ADVERTISEMENT

സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് അഥവാ ലോകാവസാന നിലവറ സ്ഥിതി ചെയ്യുന്നത് ആര്‍ട്ടിക്കിനോട് ചേര്‍ന്നുള്ള ഭൂപ്രദേശത്താണ്. ലോകത്തെ ഭക്ഷ്യയോഗ്യമായ എല്ലാ സസ്യവിഭാഗങ്ങളുടെയും വിത്തുകള്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിലവറ ആരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള വലിയ പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ മനുഷ്യരാശിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇത്തരം ഒരു നിലവറ. അത്യപൂര്‍വമായ വിത്തിനങ്ങള്‍ വിവിധ മേഖലകളില്‍ നിന്നായി ശേഖരിച്ചാണ് ഈ നിലവറയിലേക്കെത്തിക്കുന്നത്. ഇപ്പോള്‍ ഇത്തരത്തില്‍ പെട്ട ചില പുതിയ വിത്തിനങ്ങള്‍ക്ക് സ്ഥാനം നല്‍കുന്നതിനായി ലോകാവസാന നിലവറ ഈ ആഴ്ച വീണ്ടും തുറക്കും.

സുഡാന്‍, യുഗാണ്ട, ജര്‍മനി, ന്യൂസീലന്‍ഡ്, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിത്തുകളാണ് ഈ പുതിയ അംഗങ്ങള്‍. ഇതേ രാജ്യങ്ങളില്‍ തന്നെ സുലഭമായി ലഭിക്കുന്ന വിത്തിനങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ നിലവറയിലേക്കെത്തിച്ചിരുന്നു. പ്രാദേശിക ഗോത്രവര്‍ഗങ്ങളും മറ്റും ഉപയോഗിക്കുന്ന അത്ര സുലഭമല്ലാത്ത വിത്തിനങ്ങളാണ് ഇപ്പോള്‍ വിവിധ മേഖലകളില്‍ നിന്നായി ശേഖരിക്കുന്നത്. ഉദാഹരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഛത്തീസ്ഗഡിലെ ആദിവാസികള്‍ ഉപയോഗിക്കുന്ന പ്രത്യേക നെല്ലിനത്തിന്‍റെ വിത്തും ഈ ലോകവസാന നിലവറയിലേക്കെത്തിച്ചിരുന്നു.

ധാന്യ നിലവറ

ഇതുരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് ഒരു കോടി 10 ലക്ഷത്തോളം വിത്തുകള്‍ ഈ ലോകാവസാന നിലവറയിലുണ്ട്. ആറായിരത്തിലധികം വരുന്ന സസ്യവിഭാഗങ്ങളില്‍ പെട്ടതാണ് ഈ വിത്തുകള്‍. ഈ വിത്തുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി തന്നെയാണ് തണുത്തുറഞ്ഞ സ്വാൽബാഡ് മേഖലയില്‍ തന്നെ നിലവറ സ്ഥാപിച്ചത്. വര്‍ഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് പുതിയ വിത്തുകള്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ഈ നിലവറ തുറക്കുക. ലോകാവസാന നിലവറ എന്ന പേരുണ്ടെങ്കിലും ലോകാവസാനം സംഭവിച്ചാല്‍ ഉപയോഗിക്കുക എന്നതല്ല ഈ നിലവറയുടെ ആത്യന്തിക ലക്ഷ്യം. മറിച്ച്, ഭാവിയിലും ഇപ്പോള്‍ ഉപയോഗിക്കുന്ന ഭക്ഷ്യസസ്യവിഭാഗങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയെന്നതാണ് ഈ നിലവറയുടെ പ്രധാന ഉദ്ദേശം.

