ADVERTISEMENT

ജീവിതത്തിന്റെ ശ്വാസംമുട്ടിക്കുന്ന തിരക്കുകൾക്കിടയിൽ വീണു കിട്ടുന്ന അവധി ദിനങ്ങളിലെ സായാഹ്നങ്ങൾ ചെലവഴിക്കുന്നതിന് തിരുവനന്തപുരം നിവാസികൾ ഏറ്റവുമധികം ആശ്രയിച്ചിരുന്ന ഒരു സ്ഥലമാണ് ശംഖുമുഖം ബീച്ച്. അതിന്റെ വൃത്തിയും ഭംഗിയും, നഗരഹൃദയത്തിൽ നിന്ന് പെട്ടെന്ന് എത്തിപ്പെടാനുള്ള സൗകര്യവുമൊക്കെ അതിന് കാരണം ആയിരുന്നു. പ്രണയ നിമിഷങ്ങളെ മനസ്സിൽ ഇഴ പിരിച്ചു ചേർത്തവർ, അസ്തമയ സൂര്യനെ നോക്കിയിരുന്ന് പ്രിയപ്പെട്ടവരോടൊപ്പം ഒരു കപ്പ് കാപ്പി നുണഞ്ഞവർ, ആൾക്കൂട്ടത്തിൽ നിന്നു മാറി മണൽത്തിട്ടയിലിരുന്നു സ്വയം കണ്ടെത്താൻ ശ്രമിച്ചവർ, അതുമല്ലെങ്കിൽ ബീച്ചിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള പ്രസിദ്ധമായ ജലകന്യകയുടെ ശിൽപഭംഗി ആസ്വദിച്ചു നിന്നവർ, അങ്ങനെ ആരായാലും അവർക്കെല്ലാം വൈകാരികമായ ഒരു അടുപ്പം ശംഖുമുഖം ബീച്ചുമായി ഉണ്ട്.

എന്നാൽ, ഭൂമിയെ ഒന്നാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആഗോള പരിസ്ഥിതിനാശത്തിന്റെ ഒരു ഏടായി മാറിക്കൊണ്ട്, ഏകദേശം പൂർണ്ണനാശത്തോട് അടുത്തിരിക്കുന്ന ഈ തീരത്തിന്റെ ഇന്നത്തെ രൂപം പ്രകൃതിയെ സ്നേഹിക്കുന്നവരുടെ മനസ്സിനെ നോവിക്കാതിരിക്കില്ല. 

അങ്ങ് ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കം മുതൽ മറുവശത്ത് ഈ ചെറിയ പ്രദേശത്ത് നടക്കുന്നതുവരെ എല്ലാം ഒരേ കഥയുടെ തന്നെ വ്യത്യസ്ത തലങ്ങളാണ് - എപ്രകാരമാണ് മനുഷ്യകുലത്തിന്റെ  ഇടപെടൽ, ഭൂമിയുടെ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും നാശത്തെ ശരവേഗത്തിലാക്കിയതെന്ന്. തിരുവനന്തപുരത്തും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലുമായി അദൃശ്യമായി കൊണ്ടിരിക്കുന്ന നിരവധി തീരങ്ങളെ കുറിച്ച് കെ. എ.  ഷാജി എഴുതി സംവിധാനം ചെയ്ത ‘കവർന്നെടുക്കപ്പെട്ട തീരങ്ങൾ’ (Stolen Shorelines) എന്ന ഡോക്യുമെൻററി വളരെ ശക്തവും അതുപോലെ തന്നെ യഥാതഥമായ  ദൃശ്യാനുഭവം നൽകുന്നതുമാണ്.

