ആറാം കൂട്ട വംശനാശം ആരംഭിച്ചു, ജീവിവര്‍ഗങ്ങൾ ഇല്ലാതാകും; മുന്നറിയിപ്പുമായി ഗവേഷകർ!

The 6th Mass Extinction Really Has Begun, Scientists Warn in Newly Published Study
Image Credit: Shutterstock
SHARE

ഭൂമിയുടെ ഇന്നോളമുള്ള ചരിത്രത്തില്‍ അഞ്ച് കൂട്ട വംശനാശങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എല്ലാം തന്നെ അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന വലിയൊരു വിഭാഗം ജീവിവര്‍ഗങ്ങളെയും ഭൂമിയില്‍ നിന്ന് തുടച്ച് മാറ്റിയ പ്രതിഭാസങ്ങളാണ്. ഭൂമിയുടെ ജൈവവ്യവസ്ഥയെ സംബന്ധിച്ച് ദുരന്തങ്ങള്‍ എന്നു വിശേഷിപ്പിക്കാന്‍ പോന്നവ. ഈ കൂട്ടവംശനാശങ്ങളെല്ലാം ഭൂമിയില്‍ വ്യാപകമായ ആഘാതം സൃഷ്ടിച്ച പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ചിലത് ഭൗമോപരിതലത്തില്‍ തന്നെയുണ്ടായ പ്രതിഭാസങ്ങള്‍ ആണെങ്കില്‍ ചിലത് ഉല്‍ക്കകളുടെ പതനം പോലുള്ള ഭൂമിക്ക് പുറത്തു നിന്നുള്ള പ്രതിഭാസങ്ങളാണ്.

ഇപ്പോള്‍ ഈ അഞ്ചെണ്ണത്തിന് സമാനമായ അളവില്‍ നാശം വിതക്കാന്‍ സാധ്യതയുള്ള ലോകത്തിലെ ആറാമത്തെ കൂട്ട വംശനാശം ആരംഭിച്ചു എന്നാണ് ഗവേഷകര്‍ ഏറ്റവും പുതിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നത്. ഇതിന്‍റെ തെളിവ് ചുറ്റും നോക്കിയാല്‍ തന്നെ കാണാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. പതിറ്റാണ്ടുകളായി തന്നെ ഭൂമിയിലെ ജൈവവൈിധ്യത്തില്‍ കണ്ടു തുടങ്ങിയിരിക്കുന്ന കുറവ് ഈ കൂട്ടവംശനാശത്തിലേക്കുള്ള ചവിട്ടു പടിയായി ഗവേഷകര്‍ വിലയിരുത്തുന്നു. 

കണ്ണടച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തെളിവുകള്‍

പ്രകൃതിയിലേക്ക് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തന്നെ അവിടെയുണ്ടായിട്ടുള്ള ജൈവവൈവിധ്യത്തിന്‍റെ കുറവ് ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്. സൂക്ഷ്മജീവികള്‍ മുതല്‍ വലിയ മൃഗങ്ങള്‍ വരെയുള്ള ജീവിസമൂഹത്തില്‍ ഈ മാറ്റം ദൃശ്യമാണ്. എന്നാല്‍ ഈ യാഥാർഥ്യം അംഗീകരിക്കാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഇപ്പോള്‍ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളില്‍ ഇരിക്കുവര്‍ ചെയ്യുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഹവായ് സര്‍വകലാശാലയിലെ ജൈശാസ്ത്രജ്ഞനായ റോബര്‍ട്ട് കോവി മറ്റൊരു കൂട്ടവംശനാസം ആരംഭിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന പഠനം പ്രസിദ്ധീകരിച്ചവരില്‍ ഒരാളാണ്. മൃഗങ്ങളുടേയും സസ്യങ്ങളുടെയും അപ്രത്യക്ഷമാകുന്ന തോതിൽ കുത്തനെയുള്ള വർധനവ് കണക്കുകളില്‍ തന്നെ വ്യക്തമാണെന്ന് റോബര്‍ട്ട് കോവി പറയുന്നു. ഈ വാദത്തെ തള്ളിക്കളയുന്നവര്‍ കണക്കുകളെ പരിഗണിക്കുക പോലും ചെയ്യാത്തവരാണെന്ന് റോബര്‍ട്ട് കോവി കുറ്റപ്പെടുത്തുന്നു. 

റോബര്‍ട്ട് കോവി ഉള്‍പ്പെടുന്ന ഗവേഷക സംഘം നടത്തിയ പുതിയ പഠനം പ്രധാനമായും കൂട്ട വംശനാശത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് നട്ടെല്ലില്ലാത്ത ചെറു ജീവി വിഭാഗങ്ങളെയാണ്. ജൈവവൈവിധ്യം ഇപ്പോഴും സുരക്ഷിതമാണെന്ന് വാദിക്കുന്നവര്‍ കൂട്ടുപിടിക്കുന്നത് നട്ടെല്ലുള്ള ജീവി വര്‍ഗങ്ങളെയാണ്. എന്നാല്‍ ചെറു ജീവികളില്‍ ആരംഭിക്കുന്ന ഈ വംശനാശം വൈകാതെ ഈ ജീവികളെ ആശ്രയിക്കുന്ന വലിയ ജീവികളിലേക്കുമെത്തുമെന്നും ഈ ഗവേഷകര്‍ വിവരിക്കുന്നു. ലോകവംശനാശ ഭീഷണിയുടെ തോത് കാണിക്കുന്ന ഐയുസിഎന്‍ റെഡ് ലിസ്റ്റ് പോലും വലിയ മൃഗങ്ങളെ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ കൂട്ടവംശനാശത്തിന്‍റെ ആരംഭം തിരിച്ചറിയാതെ പോകുന്നതെന്നും ഇവര്‍ പറയുന്നു. 

