ADVERTISEMENT

ചൈനയിൽ 630 അടി ആഴമുള്ള പടുകൂറ്റൻ ഗർത്തത്തിൽ പര്യവേക്ഷണം നടത്തിയ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഇടതൂർന്ന് നിൽക്കുന്ന അപൂർവമരങ്ങളും ചെടികളും അടങ്ങിയ നിബിഡവനം. ഇതിനൊപ്പം തന്നെ ഗുഹകളിലേക്കുള്ള 3 പ്രവേശന കവാടങ്ങളും കുഴിക്കുള്ളിൽ കണ്ടെത്തി. 130 മീറ്ററാണ് ഈ കുഴിയുടെ ആഴം. അനേകം അംബരചുംബികൾ നിറച്ചാൽ പോലും പിന്നെയും കുഴിയിൽ സ്ഥലം ബാക്കിയാകുമെന്ന് ആലങ്കാരികമായി ശാസ്ത്രജ്ഞർ പറഞ്ഞു. അനേകം മണിക്കൂറുകൾ എടുത്താണ് ഈ കുഴിയുടെ അടിത്തട്ടിലേക്ക് ശാസ്ത്രജ്ഞർക്ക് ഇറങ്ങാൻ സാധിച്ചത്.

തെക്കൻ ചൈനയിലെ ഗാങ്‌സി ഷുവാങ് മേഖലയിലെ  ലെയെ കൗണ്ടിയിലുള്ള പിങ്‌സ് ഗ്രാമത്തിനു സമീപമാണ് ഈ പടുകൂറ്റൻ ഗർത്തം സ്ഥിതി ചെയ്യുന്നത്. ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 19 ശാസ്ത്രജ്ഞർ അടങ്ങുന്ന സംഘമാണ് കുഴിയിൽ പര്യവേക്ഷണം നടത്തുന്നത്.

 

ചൈനയിൽ ഇത്തരം പടുകൂറ്റൻ ഗർത്തങ്ങൾ അറിയപ്പെടുന്നത് ടിയാൻകെങ് എന്ന പേരിലാണ്. സ്വർഗത്തിലേക്കുള്ള കവാടം എന്നാണ് ഇതിന്‌റെ അർഥം. കുഴിക്കുള്ളിൽ മരങ്ങൾ മാത്രമല്ലെന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത തരത്തിലുള്ള അപൂർവയിനം മൃഗങ്ങളുണ്ടാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. 130 അടി വരെ പൊക്കമുള്ള മരങ്ങൾ ഇവിടുണ്ടത്രേ. കാലങ്ങളായി മനുഷ്യസ്പർശമേൽക്കാത്ത പ്രാചീന കന്യാവനങ്ങളാണ് ഇവ. തെക്കൻ ചൈനയിലെ ഭൗമപ്രകൃതി കാർസ്റ്റ് ടോപോഗ്രഫി എന്നാണ് അറിയപ്പെടുന്നത്. വലിയ രീതിയിൽ അമ്ലാംശമുള്ള ഭൂഗർഭജലം ഇവിടങ്ങളിലെ കീഴ്മണ്ണിലും അടിവശത്തുള്ള പാറക്കെട്ടിലും ഒഴുകുകയും ഇവ അതുമൂലം നശിച്ച് ഉള്ളിൽ ശൂന്യസ്ഥലം രൂപപ്പെടുകയും ചെയ്യും. ശൂന്യസ്ഥലങ്ങൾ രൂപപ്പെട്ടതുമൂലം മുകളിലുള്ള മണ്ണിനെ താങ്ങിനിർത്താനുള്ള കഴിവ് പ്രകൃതിക്ക് നഷ്ടപ്പെടുന്നതോടെ ഉപരിതലം ഇടിഞ്ഞു താഴേക്കു പതിച്ചാണു ഗർത്തങ്ങൾ ഉണ്ടാകുന്നത്. സിങ്ക്‌ഹോളുകൾ എന്ന് ഇവ അറിയപ്പെടുന്നു.

 

തെക്കൻ ചൈനയിൽ ഇത്തരം ഗർത്തങ്ങൾ വളരെ സാധാരണമാണ്. 30 ഗർത്തങ്ങൾ ഇതുവരെ ഇവിടെ കണ്ടെത്തിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കഴിഞ്ഞ വർഷം ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ കടുത്ത മഴമൂലം ഉടലെടുത്ത പ്രളയത്തിനിടെ ഇത്തരമൊരു വലിയ സിങ്ക്‌ഹോൾ രൂപപ്പെട്ടതും ഇതിനുള്ളിലേക്ക് ആളുകൾ വീണതും വിഡിയോദൃശ്യങ്ങളിലൂടെ ലോകമെങ്ങും പ്രചരിച്ചിരുന്നു. 2020ൽ ഇതുപോലെ ഒരു പടുകുഴി ചൈനയിലെ സിനിങ് നഗരത്തിലെ റോഡിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും ഇതിനുള്ളിലേക്ക് ഒരു ബസ് പതിച്ച് അതിലെ 6 യാത്രക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ലോകത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്.

 

English Summary: Giant sinkhole with a forest inside found in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com