സ്വതവേ പരിസ്ഥിതി ലോലമായ ഒരു പ്രദേശത്തെ ഭൂപ്രകൃതിയിൽ നടത്തുന്ന കടന്നുകയറ്റങ്ങൾ എപ്രകാരമാണ് നാശത്തിന്റെ ചങ്ങലക്കണ്ണികൾ സൃഷ്ടിക്കുന്നതെന്ന് അത് നിരന്തരം  ഓർമപ്പെടുത്തുന്നു. കേരള സംസ്ഥാനത്തെ ഒരു സൂപ്പർ പവർ ആയി ഉയർത്തുവാൻ വേണ്ടി ചെയ്യുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളിലൂടെ ദീർഘകാലനേട്ടങ്ങളെ സ്വപ്നം കണ്ടു കൊണ്ടിരിക്കുന്ന നമുക്ക് മുന്നിൽ, വിപുലമായ ഗവേഷണങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങളും തദ്ദേശീയരുടെ സാക്ഷ്യപ്പെടുത്തലുകളും കൊണ്ട് സമ്പന്നമായ ഈ ഡോക്യുമെന്ററി, തീരദേശത്തിന്റെ നാശം അനിവാര്യമാക്കുന്ന അനന്തര ഫലങ്ങളുടെ നേർച്ചിത്രം വരച്ചുകാട്ടുന്നുണ്ട്.

ഈ ഡോക്യുമെന്ററി പരിസ്ഥിതി ഘാതകങ്ങളായ ഘടകങ്ങളെ വളരെ സൂക്ഷ്മമായി സമീപിക്കുന്നതിനൊപ്പം തന്നെ, തീരദേശത്തും അതിനോടു ചേർന്ന ഭാഗങ്ങളിലുമുള്ള ആയിരക്കണക്കിന് വരുന്ന മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതത്തെ അതെങ്ങനെ ബാധിച്ചുവെന്നും എടുത്തുകാട്ടുന്നുണ്ട്. 590 കിലോമീറ്റർ സുദീർഘമായ നമ്മുടെ സംസ്ഥാനത്തിന്റെ കടൽത്തീരം ജനസാന്ദ്രതയിലും വളരെ മുന്നിലാണ്. സംവിധായകന്റെ അഭിപ്രായത്തിൽ, സുദീർഘവും സുസ്ഥിരവുമായ വികസനത്തിനു വേണ്ടിയുള്ള യാതൊരു കാഴ്ചപ്പാടും ഇല്ലാതെ, വികസനത്തിന്റെ പേരിൽ നടപ്പിലാക്കുന്ന തലതിരിഞ്ഞ പദ്ധതികളും പരിഷ്കാരങ്ങളുമൊക്കെ നമ്മുടെ തീരദേശത്തെ കഥാവശേഷമാക്കുമെന്നതിൽ സംശയം വേണ്ട എന്നുള്ളതാണ്. 

tvm3

കടൽ നാശത്തിന് കാരണമാകുന്ന മണലെടുപ്പും തുടർന്നുണ്ടാകുന്ന മണൽ നിക്ഷേപവുമൊക്കെ വളരെയധികം പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതും കടലിലെ ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്നതുമാണ്. വിഴിഞ്ഞം തീരത്ത് ഒരു തുറമുഖം വരുന്നതും വികസന സ്വപ്നങ്ങൾ നടപ്പിലാക്കുന്നതുമൊക്കെ നല്ലതു തന്നെ, പക്ഷേ അത് നമ്മുടെ തീരദേശത്തിന് ഉണക്കാനാകാത്ത മുറിവുകൾ സമ്മാനിച്ചു കൊണ്ടും കടലിൻറെ ദാനം കൊണ്ട് നിത്യവൃത്തി കഴിക്കുന്ന കടലിന്റെ മക്കളുടെ ജീവിതത്തെ തകർത്തു കൊണ്ടും ആകരുത്. പലവിധ പ്രകൃതി ദുരന്തങ്ങളിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെഡ്ഡുകളിലും കഴിയുന്ന ആൾക്കാരുടെ ദുരിതപൂർണ്ണമായ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ, ഈ ഡോക്യുമെന്ററി വ്യക്തമായി നമുക്ക് കാണിച്ചു തരുന്നുണ്ട്.