ഈ ഗവേഷക സംഘത്തിന്‍റെ കണക്കുകള്‍ പ്രകാരം 1500 AD മുതലുള്ള കണക്കെടുത്താല്‍ ഭൂമിയിലെ ഏതാണ്ട് 7.5 മുതല്‍ 13 ശതമാനെ വരെയുള്ള സസ്യ ജീവിജാലങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഏതാണ്ട് 2 മില്യണ്‍ സസ്യജീവി വിഭാഗങ്ങളാണ് ഈ ശതമാനത്തിലുണ്ടാവുകയെന്നും ഇവര്‍ പറയുന്നു. ഈ കണക്കുകള്‍ തന്നെ ഐയുസിഎന്‍ പോലുള്ള ഏജന്‍സികള്‍ പങ്കുവയ്ക്കുന്ന കണക്കിന്‍റെ പൊള്ളത്തരം തുറന്ന് കാട്ടുന്നുണ്ടെന്നും ഈ ഗവേഷക സംഘം പറയുന്നു. ഭൂമിയുടെ ചരിത്രം തന്നെ പരിശോധിച്ചാല്‍ ജൈവൈവിധ്യം നിലനിര്‍ത്തുന്നതില്‍ നട്ടെല്ലില്ലാത്ത ചെറു ജീവികള്‍ക്കുള്ള പങ്ക് തിരിച്ചറിയാനാകും. എന്നിട്ടും ഈ വംശനാശ തോത് പഠിക്കുമ്പോള്‍ അവയെ മാറ്റി നിര്‍ത്തുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്നും ഇവര്‍ ആശ്ചര്യപ്പെടുന്നു.

മനുഷ്യന്‍റെ പ്രകൃതി സംരക്ഷണത്തിലെ പൊള്ളത്തരം

പ്രകൃതിയേയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നു എന്ന പേരില്‍ മനുഷ്യര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പൊള്ളത്തരമാണ് ആഴത്തിലുള്ള പഠനത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞത്.  ഇപ്പോള്‍ ഭൗമോപരിതരത്തിലുള്ള നട്ടെല്ലില്ലാത്ത ജീവികളുടെ വംശനാശ തോത് മുന്‍പെങ്ങുമില്ലാത്ത വിധം ബാധിച്ചിരിക്കുകയാണ്. ഇത് വൈകാതെ പക്ഷികളുടെയും ചെറു ജീവികളുടെയും നിലനില്‍പിനെ ബാധിച്ചു തുടങ്ങും. ക്രമേണ ഇത് ഭക്ഷ്യശൃംഖലയിലേക്ക് പടിപടിയായി മുകളിലേക്കു കയറി മറ്റ് വലിയ മൃഗങ്ങളെയും ബാധിക്കുമെന്ന് പഠനം പറയുന്നു.

ഇനി എത്ര ശ്രമിച്ചാലും വലിയൊരു വിഭാഗം ജീവികളെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയില്ലെന്നും ഈ പഠനം വാദിക്കുന്നു. വംശനാശം സംഭവിച്ച ജീവികളെ മ്യൂസിയത്തില്‍ വച്ച് പഠിക്കാനും പുനര്‍നിർമിക്കാനും ശ്രമം നടത്തുന്ന ഗവേഷകര്‍ ഇപ്പോള്‍ ചെയ്യേണ്ടത് വംശനാശത്തിന്‍റെ വക്കിലേക്കെത്തി നില്‍ക്കുന്ന മറ്റ് ജീവികളെ സംരക്ഷിക്കാനുള്ള ശ്രമത്തെക്കുറിച്ച് ആലോചിക്കുകയാണ് വേണ്ടതെന്നും ഈ പ്രബന്ധം അഭിപ്രായപ്പെടുന്നുണ്ട്. ഇനിയും താമസിച്ചാല്‍ പ്രകൃതിയുടെ നേരിട്ടുള്ള ഇടപെടല്‍ മൂലമല്ലാതെ മനുഷ്യനിർമിതമായ ആ കൂട്ടവംശനാശം നേരിട്ട് കാണേണ്ടി വരുമെന്നും അതിന്‍റെ ദുരിതം അനുഭവിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പും ഈ ഗവേഷക സംഘം നല്‍കുന്നുണ്ട്. 

English Summary: The 6th Mass Extinction Really Has Begun, Scientists Warn in Newly Published Study

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA