ADVERTISEMENT

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കന്‍ കര്‍ണാടകത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടതിനെത്തുടര്‍ന്നാണ് ജാഗ്രതാ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും. മല്‍സ്യബന്ധനത്തിനും രാത്രിയാത്രക്കുമുള്ള വിലക്ക് തുടരും. ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതിനിടെ, കോഴിക്കോട് മാവൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റ  സ്ലാബ് ഇളകി പുഴയില്‍ വീണു. ചാലിയാറിനു കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് വീണത്. 

അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്ന‍തിനാൽ 19 വരെ കേരളത്തിൽ അതിതീവ്രമഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുനനു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 19 വരെ ഒറ്റപ്പെട്ട ഇടങ്ങ‍ളിൽ മിന്ന‍ലോടു കൂടിയ മഴയുണ്ടാകും. കേരള തീര‍ത്തു നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനു പോകാൻ പാ‍ടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ  40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല. നാളെ വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗ‍ത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ  മത്സ്യബന്ധനം പാടില്ല. 

 

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ പലയിടത്തും കനത്ത മഴ പെയ്തു.  മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദേശമുള്ളതിനാൽ ഇവിടേ‍ക്കുളള യാത്രകൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൺട്രോൾ റൂമുകളിൽ മഴക്കെടുതികളെ‍ക്കുറിച്ച് 1077 എന്ന നമ്പ‍റിലും  വൈദ്യുതി സംബന്ധമായ പരാതികൾ 1912 എന്ന നമ്പ‍റിലും അറിയിക്കാം.  കൂടുതൽ ക്യാംപുകൾ തുടങ്ങാനും കലക്ടർമാർക്ക് നിർദേശം നൽകി. 

 

റെഡ് അലർട്ട് 

ഇന്ന് – എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ

 

ഓറഞ്ച് അലർട്ട്

ഇന്ന് – കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർകോട്.

നാളെ – എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.

18 – എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

19 –കണ്ണൂർ, കാസർകോട്.

 

യെലോ അലർട്ട് 

ഇന്ന് – തിരുവനന്തപുരം, പാലക്കാട്.

നാളെ –തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,  വയനാട്, കണ്ണൂർ, കാസർകോട്.

18 – കോട്ടയം, ഇടുക്കി.

19 – തിരുവനന്തപുരം, കൊല്ലം.

 

English Summary:  Heavy rain pounds Kerala, red alert in five districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com