ADVERTISEMENT

ഇടതടവില്ലാതെ പെയ്ത കനത്ത മഴയും പ്രളയവും കാരണം അഫ്ഗാനിസ്ഥാനിൽ 22 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു വീടുകളും കനത്ത വിളനാശവും രാജ്യത്തു സംഭവിച്ചു.  മാനുഷിക പ്രശ്നങ്ങളും, സാമ്പത്തിക പ്രതിസന്ധിയും അനുഭവപ്പെടുന്ന അഫ്ഗാനിൽ ഈ പ്രശ്നം കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായെന്ന് ദുരന്ത നിവാരണ സന്നദ്ധ സേനകളുടെ അധികൃതർ അറിയിച്ചു.

അഫ്ഗാനിലെ 12 പ്രവിശ്യകളിലാണു ദുരന്തം വൻ നാശം വിതയ്ക്കുന്നത്. നാൽപതിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അഫ്ഗാന്റെ പടിഞ്ഞാറൻ പ്രവിശ്യകളായ ബാദ്ഗിസിലും ഫര്യാബിലുമാണ് ഏറ്റവുംകൂടുതൽ നാശനഷ്ടം അനുഭവപ്പെട്ടത്. വടക്കൻ പ്രവിശ്യയായ ബാഘ്‌ലനിലും ദുരന്തക്കെടുതികളുടെ റിപ്പോർട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്ത ഫലങ്ങൾ മൂലം അഫ്ഗാനിൽ കഴിഞ്ഞ കുറച്ചുനാളുകളായി കനത്ത വരൾച്ച ഉടലെടുത്തിരുന്നു. ഇതെത്തുടർന്ന് കാർഷികവിളകളുടെ ഉത്പാദനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. 

ഇത് ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുമോയെന്ന ഭീഷണി നിലനിൽക്കുകയാണ്. മൂവായിരം ഏക്കറുകളോളം കൃഷിഭൂമി പുതിയപ്രളയത്തിൽ മാത്രം നശിച്ചു. താലിബാനും മുൻ സർക്കാരിന്റെ സേനകളും തമ്മിൽ പതിറ്റാണ്ടുകളായി നടന്ന യുദ്ധം രാജ്യത്തെ സാമ്പത്തികഘടനയെ വലിയ തോതിൽ ക്ഷീണിപ്പിച്ചിരുന്നു. ഇതിനൊപ്പം പ്രകൃതിദുരന്തങ്ങൾ കൂടി എത്തുന്നതോടെയാണു വലിയ പ്രതിസന്ധിക്ക് കളമൊരുങ്ങുന്നത്. ഈ പ്രശ്നം നേരിടാൻ ഒറ്റയ്ക്കു സാധ്യമല്ലെന്ന് ബോധ്യപ്പെട്ട താലിബാൻ ഭരണകർത്താക്കൾ രാജ്യാന്തര സംഘടനകളെ സഹായത്തിനായി സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ താലിബാനെ അംഗീകരിക്കാൻ പല സംഘടനകളും തയാറാകാത്തതുമൂലം ഫണ്ടുകൾ നൽകുന്നതിൽ പ്രശ്നങ്ങളുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

 

English Summary: Heavy Rain and Floods in Afghanistan Kill 22, Destroy Hundreds of Homes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com