ADVERTISEMENT

ഏപ്രിൽ 11 മുതൽ അമേരിക്കയിലെ അലാസ്ക സംസ്ഥാനത്തുള്ള എഡ്ജ്കുംബെ എന്ന അഗ്നിപർവതത്തിൽ വിചിത്രമായ ചില ഭൗമപ്രവർത്തനങ്ങൾ തുടങ്ങിയതായി ഭൗമശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തു. ഒറ്റയാഴ്ച കൊണ്ട് നൂറിലധികം ഭൂചലനങ്ങളാണ് ഇതുവരെ ഉറങ്ങിക്കിടക്കുകയായിരുന്ന ഈ അഗ്നിപർവതത്തിനു സമീപം നടന്നത്. അലാസ്കയിലെ തെക്കുകിഴക്കൻ മേഖലയിൽ സിറ്റ്ക നഗരത്തിനു സമീപത്തായാണ് എഡ്ജ്കുംബെ അഗ്‌നിപർവതം സ്ഥിതി ചെയ്യുന്നത്. നീണ്ടനാളുകളുടെ നിദ്രയ്ക്കു ശേഷം അഗ്നിപർവതം ഉണർന്നെണീറ്റു സ്ഫോടനം നടത്താൻ പോകുന്നതിന്റെ ലക്ഷണമാണോ ഇതെന്നാണ് സിറ്റ്ക നഗരവാസികളുടെ ആശങ്ക.

 

ശാസ്ത്രജ്ഞർ അഗ്നിപർവതത്തെ നിരീക്ഷിച്ചു പഠനങ്ങൾ നടത്തിവരികയാണ്. ഇതുവരെ സംഭവിച്ച ഭൂചലനങ്ങളെല്ലാം തീവ്രത കുറഞ്ഞവയായിരുന്നെന്ന് അലാസ്ക വോൾക്കാനോ ഒബ്സർവേറ്ററി റിസർച്ചിലെ ജിയോഫിസിസ്റ്റ് ഡേവിഡ് ഷ്നീഡർ പറഞ്ഞു.എഡ്ജ്കുംബെയുടെ സമീപകാല ചരിത്രത്തിൽ ഇത്രയും ഭൂചലനങ്ങൾ നടന്നത് അപൂർവമാണെന്നും ഇതിന്റെ കാരണമെന്തെന്ന് അറിയില്ലെന്നും ഷ്നീഡർ പറഞ്ഞു. ഇത് അഗ്നിപർവത പ്രവർത്തനം കൊണ്ടാണെന്നു തീർച്ചയാക്കിയിട്ടില്ലെന്നും സ്ഫോടനം നടക്കാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കാൻ സാധിക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 

4500 വർഷങ്ങൾക്കു മുൻപാണ് എഡ്ജ്കുംബെ അഗ്നിപർവതത്തിൽ അവസാനത്തെ വലിയ സ്ഫോടനം നടന്നതെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പർവതത്തിനു ചുറ്റും ലാവയുറഞ്ഞു രൂപപ്പെട്ട പാറക്കെട്ടുകൾ പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. 800 വർഷം മു‍ൻപ് ചെറിയ രീതിയിൽ ഒരു സ്ഫോടനവും എഡ്ജ്കുംബെയിൽ നടന്നെന്ന് ചില ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്. ബിസി കാലഘഘട്ടത്തിൽ 7620, 3810, 2220 കാലഘട്ടങ്ങളിലാണ് ഈ പർവതത്തിൽ സ്ഫോടനവും ലാവാപ്രവാഹവും നടന്നത്.

 

അലാസ്കയിൽ തദ്ദേശീയരായുള്ള ട്ലിംഗിറ്റ് സമൂഹത്തിലെ ആളുകൾ എഡ്ജ്കുംബെ അഗ്നിപർവതത്തെ ദൈവികമായിട്ടാണു കണ്ടുപോയിരുന്നത്. മിന്നിത്തിളങ്ങുന്നത് എന്നർഥം വരുന്ന ലക്സ് എന്ന നാമത്തിലാണ് അഗ്നിപർവതം അറിയപ്പെട്ടിരുന്നത്. 1775ൽ സ്പാനിഷ് പര്യവേക്ഷകനായ യുവാൻ ഡില ബോഡേഗ പർവതത്തിനു സമീപമെത്തി. വിഖ്യാത പര്യവക്ഷേകനായ ക്യാപ്റ്റൻ ജെയിംസ് കുക്ക് 1778 മേയ് രണ്ടിന് ഇവിടെയെത്തി. ഇംപീരിയൽ റഷ്യൻ സേനയുടെ ക്യാപ്റ്റനായിരുന്ന യുറേ ലിസിയാങ്കിയാണ് 11 കിലോമീറ്റർ പൊക്കമുള്ള ഈ പർവതത്തിൽ ആദ്യ ആരോഹണം നടത്തിയത്.

 

∙ ലോകത്തെ ഞെട്ടിച്ച പ്രാങ്ക്

ലോകത്തിലെ ഏറ്റവും വലിയ ഏപ്രിൽ ഫൂൾ പ്രാങ്കുകളിൽ ഒന്നിനും സാക്ഷ്യം വഹിച്ചിട്ടുള്ള അഗ്നിപർവതമാണ് മൗണ്ട് എഡ്ജ്കുംബെ. 1974 ഏപ്രിൽ ഒന്നിന് അലാസ്‌ക സ്വദേശിയായ ഒലിവർ പോർക്കി ബിക്കാർഎന്നയാൾ എഡ്ജ്കുംബെയ്ക്കു മുകളിൽ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ടയറുകൾ എത്തിച്ചശേഷം അവിടെയിട്ടു തീ കൂട്ടി. എഡ്ജ്കുംബയ്ക്കു സമീപമുള്ള നഗരമായ സിറ്റ്കയിലെ നിവാസികൾ ഉറക്കമുണർന്നപ്പോൾ കണ്ടത് പുകയുയരുന്ന അഗ്നിപർവതത്തെ. അഗ്നിപർവത സ്‌ഫോടനം നടക്കാൻ പോകുകയാണെന്ന് കരുതി അവരിൽ പലരും പേടിച്ചു വിറച്ചു. ഒടുവിൽ യുഎസ് തീരസംരക്ഷണസേനയ്ക്ക് വരെ പ്രശ്‌നത്തിൽ ഇടപെടേണ്ടി വന്നു. 

 

English Summary: Swarm of earthquakes under Mount Edgecumbe volcano doesn’t necessarily indicate volcanic activity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com