ADVERTISEMENT

ആഗോളതാപനം മൂലം അനുഭവപ്പെടുന്ന കടുത്ത വരൾച്ചയിൽ പേടിപ്പെടുത്തുന്ന സംഭവത്തിനു സാക്ഷിയായിരിക്കുകയാണ് ലാസ് വേഗസിലെ മീഡ് തടാകം. യുഎസിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ ഈ തടാകത്തിൽ ജലം പിൻവലിഞ്ഞ് അടിത്തട്ട് തെളിഞ്ഞതിനൊപ്പം പ്രത്യക്ഷപ്പെട്ടത് പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു വീപ്പയാണ്. ആ വീപ്പയ്ക്കുള്ളിൽ അടച്ചനിലയിൽ ഒരു അസ്ഥികൂടവും.

തെക്കുപടിഞ്ഞാറൻ യുഎസിൽ കൊളറാഡോ നദിയിൽ ഹൂവർ ഡാം കാരണമുണ്ടായ ജലസംഭരണിയാണ് ലേക് മീഡ്. അരിസോന, കലിഫോർണിയ, നെവാഡ എന്നിവിടങ്ങളിലേക്ക് ജലവിതരണം ഇവിടെനിന്നാണ്. ഇവിടെ ബോട്ടിങ് നടത്താൻ എത്തിയവർക്കാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള വീപ്പ ചെളിയിൽ പുതഞ്ഞ നിലയിൽ കിട്ടിയത്. വീപ്പയുടെ ഭാഗങ്ങൾ ദ്രവിച്ചുപോയതിനാൽ അകത്തെന്താണെന്നു കാണാൻ സാധിക്കുമായിരുന്നു. സമീപത്തായി റോന്ത് ചുറ്റുകയായിരുന്ന നാഷനൽ പാർക് റേഞ്ചേഴ്‌സ് വീപ്പ കണ്ടെത്തുകയും അതിനുള്ളിൽ അസ്ഥികൂടവും മറ്റ് അവശേഷിപ്പുകളും കണ്ടെത്തുകയുമായിരുന്നു. തടാകത്തിൽ ഈ വിധത്തിൽ വേറെയും വീപ്പയിലടച്ച അസ്ഥികൂടങ്ങൾ ഉണ്ടാകുമെന്നും ജലനിരപ്പ് കുറഞ്ഞ് അടിത്തട്ട് കൂടുതൽ തെളിയുന്നതിനനുസരിച്ച് ഇവ വീണ്ടും പ്രത്യക്ഷപ്പെടുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.

1970-80 കാലഘട്ടത്തിലെ വേഷവിധാനങ്ങളും ഷൂസുകളും വീപ്പയിൽ നിന്നു കണ്ടെത്തിയിരുന്നു. അക്കാലത്ത് കൊലപാതകത്തിനിരയായ ആളാണ് വീപ്പയിലെ അസ്ഥികൂടമെന്നാണ് അധികൃതർ പറയുന്നത്. അന്നത്തെ കാലത്ത് ആഴത്തിൽ ഇട്ടതാണു വീപ്പ. ഇപ്പോൾ ജലം കുറഞ്ഞപ്പോൾ ഇതു പുതഞ്ഞ സ്ഥലം പുറത്തുകാണുകയായിരുന്നു. അസ്ഥികൂടം ആരുടേതെന്ന അന്വേഷണത്തിലാണു പൊലീസ്. വെറും 1054 അടിയാണ് മീഡ് തടാകത്തിലെ ഇപ്പോഴത്തെ ജലനിരപ്പിന്റെ ഉയരം. 1930ൽ ഡാം സ്ഥാപിക്കപ്പെട്ടശേഷമുള്ള ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്.

രണ്ടാമതായൊരു വീപ്പയും ഇത്തരത്തിൽ കണ്ടെത്തിയതായി അഭ്യൂഹമുണ്ട്. എഴുപതുകളിലും എൺപതുകളിലും ഗ്യാങ്ങുകളും മാഫിയയും ലാസ് വേഗസ് നഗരത്തിൽ ശക്തമായിരുന്നു. ഇവരാകാം വീപ്പയിലടച്ച അസ്ഥികൂടങ്ങൾക്കു പിന്നിലെന്ന് അഭ്യൂഹമുയരുന്നുണ്ട്. എതിരാളികളെ കൊന്നു വീപ്പയിലടച്ചു തടാകത്തിലും പുഴകളിലും തള്ളുന്നത് ലാസ് വേഗസിലെ ചില ഗ്യാങ്ങുകളുടെ രീതിയായിരുന്നു.

English Summary: Authorities find human remains in Lake Mead twice in one week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com