ADVERTISEMENT

പസിഫിക് മേഖലയിൽ വൻ ഭൂചലനവും സൂനാമിയും ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് യുഎസിലെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി വൻ പരിശീലനപദ്ധതി തുടങ്ങി. പൊലീസ്, സന്നദ്ധസേനാംഗങ്ങൾ, ഗോത്രവർഗ നിവാസികൾ, പ്രതിരോധ സേനാംഗങ്ങൾ, റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് തുടങ്ങിയവർ പരിശീലനപദ്ധതിയിലുണ്ട്.ഒറിഗോൺ, ഇദഹോ, അലാസ്ക തുടങ്ങിയ പ്രകൃതിദുരന്ത സാധ്യത കൂടിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ഭാവിയിൽ ഒരു വൻ ഭൂചലനവും സൂനാമിയും ഉണ്ടായാൽ എങ്ങനെ എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം തുടങ്ങുമെന്നും ആശയപ്രവർത്തനം ഊർജിതപ്പെടുത്തുമെന്നും കണ്ടെത്താൻ ഈ പരിശീലനം സേനകളെ സഹായിക്കുമെന്നാണ് യുഎസ് അധികൃതർ പറയുന്നത്. 

‘ഭാവിയിൽ വമ്പൻ പ്രകൃതിദുരന്തം സംഭവിക്കാൻ വലിയ സമയമൊന്നും വേണ്ട. തദ്ദേശീയമായും മേഖലാതലത്തിലുമുള്ള പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കാനും മാനുഷിക പ്രതിസന്ധികൾ നേരിടാനും ഈ പരിശീലനം സഹായകമാകും’– യുഎസ് അധികൃതർ പറഞ്ഞു. പൊടുന്നനെയുണ്ടാകുന്ന വലിയ പ്രകൃതിദുരന്തങ്ങളെ നേരിടാനായി യുഎസ് ആഭ്യന്തരസുരക്ഷാ മന്ത്രാലയത്തിന്റെ കീഴിൽ രൂപീകരിച്ച ഏജൻസിയാണ് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി. അമേരിക്കയിലെ കാസ്കേഡിയ സബ്ഡക്ഷൻ സോൺ എന്ന മേഖല കേന്ദ്രീകരിച്ചാണ് പരിശീലനപദ്ധതി. നോർതേൺ വാൻഡകൂവർ ഐലൻഡ് മുതൽ കലിഫോർണിയ വരെ നീണ്ട ഭൗമപ്പിഴവ് മേഖലയാണ് കാസ്കേഡിയ സബ്ഡക്‌ഷൻ സോൺ. ഒൻപതിലധികം തീവ്രതയുള്ള അതിമാരക ഭൂചലനങ്ങൾക്ക് വഴിയൊരുക്കാൻ ഈ മേഖലയ്ക്ക് കഴിയും. 

യുഎസിന്റെ പടിഞ്ഞാറൻ തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്നതു മൂലം ഈ മേഖലയിൽ ഭൂചലനം വന്നാൽ അതു വലിയ സൂനാമിക്കു വഴിയൊരുക്കുകയും ചെയ്യും. ഇതാണ് യുഎസ് അധികൃതരെ ആശങ്കപ്പെടുത്തുന്ന കാര്യം. ഈ ആശങ്ക മൂലമാണ് ബൃഹത്തായ പരിശീലനപദ്ധതി നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്. യുഎസിലെ കൻസാസിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. നിരവധി കെട്ടിടങ്ങൾ തകരുകയും 3 പേർ മരിക്കുകയും ചെയ്തു. കൊളറാഡോ, ന്യൂ മെക്സിക്കോ, നെബ്രാസ്ക തുടങ്ങിയ മേഖലകളിൽ ഈ മാസത്തിലും കഴിഞ്ഞ മാസത്തിലും വലിയ കാട്ടുതീയും ഉടലെടുത്തിരുന്നു. ഈ തീ ഇപ്പോഴും പൂർണമായി അണഞ്ഞിട്ടില്ല. പ്രകൃതിദുരന്തങ്ങൾ തുടർക്കഥയാകുന്നതിനാലാണ് രക്ഷാസേനയെ കൂടുതൽ മൂർച്ചപ്പെടുത്താൻ പദ്ധതികളുമായി യുഎസ് ഒരുങ്ങുന്നത്.

English Summary: Could a large tsunami happen in the United States?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com