ADVERTISEMENT

ജുറാസിക് പാർക്ക് എന്ന സിനിമയാണു ദിനോസറുകളെ ലോകമെമ്പാടും പ്രശസ്തമാക്കിയത്. ടൈറാനോസറസ് റെക്സ് അഥവാ ടി.റെക്സ് എന്ന വിഭാഗത്തിൽ പെടുന്ന മാംസഭോജിയായ ദിനോസറായിരുന്നു അതിലെ കേന്ദ്ര കഥാപാത്രം. അനേകം വർഗങ്ങളുള്ള ജീവികുടുംബം ആണെങ്കിലും അതോടെ  ദിനോസർ എന്നാൽ ടി.റെക്സ് എന്നായി ആളുകളുടെ മനസ്സി‍ലെ വിചാരം. ഇത്തരത്തിലെ ടി.റെക്സ് വിഭാഗത്തിൽ നിന്നു കണ്ടെത്തിയിട്ടുള്ള പ്രശസ്തമായ ഫോസിലാണു സ്റ്റാൻ. 

ചരിത്രാതീത കാലത്തു ജീവിച്ചിരുന്ന ഒരു ടി.റെക്സ് ദിനോസറിന്റെ ഏറെക്കുറെ പരിപൂർണമായ ശേഷിപ്പായിരുന്നു ഇത്. 2020 ഒക്ടോബർ ആറിനു നടന്ന ഒരു ലേലത്തിൽ ഈ യുഎസിലുണ്ടായിരുന്ന ഫോസിൽ, 3.18 കോടി യുഎസ് ഡോളറിന് (ഏകദേശം 230 കോടി രൂപയോളം) ആരോ സ്വന്തമാക്കി. ഫോസിൽ നേടിയ ആളുടെ പേരോ വ്യക്തി വിവരങ്ങളോ ആർക്കും അറിവുണ്ടായിരുന്നില്ല. ഒന്നരവർഷത്തോളം സ്റ്റാനിന്റെ ഉടമയും ഇപ്പോൾ സ്റ്റാൻ എവിടെയാണുള്ളതെന്ന വിവരവും രഹസ്യമായി തുടരുകയായിരുന്നു.

എന്നാൽ നാഷനൽ ജ്യോഗ്രഫിക് മാസിക ഇതെക്കുറിച്ച് വലിയ ഒരു അന്വേഷണം നടത്തി. 5600 കിലോ വരുന്ന ഷിപ്മെന്റിലൂടെ സ്റ്റാൻ യുഎസിൽ നിന്ന് അബുദാബിയിലേക്കാണു പോയതെന്ന് മാസിക താമസിയാതെ കണ്ടെത്തി. അവിടെ 2025ൽ പൂർത്തീകരിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ അണിനിരത്താനായാണു സ്റ്റാനിന്റെ ഫോസിൽ കൊണ്ടുപോയിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. 

അബുദാബിയിലെ സാദിയത് ദ്വീപിൽ 377,000 ചതുരശ്ര അടി ചുറ്റളവിൽ പണിയുന്ന മ്യൂസിയത്തിൽ സുവോളജി, പാലിയന്റോളജി, മറൈൻ ബയോളജി, എർത് സയൻസ്, മോളിക്യുലർ റിസർച് എന്നിവയ്ക്കായുള്ള ഗവേഷണ സൗകര്യങ്ങളും അണിനിരത്തും.സ്റ്റാനിന്റെ ഫോസിൽ കൂടാതെ ലോകത്തെ ശ്രദ്ധേയമായ ഒരുപിടി ശാസ്ത്ര മൂല്യമുള്ള സവിശേഷ വസ്തുക്കളും മ്യൂസിയത്തിലുണ്ടാകും. 1969സ്‍ ഓസ്ട്രേലിയയ്ക്കു മേൽ പൊട്ടിത്തെറിച്ച മർച്ചിസൻ ഉൽക്കയുടെ ഒരു ഭാഗവും മ്യൂസിയത്തിലുണ്ടാകും. 

സൂര്യനുത്ഭവിച്ച കാലത്തേക്കാളും പഴക്കമുള്ള വസ്തുക്കളും സംയുക്തങ്ങളുമുള്ള ഉൽക്ക ഗവേഷകരെ ഒരുപാടു കാലമായി ഉദ്ദീപിപ്പിക്കുന്ന വസ്തുവാണ്. 1992ൽ യുഎസിലെ സൗത്ത് ഡക്കോട്ടയിലുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണു സ്റ്റാൻ ദിനോസറിന്റെ ഫോസിൽ കുഴിച്ചെടുത്തത്. ഇരുപതു വർഷത്തോളം ഇത് സൗത്ത് ഡക്കോട്ടയിലെ ബ്ലാക്ക് ഹിൽസ് ജിയോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചു. ദിനോസറുകളെപ്പറ്റി ഗവേഷണം നടത്തുന്ന ഒട്ടേറെ ശാസ്ത്രജ്ഞർ അതിപ്രശസ്തമായ ഈ ഫോസിലിൽ ഒട്ടേറെ നിരീക്ഷണ പഠനങ്ങൾ നടത്തിയിരുന്നു.

 

English Summary: Record-Breaking $32 M. Dinosaur Skeleton Heads to New Abu Dhabi Museum 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com