കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബംഗാളിൽ കണ്ടെത്തിയ കംഗാരുക്കളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 3 കംഗാരുക്കളെ ജൽപായ്ഗുരി ജില്ലയിലെ ഗജോൽഡോബയിൽ നിന്നും പരുക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച ഫാരാബാരി നേപാളിലെ ദാബ്ഗ്രാം വനപരിധിയിൽ 2 കംഗാരുക്കളെക്കൂടി വനംവകുപ്പ് കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ഒരു കംഗാരുവിനെ കണ്ടെത്തിയത്. മറ്റൊന്നിനെ ചത്ത നിലയിലും കണ്ടെത്തി. മൃഗക്കടത്തിന്റെ ഇരകളാകാം കംഗാരുക്കളെന്നാണ് പ്രാഥമിക നിഗമനം.
ബംഗാളിലെ റോഡിലൂടെ രാത്രിയിൽ ചാടിനടക്കുന്ന കംഗാരുവിന്റെയും വനമേഖലയിൽ നിന്ന് കണ്ടെത്തിയ മറ്റൊരു കംഗാരുവിന്റെയും വിഡിയോ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. പരുക്കേറ്റ കംഗാരുക്കളെ വിദഗ്ധ ചികിത്സക്കായി സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിലേക്ക് മാറ്റിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയിലെ വനങ്ങളിൽ കംഗാരുക്കളെത്താൻ യാതൊരു സാധ്യതയുമില്ല. സമീപത്തെ മൃഗശാലകളിലും കംഗാരുക്കളില്ല.
ഓസ്ട്രേലിയയിലെയും ന്യൂഗിനിയയിലെയും തദ്ദേശീയ ജീവികളായ കംഗാരുക്കൾ പശ്ചിമ ബംഗാളിലെത്തിയതിനു പിന്നിൽ മൃഗക്കടത്ത് തന്നെയാണെന്നാണ് നിഗമനം.ആരാണ് ഇവയെ വനമേഖലയിൽ ഉപേക്ഷിച്ചതെന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ടാഴ്ച മുൻപ് ഒരു കംഗാരുവിനെ വിൽക്കാൻ ശ്രമിച്ച 2 പേരെ ബംഗാൾ അസം അതിർത്തിലെ അലിപുർദ്വാർ ജില്ലയിൽ നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഹൈദെരാബാദ് സ്വദേശികളായ സൈയിദ് ഷെയ്ഖ്, ഇമ്രാൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.
English Summary: Videos of kangaroos wandering in West Bengal stun netizens