ADVERTISEMENT

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിനു മുകളിലും തെക്കന്‍ കര്‍ണാടകത്തിലും ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കാരണം. പലയിടങ്ങളിലും മഴ തുടരുകയാണ്. കാസര്‍കോട് ജില്ലയില്‍ പുലര്‍ച്ചെ വരെ പലയിടത്തും മഴ പെയ്തു. നിലവില്‍ മൂടിക്കെട്ടിയ അവസ്ഥയാണ്. വയനാട്ടില്‍ ഇന്നലെ രാത്രിമുതല്‍ മഴ പെയ്യുന്നുണ്ട്. പാലക്കാട് ഇന്നലെ രാത്രി തുടങ്ങി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അട്ടപ്പാടി, ചിറ്റൂര്‍ മേഖലകളിലാണ് കനത്ത മഴ. ഇടുക്കിയില്‍ നിലവില്‍  മൂടിക്കെട്ടിയ അന്തരീക്ഷമാണ്. തെക്കന്‍ ജില്ലകളില്‍ രാത്രി മുഴുവന്‍ ഇടതോരാതെ പെയ്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ ഇന്നലെ രാത്രി മൂന്നുമണിക്കൂറോളം പെയ്ത കനത്ത മഴയിൽ നഗരത്തിലെ പലയിടങ്ങളിലും വെള്ളംകയറി. വാഹനഗതാഗതം മണിക്കൂറോളം തടസപ്പെട്ടു. അണ്ടർ പാസുകൾ എല്ലാം വെള്ളക്കെട്ടിൽ ആണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും ചേരിയിലും ഇപ്പോഴും വെള്ളത്തിലാണ്.

 

 Rains to continue in Kerala today
Image Credit: Shutterstock

അസാധാരണ സ്വഭാവ വ്യതിയാനങ്ങളാണ് ഒരു ദശകത്തോളമായി തെക്കുപടിഞ്ഞാറൻ കാലവർഷം കാണിക്കുന്നത്. മധ്യേന്ത്യയിലും വടക്കേയിന്ത്യയിലും തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുമ്പോൾ ദക്ഷിണേന്ത്യയിൽ  കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അസാധാരണമായ ഈ സ്വഭാവ മാറ്റത്തിന്റെ ഫലം കഴിഞ്ഞ കുറച്ചു കാലമായി  കേരളം അനുഭവിക്കുകയാണ്.  തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കേരളത്തിൽ ശരാശരി 122  ദിവസങ്ങൾ കൊണ്ട് 210 സെന്റിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്തു കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷമായി മുപ്പതോ നാൽപ്പതോ ദിവസം കൊണ്ട്  ഇത്രയും തന്നെ മഴ കിട്ടുന്നു

 

heavy-rain-in-kerala4

ഇന്ത്യയുടെ തെക്കൻ തീരങ്ങൾ കേന്ദ്രീകരിച്ചു ജലകണങ്ങൾ വലിയ തോതിൽ വന്നുചേരാൻ തുടങ്ങി. ദക്ഷിണാർധ  ഗോളത്തിൽ നിന്നുള്ള  ഇടവപ്പാതി കാറ്റുകൾ നല്ല രീതിയിൽ എത്തിത്തുടങ്ങി. അന്തരീക്ഷത്തിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി മുകളിലേക്കു കൂടിത്തുടങ്ങി. ഈ കാറ്റുകൾ കൃത്യമായ ദിശയിൽ സഹ്യപർവ്വതം കടന്ന് ഹിമാലയത്തിന്റെ തെക്ക് ഉത്തരേന്ത്യൻ സമതല പ്രദേശങ്ങളിൽ   രൂപപ്പെട്ട മൺസൂൺ ന്യൂനമർദ പാത്തിയിൽ എത്തുന്നു.  ഇതെല്ലാം ഒരു ഉത്തമ കാലാവർഷത്തിനു അനുകൂലമായ സാഹചര്യങ്ങൾ ആണ് .  ലക്ഷണം കണ്ടിട്ട് ഇടവപ്പാതി നേരത്തേ എത്തിയതായി കാണാം. ഇടവപ്പാതിയുടെ വരവിനെ നശിപ്പിക്കാൻ നോക്കി നിൽക്കുന്ന  ശത്രുവായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും അതിനുമപ്പുറം ശാന്ത സമുദ്രത്തിലെയും ചില പ്രതിഭാസങ്ങൾ നിൽക്കുന്നുണ്ട്. ആഗോള താപനത്തിന്റെ ശേഷിപ്പുകൾ നിശബ്ദമായി സഹിക്കുന്നത് ഈ സമുദ്രങ്ങളാണ്

