ADVERTISEMENT

യുഎസിൽ കഴിഞ്ഞ മാസമാദ്യം കണ്ടെത്തിയ അജ്ഞാതജീവി ഭീതി പരത്തിയിരുന്നു. ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ ഈ ജീവിയെപ്പറ്റിയുള്ള സ്ഥിരീകരണം പൊലീസ് പിന്നീട് പങ്കുവച്ചു. വളരെ അപൂർവമായ ഒരു ജീവിയെക്കുറിച്ചുള്ള വിവരങ്ങളാണു പിന്നീട് ലഭിച്ചത്. അരിസോനയിലെ പ്രെസ്കോട്ട് വാലി പൊലീസ് ഡിപ്പാർട്മെന്റിലേക്കാണ് ഈ മാസം തുടക്കത്തിൽ  താമസക്കാരന്റെ കോൾ വന്നത്. തന്റെ വീടിന്റെ ടെറസിൽ അജ്ഞാതനായ ഒരു ജീവിയുണ്ടെന്നായിരുന്നു സന്ദേശം. ടെറസിൽ ഇതോടി നടക്കുന്നതിന്റെ ശബ്ദം കാരണം കിടന്നുറങ്ങാൻ പറ്റുന്നില്ലെന്നും വിളിച്ചയാൾ അറിയിച്ചു.

തുടർന്ന് പൊലീസ് അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം തുടങ്ങി. കോട്ടിമുണ്ടി എന്ന ജീവിയാണ് ഇതെന്ന് അവർ കണ്ടെത്തി. കോട്ടി എന്നു ചുരുക്കിവിളിക്കാറുള്ള കോട്ടമുണ്ടി റാക്കൂൺ വിഭാഗത്തിൽപെട്ടതാണ്. മെക്സിക്കോ, ലാറ്റിൻ അമേരിക്കൻ മേഖലകളിൽ ഇവയെ കണ്ടുവരാറുണ്ട്. റാക്കൂണുകളെക്കാൾ നീളമുള്ള മൂക്കുള്ള ഇവ രണ്ട് അടി വരെ നീളത്തിൽ വളരും. യുഎസിൽ ഇത്തരം ജീവികളെ കണ്ടെത്തുന്നത് അപൂർവമാണ്. തെക്കുപടിഞ്ഞാറൻ മേഖലയിൽ ഇവയെ നേരത്തെ അപൂർവമായി കണ്ടെത്തിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ആളുകളുടെ പരിഭ്രാന്തി മാറ്റാൻ കോട്ടിമുണ്ടിയുടെ ചിത്രവും ഈ ജീവിയെക്കുറിച്ചുള്ള വിവരവും പൊലീസ് അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

കോട്ടിമുണ്ടികൾ പേവിഷബാധ പരത്താറില്ല. എന്നാൽ ഇവർ രോഷാകുലരായി ആക്രമിച്ചാൽ മനുഷ്യർക്ക് ഗുരുതരമായ മുറിവുകളുണ്ടാകാമെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു. നീളമുള്ള നഖങ്ങളും, കൂർത്ത പല്ലുകളും ശക്തിയേറിയ താടിയെല്ലുകളും ഇവയ്ക്കുണ്ട്. ഇവയെ ഒറ്റയ്ക്ക് കണ്ടാൽ സ്ഥലം കാലിയാക്കുന്നതാകും നല്ലതെന്നും പൊലീസ് ഉപദേശിക്കുന്നു. ഏതായാലും പ്രെസ്കോട്ട് വാലിയിലെ അജ്‍ഞാതജീവിയായ കോട്ടിമുണ്ടിയെ പൊലീസ് പിടിച്ചു. പിന്നീട് സുരക്ഷിതമായ കേന്ദ്രത്തിൽ ഇതിനെ വിട്ടയയ്ക്കുകയും ചെയ്തു. റാക്കൂണുകളെ പോലെ തന്നെ പകൽ ഇരതേടി നടന്ന് രാത്രി മരച്ചില്ലയിൽ ഉറങ്ങുന്ന ജീവികളാണ് ഇവ.

English Summary:  Sighting of ‘weird animal’ on Arizona roof leads cops to rarely encountered creature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com