സുന്ദരമായ കാലാവസ്ഥയും സമ്പന്നമായ ജലാശയങ്ങളും സുദീർഘമായ തീരപ്രദേശവും കൊണ്ട് പ്രകൃതിയാൽ അനുഗ്രഹിക്കപെട്ടിരുന്ന കേരളം, അതിന്റെ ഭൂപ്രകൃതിയുടെ സന്തുലനത്തെ തകർക്കുന്ന രീതിയിലുള്ള പ്രവൃത്തികളിലൂടെ, വെള്ളപ്പൊക്കം, വരൾച്ച, ഉഷ്ണതരംഗം തുടങ്ങി നിരവധിയായ പ്രകൃതിയുടെ തിരിച്ചടികളെ അഭിമുഖീകരിക്കുകയാണ്. എപ്രകാരമാണ് മുതലാളിത്തത്തിന്റെ  അത്യാർത്തി നമ്മുടെ തീരദേശങ്ങളെ ഗ്രസിക്കുന്നതെന്നും, ഭൗതികമായ വികസന പ്രവർത്തനങ്ങളെക്കാളുപരി പ്രകൃതിയുടെ മുന്നറിയിപ്പുകൾക്കു കാതു കൊടുക്കേണ്ടത്തിന്റെ ആവശ്യമെന്താണെന്നും വ്യക്തമായ ഭാഷയിൽ പറയുന്ന ഈ ഡോക്യുമെന്ററി യാഥാർഥ്യമാക്കിയതിന് കെ. എ. ഷാജിയും അദ്ദേഹത്തിനൊപ്പം ഇത് യാഥാർഥ്യമാക്കാൻ പരിശ്രമിച്ചവരും വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു. വരും തലമുറയിൽ നിന്നു നമ്മൾ കടം വാങ്ങിയതാണ് ഈ ഭൂമിയും അതിലെ വിഭവങ്ങളും എന്നു ബോധ്യമുള്ള ഏതൊരാളും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ഡോക്യുമെന്ററി തന്നെയാണിത്.

tvm5

വികസനത്തിന്റെ രക്തസാക്ഷികൾ ആകുന്ന മനുഷ്യരുടെ അതിജീവന സമരങ്ങളാണ് ഈ ഹൃസ്വ സിനിമ വിവരിക്കുന്നത്. അങ്ങേയറ്റം വസ്തുനിഷ്ഠമായും സമഗ്രമായും സത്യസന്ധ്യമായുമാണ് ഇത് ഈ പ്രശ്ങ്ങളെ സമീപിക്കുന്നത്. എതിരാളികൾക്ക് പോലും അവഗണിയ്ക്കാനാകാത്ത വസ്തുതകളും ജീവിത പ്രതിഫലങ്ങളും. മുപ്പതു മിനിട്ടാണ് ഈ ഹൃസ്വ സിനിമ. സെയ്ദ് ഷിയാസ് മിർസ, സൂരജ് അമ്പലത്തറ എന്നിവർ ക്യാമറ ചെയ്തു. വിപിജി കമ്മത്ത് ആണ് എഡിറ്റർ. കല്യാണി വലത്ത് ശബ്ദം നൽകി. കണ്ണൻ മാമ്മൂട്, ഷഫീഖ് സുബൈദ ഹക്കീം, ഭാവപ്രിയ ജെ യു, റോഷ്‌നി രാജൻ, ശാലിനി രഘുനന്ദൻ, കലാ സജികുമാർ എന്നിവർ പശ്ചാത്തലത്തിൽ പ്രവർത്തിച്ചു. കേരളത്തിനകത്തും പുറത്തും തിരഞ്ഞെടുക്കപ്പെട്ട സദസ്സുകൾക്കു മുൻപിൽ ഇത് പ്രദർശിപ്പിക്കും.

(തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ അധ്യാപികയാണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com