ADVERTISEMENT

കീവിലേക്കുള്ള 65 കിലോമീറ്ററോളം നീളമുള്ള വാഹനവ്യൂഹം നാളുകളായി ചർച്ചാവിഷയമാണ്. യുക്രെയ്ൻ തലസ്ഥാനം പിടിച്ചടക്കാൻ ഒരുമ്പെടുന്ന ഈ വ്യൂഹത്തിൽ അസംഖ്യം ടാങ്കുകളും കവചിത വാഹനങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഈ വാഹനവ്യൂഹത്തിലുള്ളവർ തണുപ്പുകൊണ്ട് മരിച്ചേക്കാമെന്ന് പ്രതിരോധ ഗവേഷകനും ബാൾട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ അംഗവുമായ ഗ്ലെൻ ഗ്രാന്റ് പറയുന്നു. കീവ് പിടിച്ചടക്കാൻ ജൈത്രയാത്ര തുടങ്ങിയ റഷ്യയുടെ ടാങ്ക് സേനയുടെ മുന്നേറ്റത്തിന്റെ തോത് കുറഞ്ഞെന്നും പലയിടത്തും ടാങ്ക് നിർത്തിയിടുന്നെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ പഠനം. ടാങ്കുകൾ ഓണാക്കാതെ ഇട്ടിരുന്നാൽ അവ  റഫ്രിജറേറ്ററുകൾ പോലെ തണുപ്പ് പുറത്തുവിടാത്ത സ്ഥിതിയാകും. ഇതിനുള്ളിൽ ഇരിക്കുന്നവർ തണുപ്പേറ്റു മരിക്കുകയും ചെയ്യുമെന്ന് ഗ്രാന്റ് പറയുന്നു.

കിഴക്കൻ യൂറോപ്പിൽ അതിശക്തമായ ശീതതരംഗം ഉടനെ തന്നെ ഉടലെടുക്കാമെന്നാണു പറയപ്പെടുന്നത്. താപനില –20 ഡിഗ്രി വരെ താഴ്ന്നേക്കാം. കീവിലും മറ്റും ഇപ്പോൾ തന്നെ –10 ഡിഗ്രി താപനിലയാണ് ഉള്ളത്. ഈയവസ്ഥയിൽ ചിലപ്പോൾ ആർട്ടിക് മേഖലയിലേതുപോലുള്ള സാഹചര്യങ്ങൾ ഉടലെടുത്തേക്കാം. ടാങ്ക് ഉപേക്ഷിച്ചു പോകാനാകും സൈനികർ നോക്കുക. എന്നാൽ ആ സ്ഥിതി അപ്പോൾ സാധ്യമല്ലെങ്കിൽ സൈനികർ വലിയ പ്രതിസന്ധിയിലാകും ചെന്നു പെടുക. റഷ്യൻ സേനയുടെ ആത്മവിശ്വാസവും കുറയാനിടയുണ്ട്– ബ്രിട്ടിഷ് ആർമി മേജറായ കെവിൻ പ്രൈസ് പറയുന്നു.റോഡുകളിൽ മഞ്ഞു നിറയുന്നതിനാൽ റഷ്യൻ സേന കുടുക്കുകളിൽ പെടാനുമിടയുണ്ട്. സ്ഥലപരിചയം കൂടുതലുള്ള യുക്രെയ്ൻ സേനയ്ക്ക് ഇവരെ ആക്രമിക്കാനും എളുപ്പമാകാൻ മഞ്ഞു വഴിയൊരുക്കാം.

യുക്രെയ്നിൽ ആഞ്ഞടിക്കാൻ പോകുന്ന ആർടിക് കാറ്റും കിഴക്കുപടിഞ്ഞാറു വീശുന്ന മറ്റൊരു കാറ്റുമാണ് ഇതിനു പ്രധാനമായും വഴിവയ്ക്കുന്നത്. റഷ്യയിൽ നിന്നുള്ള വാഹനവ്യൂഹത്തിനു വേറെയും പ്രശ്നങ്ങളുണ്ടെന്നു നേരത്തെയും റിപ്പോർട്ടുകൾ പുറത്തിറങ്ങിയിരുന്നു. മെഷീനുമായി ബന്ധപ്പെട്ടതും ഇന്ധനവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളും കൊടുംതണുപ്പിൽ സംഭവിച്ചേക്കാം.  റഷ്യൻ സൈനികരെ മാത്രമല്ല, യുക്രെയ്നിൽ തുടരുന്ന അഭയാർഥി പ്രവാഹത്തെയും തണുപ്പ് ബാധിക്കാം. 20 ലക്ഷത്തോളം ആളുകളാണ് റഷ്യ യുക്രെയ്ൻ ആക്രമിച്ച ശേഷം രാജ്യം വിട്ടത്. ഇപ്പോഴും പലായനം ത്വരിതഗതിയിലാണ്. തണുപ്പ് കൂടിയാൽ ഇതിന്റെ തോത് കുറയും. കുറേപ്പേരെങ്കിലും യുദ്ധഭൂമിയിൽ കഴിയാൻ നിർബന്ധിതരായി മാറും.  രണ്ടാം ലോകയുദ്ധത്തിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. മോസ്കോ പിടിക്കാനായി ലക്ഷ്യമിട്ടു വന്ന ജർമൻ സേന കടുത്തമഞ്ഞിനെ തുടർന്ന് ഉദ്യമത്തിൽ നിന്നു പിൻമാറിയിരുന്നു.

English Summary: Russian troops stranded in 40-mile convoy could freeze to death in ‘metal tank refrigerators’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com