ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ പാമ്പുകളാണ് അനക്കോണ്ടകള്‍. മുതലകളെയും ജാഗ്വറുകളെയും വരെ അകത്താക്കാന്‍ ശേഷിയുള്ളവ. ഡോള്‍ഫിനുകളാകട്ടെ മനുഷ്യരെ സംബന്ധിച്ച് ഏറ്റവും സൗഹാര്‍ദ സ്വഭാവമുള്ള ജലജീവികളാണ്. ഡോള്‍ഫിനുകളും ആമസോൺ കാടുകളിൽ ജീവിക്കുന്ന അനക്കോണ്ടയും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ആരും സങ്കല്‍പ്പിക്കുന്നുണ്ടാകില്ല. അങ്ങനെ ഏറ്റുമുട്ടലുണ്ടായാല്‍ത്തന്നെ ഡോള്‍ഫിനുകൾ വിജയിക്കാനും സാധ്യതയില്ല. എന്നാല്‍ അത്തരമൊരു ഏറ്റുമുട്ടലിന് ചില ഗവേഷകർ സാക്ഷികളായി. ബേനി വിഭാഗത്തില്‍ പെട്ട അനക്കോണ്ടയും ആമസോണ്‍ നദിയില്‍ കാണപ്പെടുന്ന ഡോള്‍ഫിനും തമ്മിലായിരുന്നു ‘യുദ്ധം.’ ഗവേഷകസംഘത്തിലെ ഒരാൾ അതിന്റെ ചിത്രങ്ങളുമെടുത്തു. അനാക്കോണ്ടയെ കടിച്ചുപിടിച്ച് നദിപ്പരപ്പിൽ നീന്തുന്ന രണ്ട് ഡോള്‍ഫിനുകളാണ് ചിത്രത്തിലുള്ളത്.

 

2021 ഓഗസ്റ്റിലാണ് ആമസോണ്‍ പര്യടനത്തിനിടെ ബൊളീവിയൻ മേഖലയിൽ ആമസോണിന്‍റെ കൈവഴികളില്‍ ഒന്നായ തിജാമൂച്ചി നദിയിൽ ഗവേഷകർ ആ അപൂർവ കാഴ്ച കണ്ടത്. സാധാരണ നദീ ഡോള്‍ഫിനുകളെ നദിയുടെ ഉപരിതലത്തില്‍ കാണുക വിരളമാണ്. ഇതിന് വിരുദ്ധമായി ജലപ്പരപ്പില്‍ ഒരു കൂട്ടം ഡോള്‍ഫിനുകളുടെ തലകള്‍ ഏറെ നേരമായി ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടാണ് ഗവേഷകര്‍ ശ്രദ്ധിച്ചത്. ആറ് ഡോള്‍ഫിനുകളെങ്കിലും ആ സംഘത്തിലുണ്ടായിരുന്നു. അവയുടെ ചിത്രങ്ങളെടുത്തു നോക്കിയപ്പോഴാണ് അതിനിടയിൽ ഒരു അനക്കോണ്ടയെ കണ്ടെത്തിയത്. 

 

ഡോള്‍ഫിനുകള്‍ക്കിടയില്‍ വന്നുപെട്ടതാണ് അനക്കോണ്ട എന്നാണ് അവര്‍ ആദ്യം കരുതിയത്. എന്നാല്‍ ശ്രദ്ധിച്ചപ്പോൾ, അതിനു ജീവനില്ലെന്നു തിരിച്ചറിഞ്ഞു. ഡോള്‍ഫിനുകള്‍ അനക്കോണ്ടയെ ഭക്ഷണമാക്കുകയാണെന്നും അവര്‍ മനസ്സിലാക്കി. ഏഴു മിനിറ്റോളം അനാക്കോണ്ടയുമായി ഡോള്‍ഫിനുകള്‍ നദിയുടെ മുകള്‍പ്പരപ്പിലുണ്ടായിരുന്നു എന്നും ഗവേഷകര്‍ വിശദീകരിച്ചു.

 

അനക്കോണ്ടയെ ഇരയാക്കുക മാത്രമായിരുന്നില്ല, കുറച്ചു സമയം പാമ്പിനെ ഉപയോഗിച്ച് ഈ ഡോള്‍ഫിനുകള്‍ കളിച്ചെന്നും ഗവേഷകര്‍ പറയുന്നു.  അതുകൊണ്ടുതന്നെ, വേട്ടയാടുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കില്ല ഈ പാമ്പിനെ ഡോള്‍ഫിനുകള്‍ സമീപിച്ചതെന്നും ഒരു കളിപ്പാട്ടം എന്ന രീതിയില്‍ അനക്കോണ്ടയെ പിടികൂടുകയും പിന്നീട് അതിനെ കൊന്നു ഭക്ഷണമാക്കുകയായിരുന്നെന്നും ഗവേഷകർ കണക്കുകൂട്ടുന്നു.

 

അനക്കോണ്ടകളിലെ താരതമ്യേന കുഞ്ഞന്‍മാരായ വര്‍ഗമാണ് ബെനി. 2 മീറ്റര്‍ വരെ ശരാശരി നീളം വയ്ക്കുന്ന ഇവ ബൊളീവിയയിലെ ആമസോണ്‍ കാടുകളില്‍ നദീ ഡോള്‍ഫിനുകളുമായി ആവാസവ്യവസ്ഥ പങ്കിടുന്നവയാണ്. നദീ ഡോള്‍ഫിനുകളാകട്ടെ കടല്‍ ഡോള്‍ഫിനുകളെ അപേക്ഷിച്ച് നിരീക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ജീവികളാണ്.

English Summary: Yes, Those Are Dolphins With an Anaconda. There's a Perfectly Good Explanation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com