ADVERTISEMENT

മൈക്രോപ്ലാസ്റ്റിക് മലിനീകരണം മനുഷ്യരക്തത്തിൽ ആദ്യമായി കണ്ടെത്തി.  നെതർലൻഡ്സിലെ ആംസ്റ്റർഡാമി‍ൽ സ്ഥിതി ചെയ്യുന്ന വ്രിജെ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണു പഠനം നടത്തിയത്. 22 പേരിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചായിരുന്നു പഠനം. ഇവരിൽ 17 പേരിലെ രക്ത സാംപിളുകളിൽ മൈക്രോ പ്ലാസ്റ്റിക്സിന്റെ അംശം ഗവേഷകർ കണ്ടെത്തി. പരിശോധന നടത്തിയവരിൽ 80 ശതമാനത്തിലും മൈക്രോ പ്ലാസ്റ്റിക്സിന്റെ അംശമുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം വഹിച്ച പ്രഫസർ ഡിക് വേതാക് പറയുന്നു.

 

സാധാരണയായി കണ്ടുവരുന്ന പിഇടി പ്ലാസ്റ്റിക്, പോളി സ്റ്റൈറിൻ, പോളിത്തിലിൻ തുടങ്ങിയ പ്ലാസ്റ്റിക്കുകളുടെ അംശങ്ങളാണു കണ്ടെത്തിയവയിലുള്ളതെന്ന് ഗവേഷകർ പറയുന്നു. ഇതൊരു ബ്രേക്ത്രൂ കണ്ടെത്തലാണെന്നും പ്രഫസർ ഡിക് വേതാക്  അഭിപ്രായപ്പെടുന്നു. ശരീരത്തിലെമ്പാടും മൈക്രോപ്ലാസ്റ്റിക് തരികൾക്ക് സഞ്ചരിക്കാമെന്നും അവയവങ്ങളിൽ അടിഞ്ഞുകൂടാമെന്നുമുള്ളതിന്റെ തെളിവായാണ് കണ്ടെത്തൽ വിശദീകരിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക് എത്രത്തോളം തകരാറുകളുണ്ടാക്കുമെന്ന കാര്യത്തി‍ൽ ഇപ്പോഴും ശാസ്ത്രീയമായ വ്യക്തതയില്ല. എന്നാൽ ലബോറട്ടറികളിൽ സൂക്ഷിച്ചിരിക്കുന്ന മനുഷ്യകോശങ്ങളെ മൈക്രോപ്ലാസ്റ്റിക്സ് പ്രതികൂലമായി ബാധിക്കുന്നതായി നേരത്തെ ഗവേഷണത്തിൽ തെളിഞ്ഞിരുന്നു.

 

ലോകമെമ്പാടും വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം പ്രകൃതിയിലേക്കു തള്ളപ്പെടുന്നുണ്ട്. ഇതാണു മൈക്രോ പ്ലാസ്റ്റിക്സ് മലിനീകരണത്തിന്റെ പ്രധാന കാരണം. മൗണ്ട് എവറസ്റ്റ് പർവതം മുതൽ പസിഫിക് സമുദ്രത്തിലെ വിദൂരമേഖലകളിൽ വരെ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതൊരു തുടക്ക പഠനമാണെന്നും ഇതെപ്പറ്റി ആഴത്തിലുള്ള പഠനങ്ങൾ ഇനി വേണ്ടിവരുമെന്നും ഗവേഷണത്തിനു നേതൃത്വം വഹിച്ച ശാസ്ത്രജ്ഞർ പറയുന്നു.ഡച്ച് നാഷനൽ ഓർഗനൈസേഷൻ ഫോർ ഹെൽത്ത് റിസർച്ചിന്റെ ഫണ്ടിങ്ങോടെയാണു ഗവേഷണം പുരോഗമിച്ചത്. 2040 ആകുന്നതോടെ ലോകത്തെ പ്ലാസ്റ്റിക് ഉത്പാദനവും ഉപഭോഗവും ഇരട്ടിയാകുമെന്ന ആശങ്കയ്ക്കിടയിലാണു പുതിയ ഗവേഷണഫലം.

 

English Summary: Microplastics found in human blood for first time after scientists make 'concerning finding'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com