, ഗോണോസൂയിഡുകൾ, ഡക്ടിലോസൂയിഡുകൾ എന്നീ തരം പോളിപുകളാണ് ‘ബലൂണിനു’ താഴെയുണ്ടാകുക. വെള്ളത്തിലെ ഇരകളെ കണ്ടെത്തി അവയെ ആക്രമിക്കേണ്ട ചുമതല  ഡക്ടിലോസൂയിഡിനാണ്. അറ്റത്ത് വിഷം നിറഞ്ഞ, നീളത്തിലുള്ള ഒരൊറ്റ ടെന്റക്കിൾ (cnidocytes) ആണ് ഇരയെ കുത്തിക്കൊല്ലാൻ സഹായിക്കുന്നത്.  ശേഷം അവയെ ഗാസ്ട്രോസൂയിഡുകൾക്ക് എത്തിച്ചുകൊടുക്കും. അവയാണ് ബ്ലൂബോട്ടിലുകളും വായും ദഹനത്തിനു സഹായിക്കുന്നതുമായ പോളിപുകൾ. പ്രത്യുൽപാദനത്തിന് ഉപയോഗിക്കുന്നതാണ് (മുട്ടയിടാനും ബീജത്തെ പുറംതള്ളാനും) ഗോണോസൂയിഡുകൾ.

കുത്തേറ്റാൽ ചെയ്യേണ്ടത്?

കാറ്റിലും മറ്റും പെട്ട് കൂട്ടം തെറ്റുന്ന ബ്ലൂ ബോട്ടിലുകളാണ് പലപ്പോഴും ബീച്ചുകളിൽ എത്തിപ്പെടുന്നത്. ഓസ്ട്രേലിയൻ ബീച്ചുകളിലെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് യുട്രിക്കുലസുകൾ. ഇവിടെ ഇവയുടെ വിഷം നിറഞ്ഞ ‍ടെന്റക്കിളിന് ഏതാനും സെന്റിമീറ്റർ മുതൽ മീറ്ററു കണക്കിന് നീളം വരെ കണ്ടെത്തിയിട്ടുണ്ട്. അറ്റ്ലാന്റിക്കുകളുടെയത്ര ദോഷകരമല്ലെങ്കിലും കുത്തേറ്റാൽ ഒരു മണിക്കൂറിലേറെ വേദനയുണ്ടാകും. കൈകളിലെയും കാലുകളിലെയും ‘ലിംഫ്’ ഗ്രന്ഥികളെയാണ് വിഷം ബാധിക്കുക.

കുത്തേറ്റാലുടൻ ശരീരത്തിന് പരമാവധി താങ്ങാവുന്നിടത്തോളം ചൂടിലുള്ള വെള്ളം കൊണ്ട് മുറിവു കഴുകണം. സോഡയോ നാരങ്ങാനീരോ ഉപ്പുവെള്ളമോ ഒരുകാരണവശാലും മുറിവിൽ പ്രയോഗിക്കരുത്. പകരം മുറിവിൽ വിനാഗരി ഉപയോഗിച്ച് തുടർച്ചയായി തുടയ്ക്കുകയോ സ്പ്രേ ചെയ്യുകയോ വേണം. ഐസ് കഷ്ണങ്ങൾ മുറിവിൽ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. നെഞ്ചുവേദനയോ ശ്വാസം മുട്ടലോ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ആശുപത്രിയിലെത്തിക്കണം. ഇവിടുത്തെ ആശുപത്രികളിലെല്ലാം ബ്ലൂ ബോട്ടിലുകളുടെ ആക്രമണത്തിനെതിരെയുള്ള ശുശ്രൂഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

English Summary: Terrorising us’: bluebottles wash up on Australian beaches in ‘gobsmacking numbers’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com