ADVERTISEMENT

ലോകത്തിലെ ഏറ്റവും മോശമായ അന്തരീക്ഷവായുവുള്ള തലസ്ഥാനനഗരം ന്യൂഡൽഹിയെന്ന് പുതിയ റിപ്പോർട്ട്. ഈ മേഖലയിൽ പഠനം നടത്തുന്ന സ്വിസ് കമ്പനിയായ ഐക്യു എയറാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. ഐക്യരാഷ്ട്ര സംഘടനയുമായി യോജിച്ച് ഗവേഷണങ്ങൾ നടത്തുന്ന കമ്പനിയാണ് ഐക്യു എയർ.പർട്ടിക്കുലേറ്റ് മാറ്റർ 2.5 അഥവാ പിഎം 2.5 കണങ്ങളുടെ തോത് ലോകത്തെ 6475 നഗരങ്ങളിൽ പരിശോധിച്ചാണ് ഐക്യു എയർ റിപ്പോർട്ട് തയാറാക്കിയത്. ഉപഗ്രഹ സംവിധാനങ്ങളില്ലാതെ പൂർണമായും ഗ്രൗണ്ട് സെൻസറുകൾ ഉപയോഗിച്ചായിരുന്നു ഐക്യു എയറിന്റെ വിലയിരുത്തൽ.

 

ലോകത്ത് പ്രതിവർഷം 40 ലക്ഷം പേർ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ആഘാതം മൂലം മരിക്കുന്നുണ്ടെന്നാണു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. വായുമലിനീകരണം തടയേണ്ടത് എത്രത്തോളം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുന്ന കാര്യമാണ് ഇത്. 2.5 മൈക്രോണിനും താഴെയുള്ള അന്തരീക്ഷ കണങ്ങൾ ശരീരത്തിൽ എത്തിയാൽ അവ ശ്വാസകോശത്തെ ഭേദിച്ച് രക്തചംക്രമണ വ്യവസ്ഥയിലേക്ക് ഇറങ്ങാം. സ്ട്രോക്, ശ്വാസകോശ അർബുദം തുടങ്ങി ഒട്ടേറെ ഗുരുതര രോഗങ്ങൾ മനുഷ്യരിൽ വരുത്താനും ഇവയ്ക്കു സാധിക്കും. ലോകത്തിലെ ഏറ്റവും മലിന അന്തരീക്ഷമുള്ള തലസ്ഥാനനഗരങ്ങളിൽ രണ്ടാം സ്ഥാനം ബംഗ്ലദേശിലെ ധാക്കയ്ക്കാണ്. എൻജമീമ (ഛാഡ്), ഡുഷാൻബെ (തജിക്കിസ്ഥാൻ), മസ്കത്ത് (ഒമാൻ) എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.

 

ലോകത്തെ ഏറ്റവും മലിനമായ അന്തരീക്ഷ വായുവുള്ള രാജ്യം ബംഗ്ലദേശാണ്. ഛാഡ്, പാക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ഇന്ത്യ എന്നിവയാണ് ഈ പട്ടികയിൽ ആദ്യ അഞ്ചിൽ വരുന്ന രാജ്യങ്ങൾ. യുഎസിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരം കലിഫോർണിയയുടെ സംസ്ഥാന തലസ്ഥാനവും പ്രധാന വ്യാവസായിക നഗരങ്ങളിലൊന്നുമായ ലൊസാഞ്ചലസാണ്. യുഎസിൽ പല നഗരങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ തോതിൽ അന്തരീക്ഷ മലിനീകരണമുണ്ടായിട്ടുണ്ട്. അടുത്തിടെ സംഭവിച്ച വൻ തോതിലുള്ള കുറേ കാട്ടുതീകളാണ് ഇതിനു വഴിവച്ചതെന്നാണു കണക്കാക്കപ്പെടുന്നത്. 

 

വ്യാവസായികമായ പ്രവർത്തനങ്ങൾ പ്രത്യേകിച് കൽക്കരി, പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതി വാതകം എന്നിവ കത്തിച്ചുള്ളവയാണു അന്തരീക്ഷ മലിനീകരണത്തിനു പലപ്പോഴും ഹേതുവാകുന്നത്. ന്യൂ കലെഡോണിയ, വിർജിൻ ഐലൻഡ്സ്, പോർട്ടറീക്കോ തുടങ്ങിയവയാണ് ലോകത്ത് ജീവിക്കാൻ ഏറ്റവും നല്ല നിലവാരമുള്ള അന്തരീക്ഷവായുവുള്ള മേഖലകൾ. സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും മികച്ച നിലവാരമുള്ള അന്തരീക്ഷവായുവുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

 

English Summary: Delhi most polluted capital city in 2021: World Air Quality report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com