 

കാലാകാലങ്ങളായി കാലവർഷത്തെ സ്വീകരിക്കുന്ന ഹിമാലയൻ താഴ് വാരങ്ങളിലെ മൺസൂൺ ന്യൂനമർദ പാത്തിക്കു പോലും  ശാന്തസമുദ്രത്തിൽ രൂപപ്പെടുന്ന ചക്രവാത ചുഴികളെ നോക്കി നിൽക്കാനേ കഴിയൂ. ദക്ഷിണേന്ത്യയിലെ കാലവർഷ കാറ്റുകളെ ഇപ്പോൾ നിയന്ത്രിക്കുന്നത് കൂടുതലും ശാന്ത സമുദ്രത്തിലെ ഇത്തരം പ്രതിഭാസങ്ങളാണെന്നു ശാസ്ത്ര സമൂഹം  പറയുന്നു.  സാധാരണയായി കടലിന്റെ അന്തരീക്ഷത്തിനു മുകളിൽ രൂപപ്പെടുന്ന ചുഴി രൂപത്തിലെ അതിശക്ത ചുഴലിക്കാറ്റിനെയാണ് നമ്മൾ ചക്രവാത ചുഴി എന്ന് പറയുന്നത്.  കാലാവസ്ഥാ വ്യതിയാനം മൂലം ഈ അടുത്തകാലത്ത് കേരളത്തിൽ കൂടുതൽ പ്രകടമായി കാണുന്ന രണ്ട് പ്രതിഭാസങ്ങളാണ് ചക്ര വാത ച്ചുഴിയും മേഘ വിസ്ഫോടനവും. സാധാരണയായി കടലിനു മുകളിലെ അന്തരീക്ഷത്തിൽ രൂപപ്പെടുന്ന ചുഴി രൂപത്തിലുള്ള ചുഴലിക്കാറ്റുകളെയാണ് ചക്രവാത ച്ചുഴികൾ എന്നു പറയുന്നത്. എന്നാൽ ഇപ്പോൾ ഇത് കര ഭൂമിയുടെ    മുകളിലും   കാണാൻ തുടങ്ങി.

 

പൊതുവെ പരക്കെയുള്ള നിമ്പോ സ്ട്രാറ്റസ് മേഘങ്ങൾ ആണ്  ഇടവപ്പാതിയിൽ  മഴ തരുന്നതെങ്കിലും കാലവർഷം ദുർബലമാവുമ്പോൾ ഭീമാകാരമായ കൂമ്പാര മേഘങ്ങൾ (ക്യുമുലസ് മേഘങ്ങൾ)  ഉണ്ടാകുകയും ചെയ്യും. ഈ കൂമ്പാര മേഘങ്ങൾ വളർന്നു  അന്തരീക്ഷത്തിൽ 20 കിലോമീറ്റർ വരെ ഉയരത്തിൽ എത്തി ഇടിമേഘങ്ങൾ ആകാറുണ്ട് . അവ ലഘു മേഘ വിസ്ഫോടനകൾക്കും കാരണമാകുന്നു. ഇടവപ്പാതി കാലത്തു കൂമ്പാരമേഘങ്ങൾ ഉണ്ടാകുന്നതു തന്നെ കാലവർഷത്തിന്റെ മാറുന്ന സ്വഭാവത്തിന്റെ ലക്ഷണങ്ങൾ ആണ്.

 

English Summary: Rains to continue in Kerala today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com