ADVERTISEMENT

അഗ്നിപർവത തടാകത്തിൽ ജീവിക്കുന്ന ബാക്ടീരിയ ചൊവ്വയിൽ ഒരു കാലത്ത് ജീവൻ നിലനിന്നിരുന്നെങ്കിൽ അതെക്കുറിച്ച് വിവരങ്ങൾ നൽകുമോ? നൽകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു ശാസ്ത്രജ്ഞർ. തെക്കൻ അമേരിക്കൻ രാജ്യം കോസ്റ്റ റിക്കയിലെ പോസ് അഗ്നിപർവതത്തിനു സമീപമുള്ള തടാകത്തിൽ ജീവിക്കുന്ന സൂക്ഷ്മജീവികളാണു ചൊവ്വയിലെ ജീവനിലേക്കു വിരൽചൂണ്ടുന്നത്. അതീവ കഠിനമായ സാഹചര്യങ്ങൾ അതിജീവിക്കാൻ ശേഷിയുള്ള എക്സ്ട്രീമോഫൈൽ വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണു പോസ് അഗ്നിപർവത തടാകത്തിലുള്ളത്. ദിനംപ്രതി അതീവ വിഷാംശമുള്ള കെമിക്കലുകളും അമ്ലാംശം ഒരുപാട് അടങ്ങിയ വെള്ളവും നിറയുന്ന തടാകമാണു പോസ്. 

 

പലപ്പോഴും 100 ഡിഗ്രിക്കുമേലാണു തടാകത്തിലെ വെള്ളത്തിന്റെ താപനില.സാധാരണ ജലത്തിലുള്ളതിന്റെ ദശലക്ഷക്കണക്കിന് മടങ്ങ് അമ്ലാംശം തടാകത്തിലെ ജലത്തിനുണ്ട്. നീരാവി, ചാരം, പാറക്കഷ്ണങ്ങൾ എന്നിവ തടാകത്തിലേക്കു വന്നു വീഴാനുള്ള സാധ്യതയും എപ്പോഴുമുണ്ട്. സമുദ്രനിരത്തിൽ നിന്ന് 7500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം 984 അടി വീതിയുള്ളതും നൂറടിയോളം താഴ്ചയുള്ളതുമാണ്.  യുഎസ് സർവകലാശാലയായ കോളറാഡോ ബൗൾഡറിൽ നിന്നുള്ള ശാസ്ത്രജ്ഞരാണു പോസ് തടാകത്തിലെ സൂക്ഷ്മജീവികളെക്കുറിച്ച് ഗവേഷണപഠനം നടത്തുന്നത്. സൾഫർ, ഇരുമ്പ്, ആഴ്സനിക് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ച് പോലും ഊർജം ഉത്പാദിപ്പിക്കാൻ സൂക്ഷ്മജീവികൾക്കുകഴിയും. ചൊവ്വയിൽ ആദിമകാലത്തുണ്ടായിരുന്ന അതേ പരിതസ്ഥിതികളാണ് ഇവിടെ നിലനിൽക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

കടുത്ത താപനില, സമ്മർദ്ദം എന്നിവയെ അതിജീവിക്കാൻ കഴിയുന്ന എക്സ്ട്രീമോഫൈൽ ബാക്ടീരിയകളിൽ എക്സ്ട്രീമോസൈം എന്ന സവിശേഷ എൻസൈമിന്റെ സാന്നിധ്യമുണ്ട്. സാഹചര്യങ്ങളോട് ഇണങ്ങാനും മറികടക്കാനും ഈ എൻസൈമുകൾ ഇവയെ സഹായിക്കുന്നു. ചൊവ്വയിൽ ആദ്യകാലത്ത് ദ്രാവകരൂപത്തിൽ ജലമുണ്ടായിരുന്നപ്പോൾ ഇതുപോലെയുള്ള തടാകങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്നു ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. അന്ന് ജീവൻ നിലനിന്നിരുന്നെങ്കിൽ ഇതുപോലെ എക്സ്ട്രീമോഫൈൽ വിഭാഗത്തിലുള്ള സൂക്ഷ്മജീവികളാകാം ചൊവ്വയിൽ ഉണ്ടായിരുന്നത്.

 

ചൊവ്വയിൽ മനുഷ്യക്കോളനി സ്ഥാപിക്കാൻ പല രാജ്യങ്ങളും സ്ഥാപനങ്ങളും വിദൂരലക്ഷ്യം കാണുകയും അതിനായുള്ള പദ്ധതികൾ തയാറാക്കുകയും ചെയ്യുന്ന വേളയാണിത്. എന്നാൽ, ഗ്രഹത്തിന്റെ പ്രാചീനകാലത്തെ ജീവനിലും വലിയ ഗവേഷണം നടക്കുന്നുണ്ട്. നാസ കഴിഞ്ഞവർഷം ചൊവ്വയിലേക്കു വിട്ട പെഴ്സിവീയറൻസ് റോവർ ഇത്തരത്തിലൊരു ശ്രമമായിരുന്നു. പഴയകാലത്ത് തടാകം സ്ഥിതി ചെയ്ത ജെസീറോ എന്ന ഗർത്തമേഖലയിലാണ് റോവർ പര്യവേക്ഷണം നടത്തുന്നത്. ചൊവ്വയിലെ ആദിമകാലത്തെ ജീവന്റെ അടയാളങ്ങളെന്തെങ്കിലും മണ്ണിൽ നിന്നെടുക്കുന്ന സാംപിളുകളുടെ പരിശോധനയിൽ നിന്ന്  ലഭിക്കുമെന്ന പ്രതീക്ഷയിലാണു നാസയും ശാസ്ത്രലോകവും.

 

English Siummary: This Extremely Toxic Lake Could Show Us How Life May Have Survived on Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com