ഡൽഹിയിൽ രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു വീണ്ടും ചൂടുയരുമെന്നു പ്രവചനം. വെള്ളിയാഴ്ച വരെ ഉഷ്ണതരംഗം രൂക്ഷമാകുമെന്നും താപനില 45 ഡിഗ്രി കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം ഇന്നലെ നഗരത്തിൽ ഭേദപ്പെട്ട അവസ്ഥയാണു രേഖപ്പെടുത്തിയത്. പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജങ്ങിൽ കൂടിയ താപനില 41.1 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ഞായറാഴ്ച ഇതു 45.6 ഡിഗ്രിയായിരുന്നു. മുൻഗേഷ്പുരിൽ 44.6 ഡിഗ്രിയും നജഫ്ഗഡിൽ 44.2 ഡിഗ്രിയുമായിരുന്നു ഇന്നലത്തെ ഉയർന്ന താപനില.
ചൂട് അതികഠിനമായി തുടരുന്നതിനിടെ നഗരം ശുദ്ധജല പ്രതിസന്ധിയിലേക്ക്. യമുനയിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞതോടെ വസീറാബാദ്, ചന്ദ്രവാൽ, ഓഖ്ല ശുചീകരണ പ്ലാന്റുകളിലെ പ്രവർത്തനം മന്ദഗതിയിലായി. നഗരത്തിലെ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നാണു വിലയിരുത്തൽ. ജലവിതരണം സാധാരണ നിലയിലാക്കണമെന്നു ഹരിയാന സർക്കാരിനു ഡൽഹി സർക്കാർ എസ്ഒഎസ് സന്ദേശം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.
ഈ പ്ലാന്റുകളിൽ നിന്നുള്ള ജല വിതരണം 40 ശതമാനത്തോളം കുറഞ്ഞുവെന്നു ജല ബോർഡ് ഉദ്യോഗസ്ഥർ പറയുന്നു. വസീറാബാദ് കനാലിലെ വെള്ളത്തിന്റെ നില 669.4 അടിയായി കുറഞ്ഞുവെന്നും ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിലയാണിതെന്നും ഉദ്യോഗസ്ഥർ പറയുന്നു. വസീറാബാദ് കനാലിലെ വെള്ളത്തിന്റെ സാധാരണ നില 674.5 അടിയാണ്. ശനിയാഴ്ച ഇതു 670.4 അടിയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ വെള്ളത്തിന്റെ നില 667 അടിയായി കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഹരിയാന സർക്കാരിനെതിരെ ജല ബോർഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
തിങ്കളാഴ്ച നഗരച്ചൂടിന് അൽപം ആശ്വാസമുണ്ടായിരുന്നു. ഞായറാഴ്ച 49 ഡിഗ്രി വരെയെത്തിയ കൂടിയ താപനിലയിൽ 5 ഡിഗ്രിയോളം കുറവുണ്ടായി. നഗരത്തിലെ പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജങ്ങിൽ 42.4 ഡിഗ്രിയാണു തിങ്കളാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില. നോർത്ത് വെസ്റ്റ് ഡൽഹിയിലുള്ള മുൻഗേഷ്പുർ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 44.4 ഡിഗ്രിയായിരുന്നു. ഞായറാഴ്ചയിലിതു 49.2 ഡിഗ്രി എന്ന നിലയായിരുന്നു. സൗത്ത് വെസ്റ്റ് ഭാഗത്തുള്ള നജഫ്ഗഡിൽ ഇന്നലെ രേഖപ്പെടുത്തിയത് 44.7 ഡിഗ്രിയാണ്. ഞായറാഴ്ച 49.1 ഡിഗ്രിയായിരുന്നു. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റാണ് ചൂടിന് അൽപം ശമനം നൽകിയതെന്നാണു വിലയിരുത്തൽ. വരും ദിവസങ്ങളിൽ താപനില വീണ്ടും ഉയരുമെന്നും വെള്ളിയാഴ്ച വീണ്ടും 45 ഡിഗ്രി കടക്കുമെന്നുമാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
English Summary: Day temperatures set to start soaring again in Delhi