ഗോതമ്പിന്‍റെ വ്യത്യസ്ത ഇനങ്ങളാണ് ഇപ്പോള്‍ പുതിയതായി എത്തിക്കാന്‍ പോകുന്ന ശേഖരത്തിലുള്ളത്. ഗോതമ്പിന്‍റെയും മറ്റും പരമാവധി ഇനങ്ങള്‍ നിലവറയില്‍ എത്തിക്കുകയെന്നത് വളരെ നിര്‍ണായകമാണ്. കാരണം  ഗോതമ്പ്, അരി, ചോളം എന്നിവയാണ് ഇന്നും ലോകത്തെ മനുഷ്യരുടെ ആഹാര ആവശ്യങ്ങളില്‍ 40 ശതമാനവും പൂര്‍ത്തീകരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകാവസാന നിലവറയിലുള്ള വിത്തുകളിലും സമാനമായ അളവില്‍ ഈ ധാന്യങ്ങളുടെ ശേഖരമുണ്ട്.

കാലാവസ്ഥാ വ്യതിയാനമോ, ആഗോളതാപനമോ പോലുള്ള വലിയ ആഗോള ദുരന്തങ്ങള്‍ മാത്രം കണക്കിലെടുത്തല്ല ഈ ശേഖരണം. പ്രദേശീകമായ പ്രകൃതി ദുരന്തങ്ങള്‍ മുതല്‍ മനുഷ്യനിര്‍മിതമായ കാട്ടുതീയും, യുദ്ധങ്ങളും, മറ്റ് വിളകളുടെ വ്യാപനവും വരെ ഇത്തരത്തിലുള്ള വിത്തുകളുടെ വംശനാശത്തിന് കാരണമായേക്കാം. അങ്ങനെയുണ്ടായാല്‍ ഒരു കരുതല്‍ ശേഖരം എന്ന നിലയില്‍ വീണ്ടും അതേ മേഖലയിലേക്ക് ഈ ചെടികളെ തിരികെയെത്തിക്കുക എന്നതുകൂടി ഈ ശേഖരണത്തിനു പിന്നിലെ ലക്ഷ്യമാണ്. 

ചന്ദ്രനിലെ വിത്തു നിലവറ

ആര്‍ട്ടിക്കിനോട് ചേര്‍ന്നുള്ള സ്വീഡിഷ് മേഖലയായ സ്വാൽബാർഡിലാണ് ലോകാവസാന നിലവറയുള്ളത്. എപ്പോഴും മഞ്ഞു മൂടി കിടന്നിരുന്ന മേഖലയില്‍ പക്ഷേ ഇപ്പോള്‍ ആഗോളതാപനം ചില മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആഗോളതാപനം രൂക്ഷമാകുന്നതോടെ ഈ വിത്തുനിലവറിയിലേക്ക് വെള്ളം കയറി വെള്ളപ്പൊക്കമുണ്ടായേക്കാമെന്ന തരത്തിലുള്ള കണക്കു കൂട്ടലുകള്‍ പോലും ഗവേകര്‍ക്കുണ്ട്. ഈ നൂറ്റാണ്ടിന്‍റെ പകുതിയോടെ കാലാവസ്ഥാ വ്യതിയാനം എല്ലാ നിയന്ത്രണവും ലംഘിച്ച് നാശം വിതയ്ക്കുമ്പോഴാണ് ഇത്തരം സാധ്യതകള്‍ ഉടലെടുക്കുക.

അങ്ങനെ സംഭവിക്കും മുന്‍പ് ഈ വിത്തുകള്‍ പുതിയ മേഖലയിലേക്ക് സുരക്ഷിതമായി മാറ്റേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ വേനല്‍ക്കാലത്ത് പൂര്‍ണമായി മഞ്ഞു മറയുന്നതിന്‍റെ വക്കില്‍ നില്‍ക്കുന്ന ആര്‍ട്ടിക്കോ, എന്തിന് അന്‍റാര്‍ട്ടിക്കോ പോലും സുരക്ഷിതമായ കണക്കാക്കാന്‍ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ചന്ദ്രനിലേക്ക് ഈ വിത്തുകളുടെ നിലവറ മാറ്റുന്നതിനെ കുറിച്ച് ചില ഗവേഷരെങ്കിലും ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് പൂര്‍ണമായി അപ്രാപ്യമാണെന്ന് കരുതാന്‍ കഴിയില്ല താനും.

English Summary: The Doomsday Vault Is Opening Its Doors For Some VIP Seeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com