സ്പേസിൽ നിന്നു കണ്ടെത്തിയത് പശുക്കളുടെ ഏമ്പക്കത്തിൽ നിന്നുള്ള മീഥെയ്ൻ

cow-burps-methane-emissions-climate-change
SHARE

ലോകത്ത് കൃഷി മൂലമുള്ള മീഥെയ്ൻ വികിരണത്തിന്റെ പ്രധാന സ്രോതസ് പശുക്കളുടെ ഏമ്പക്കമാണെന്നു കണ്ടെത്തി പുതിയ പഠനം. ബഹിരാകാശത്തു സ്ഥിതി ചെയ്യുന്ന നിരീക്ഷണ ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കലിഫോർണിയയിലെ ബേക്കേഴ്സ് ഫീൽഡിലുള്ള ജോക്വിൻ വാലിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഫാമിലാണ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. ജിഎച്ച്ജി സാറ്റ് എന്നു പേരായ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹ ശൃംഖലയാണു പഠനം നടത്തിയത്. ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരത്തിൽ വട്ടം ചുറ്റുന്ന മൈക്രോവേവ് ഓവന്റെ വലുപ്പം മാത്രമുള്ള ഉപഗ്രഹങ്ങളാണ് ശൃംഖലയിലുള്ളത്. വളരെ ചെറിയ മീഥെയ്ൻ ചോർച്ച പോലും അന്തരീക്ഷത്തിൽ കണ്ടെത്താൻ ഇവ ഉപയോഗിച്ച് കഴിയും. 

ഈ ഒരൊറ്റ പശു ഫാമിൽ ഏമ്പക്കം വഴി പശുക്കൾ പുറത്തുവിടുന്ന മീഥെയ്ന്റെ അളവ് വാർഷിക അടിസ്ഥാനത്തിൽ കണക്കുകൂട്ടിയാൽ 5116 ടൺ എന്ന അളവുണ്ടാകുമെന്ന് ഗവേഷകർ പറയുന്നു. ഇത്രയും മീഥെയ്ൻ സംഭരിക്കാൻ കഴിഞ്ഞാൽ 15000 വീടുകൾക്ക് വൈദ്യുതോർജം നൽകാൻ സാധിക്കും. മീഥെയ്ൻ പ്രധാനപ്പെട്ട ഒരു ഹരിതഗൃഹ വാതകമാണ്. ഇവയുടെ ആധിക്യം കാലാവസ്ഥാ വ്യതിയാനത്തിന് ഇടവരുത്തും. കാർബൺ ഡയോക്സൈഡ് സംഭരിക്കുന്നതിനേക്കാൾ 30 മടങ്ങ് താപോർജം സംഭരിക്കാൻ അതേ അളവിലുള്ള മീഥെയ്ന് കഴിവുണ്ട്. 

കാർഷിക പ്രവർത്തനങ്ങൾ മൂലമുള്ള മീഥെയ്ൻ വികിരണത്തിന്റെ തോത് അളക്കാൻ പ്രയാസമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ലോകത്ത് സംഭവിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ വികിരണത്തിൽ 9.6 ശതമാനവും കാർഷിക പ്രവർത്തനങ്ങൾ മൂലമാണെന്നാണ് യുഎസിന്റെ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നത്. മീഥെയ്ൻ വികിരണത്തിന്റെ ആകെയുള്ളതിൽ 36 ശതമാനവും സംഭവിക്കുന്നത് കന്നുകാലി ഫാമുകൾ, പശു വളർത്തൽ കേന്ദ്രങ്ങൾ എന്നിവയിൽ നിന്നാണ്. ലോകമെമ്പാടും 140 കോടി പശുക്കളുണ്ടെന്നാണു കണക്കാക്കുന്നത്. ഇവയിൽ ഓരോന്നും ദിവസം തോറും 500 ലിറ്റർ മീഥെയ്ൻ അന്തരീക്ഷത്തിലേക്കു പുറത്തുവിടുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. എന്ററിക് ഫെർമന്റേഷൻ എന്ന പ്രക്രിയ മൂലമാണിത്. 

മീഥെയ്ൻ വികിരണം കുറയ്ക്കുക എന്നത് യുഎസിലെ ജോ ബൈഡൻ ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ധാരാളം ഫാമുകളുള്ള കലിഫോർണിയ യുഎസിൽ ഏറ്റവും കൂടുതൽ മീഥെയ്ൻ വികിരണത്തിനു കാരണമാകുന്ന സംസ്ഥാനമാണ്. പശുക്കളിൽ നിന്നും കന്നുകാലികളിൽ നിന്നുമുള്ള മീഥെയ്ൻ വികിരണം കുറയ്ക്കാനായി ഇവയ്ക്ക് പ്രത്യേക തരം തീറ്റ നൽകുന്നതുൾപ്പെടെയുള്ള പ്രതിവിധികൾ യുഎസിന്റെ പരിഗണനയിലുണ്ട്. കടലിൽ കണ്ടുവരുന്ന ചില പ്രത്യേകയിനം ആൽഗെകൾ കാലിത്തീറ്റയിൽ കലർത്തുന്നത് മീഥെയ്ൻ വികിരണത്തോത് മൂന്നിലൊന്നായി കുറയ്ക്കുമെന്ന് നേരത്തെ പഠനത്തിൽ തെളി‍ഞ്ഞിരുന്നു. ഈ മാസമാദ്യം വെയ്‌ൽസിൽ നടന്ന ടെറ കാർട്ട ഡിസൈൻലാബ് സാങ്കേതിക മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് പശുക്കളുടെ ഏമ്പക്കത്തിൽ നിന്നുള്ള മീഥെയ്ൻ പുറന്തള്ളൽ തടയുന്ന മാസ്കാണ്. വെയ്‌ൽസിലെ റോയൽ കോളജ് ഓഫ് ആർട്സിലെ വിദ്യാർഥികളാണു ഈ മാസ്ക് ഡിസൈൻ ചെയ്തത്. 

English Summary: Cow burps measured from space, revealing contribution to climate change

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA