ADVERTISEMENT

30 അടി നീളം, അതായത് ഇന്നത്തെ കാലത്തെ ഒരു സ്കൂൾബസിന്റെ നീളം, ഭീമാകാരമായ ചിറകുകൾ. തൂവലുകളില്ലാത്ത അവ വവ്വാൽചിറകുകളെ അനുസ്മരിപ്പിക്കും. ഒന്നുനോക്കിയാൽ പേടിയാകുന്ന ക്രൂരമായ മുഖം. പറക്കാൻ കഴിവുള്ള ഉരഗവർഗമായ ടെറോസോറുകളിൽപെട്ട പുതിയ ജീവികളുടെ ഫോസിൽ അർജന്റീനയിൽ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. 8.6 കോടി വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഇവ ദിനോസറുകളുടെ സമകാലികരായിരുന്നു. 

 

തനാറ്റോസ്ഡ്രാഗൺ അമാരു എന്നാണ് ഈ ജീവികൾക്ക് ഗവേഷകർ നൽകിയിരിക്കുന്ന ശാസ്ത്രനാമം. മരണത്തിന്റെ ഡ്രാഗൺ എന്നാണ് ശാസ്ത്രജ്ഞർ ഇവയെ വിശേഷിപ്പിക്കുന്നത്. ആൻഡിസ് മലനിരകളിൽ അർജന്റീനയുടെ പടിഞ്ഞാറൻ മെൻഡോസ പ്രവിശ്യയിൽ പാറക്കൂട്ടത്തിനടിയിൽപെട്ട നിലയിലാണ് ഈ ടെറോസോറിന്റെ ഫോസിൽ ശാസ്ത്രജ്ഞർക്കു ലഭിച്ചത്. തെക്കൻ അമേരിക്കയിൽ നിന്നു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ടെറോസോർ ഫോസിലായ ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെറോസോർ ഫോസിലുകളിലൊന്നാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

പക്ഷികൾക്കും മുൻപ് ആകാശങ്ങൾ കൈയടക്കിയിരുന്ന ജീവികളായിരുന്ന ടെറോസോറുകൾ കീടങ്ങൾക്കു ശേഷം ലോകത്ത് ആദ്യമായി പറന്ന ജീവികളാണ്. ദിനോസറിന്റെ അതേകാലത്തുള്ളവരും ദിനോസറുകളുമായി സാമ്യം പുലർത്തുന്നവയുമായിരുന്നെങ്കിലും ഇവയെ ഒരു പ്രത്യേക വിഭാഗത്തിലുള്ള ഉരഗവർഗമായാണ് ഗവേഷകർ കൂട്ടുന്നത്. കരയിലുള്ള ഒരു ഉരഗജീവി പരിണമിച്ചാണ് ഇവയുണ്ടായത്. 150ൽ പരം ടെറോസോറുകളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ വലുപ്പം കുറഞ്ഞവയും 33 അടിവരെയൊക്കെ നീളം വരുന്ന പടുകൂറ്റൻ ഉടൽ ഉള്ളവയുമുണ്ട്. ഇവയുടെ എല്ലുകൾ സാന്ദ്രത കുറഞ്ഞവയാണ്. ഇന്നത്തെ കാലത്തെ പക്ഷികളെ പോലെ മികച്ച കാഴ്ചശക്തിയും ഇവയ്ക്കുണ്ടായിരുന്നു. 

 

66 ലക്ഷം വർഷം മുൻപ് മെക്സിക്കോയിൽ പതിഞ്ഞ ഛിന്നഗ്രഹം വമ്പൻ വിസ്ഫോടനത്തിനും കാലാവസ്ഥാ മാറ്റങ്ങൾക്കും വഴിവച്ചു. ഇതോടെ ദിനോസറുകളുടെ യുഗം ഭൂമിയിൽ അവസാനിച്ചു. ടെറോസറുകളും ഇക്കൂട്ടത്തിൽ നശിച്ചു. ഇന്നത്തെ കാലത്തെ പക്ഷികളുടെ പൂർവികർ ടെറോസോറുകളാണെന്ന് നേരത്തെ ശാസ്ത്രജ്ഞർ വിചാരിച്ചിരുന്നത്. എന്നാൽ ഇവയല്ല, രണ്ടുകാലിൽ നടന്നിരുന്ന ചില ദിനോസറുകളാണ് പക്ഷിവംശത്തിനു തുടക്കമിട്ടതെന്ന് ഇന്നു കരുതപ്പെടുന്നു. പക്ഷികളുടെയും ദിനോസറുകളുടെയും സവിശേഷതകളുള്ള ആർക്കയോട്രിപ്സ് എന്ന ആദിമകാല പക്ഷിയുടെ ഫോസിൽ കണ്ടെത്തിയതും ഈ വാദത്തിനു ബലമേകിയ സംഭവമാണ്.

 

English Summary:  Ancient massive 'Dragon of Death' flying reptile dug up in Argentina

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com