ADVERTISEMENT

കടുവാക്കൂടുമായി ബന്ധിപ്പിച്ച് ഹോട്ടൽമുറി പണിയാനുള്ള ചൈനീസ് ഹോട്ടലിന്റെ പദ്ധതി വിലക്കി ചൈനീസ് സർക്കാർ. മൃഗസംരക്ഷണ പ്രവർത്തകർ ലോകവ്യാപകമായി പ്രതിഷേധമുയർത്തിയതോടെയാണു പദ്ധതിക്ക് തടയിടാൻ ചൈനീസ് അധികൃതർ തയാറായത്.

ചൈനയിലെ നാങ്ടോങ് സഫാരി പാർക്ക് വനമേഖലയിൽ സ്ഥിതി ചെയ്യുന്ന സെൻഡി ട്രൈബ് ട്രീഹൗസ് വേൾഡ് എന്ന ടൂറിസ്റ്റ് ഹോട്ടലാണ് വിവാദമുയർത്തിയ പദ്ധതിയുമായി വന്നത്. പദ്ധതി പ്രകാരം പണികഴിപ്പിച്ച ഹോട്ടലിലെ മുറിക്കപ്പുറം ഒരു കടുവാക്കൂടാണ്. മുറിയുടെ ഒരു ഭിത്തിയിൽ സ്ഥാപിച്ച വലിയ ഗ്ലാസ് സ്ക്രീനിലൂടെ പൂർണ വളർച്ചയെത്തിയ ഒരു വെള്ളക്കടുവയെ താമസക്കാർക്ക് കണ്ടുകൊണ്ടിരിക്കാം. 

 

ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഉപയോഗിച്ചു നിർമിച്ച ശക്തമായ ഗ്ലാസ് ആയതിനാൽ സ്ക്രീൻ തകർത്ത് കടുവ മുറിക്കുള്ളിൽ വരില്ലെന്നും ഹോട്ടൽ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പദ്ധതിക്കെതിരെ പ്രതിഷേധവും സമൂഹമാധ്യമ ക്യാംപെയ്നും ശക്തമായിരുന്നു. ഇതെത്തുടർന്ന് ചൈനീസ് അധികൃതർ പദ്ധതി സമഗ്രമായി വിലയിരുത്തി. ബുള്ളറ്റ്പ്രൂഫ് ഗ്ലാസുകൾ താമസക്കാർക്ക് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും ഇവ തകർക്കാൻ ശ്രമിച്ച് കടുവയ്ക്കു പരുക്കുപറ്റാമെന്നും ഇതു മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയാകുമെന്നും അധികൃതർ കണ്ടെത്തി. സ്ക്രീൻ സൗണ്ട്പ്രൂഫാണോയെന്നും സംശയമുണ്ട്. മുറിയിൽ നിന്നുള്ള ശബ്ദങ്ങൾ ഏകാന്തജീവികളായ കടുവകളെ ശല്യപ്പെടുത്താനും അതിന്റെ മാനസികാരോഗ്യത്തെ ബാധിക്കാനും ഇടവരുത്തിയേക്കാം.

 

ഇരുപതിനായിരത്തിലധികം വന്യജീവികൾ വസിക്കുന്ന മൃഗസംരക്ഷണ കേന്ദ്രമാണ് നാങ്ടോങ് ഫോറസ്റ്റ് സഫാരി പാർക്ക്. ജിറാഫുകൾ, സിംഹങ്ങൾ, സീബ്രകൾ എന്നീ ജീവികളെ കാണാൻ പറ്റുന്ന രീതിയിലുള്ള മുറികൾ സെൻഡി ട്രൈബ് ട്രീഹൗസ് വേൾഡ് , നേരത്തെ ഒരുക്കിയിരുന്നു. 2022 കടുവകളുടെ വർഷമായാണു ചൈന ആചരിക്കുന്നത്. ഇതു മുതലെടുത്തു പണമുണ്ടാക്കാനാണ് ഹോട്ടൽ അധികൃതരുടെ ശ്രമമെന്നായിരുന്നു ഹോട്ടലിനെതിരെയുള്ള പ്രധാന ആരോപണം.

 

തെക്കൻ ചൈനയിലാണു പ്രധാനമായും കടുവകൾ കണ്ടുവരുന്നത്. സൗത്ത് ചൈന ടൈഗർ എന്ന കടുവകളുടെ ഉപവിഭാഗത്തിൽ പെട്ടവയാണ് ഇവ. ചൈനയുടെ ഫ്യൂജിയാൻ, ഗ്വാങ്ഡോങ്, ഹുനാൻ, ജാങ്ക്സി പ്രവിശ്യകളിലാണ് പ്രധാനമായും ഇവ കണ്ടുവരുന്നത്. കടുത്ത വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളായാണ് ഇവ തരംതിരിക്കപ്പെട്ടിരിക്കുന്നത്. സംരക്ഷണ കേന്ദ്രങ്ങളിലല്ലാതെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ ഇവയുടെ സാന്നിധ്യം തീർത്തും ഇല്ലെന്നു തന്നെ പറയാമെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.

 

English Summary: Chinese hotel offering rooms looking directly into a tiger enclosure condemned as cruel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com