ഡൽഹിയിലെ കൊടുംചൂടിന് ആശ്വാസം പകർന്ന് കനത്ത മഴയും കാറ്റും; താപനില 40നു താ‌ഴേക്ക്

 Rain, thunderstorm lash Delhi-NCR again; disrupt road, air traffic
Rain, thunderstorm lash Delhi-NCR again; disrupt road, air traffic
SHARE

ഡൽഹിയിൽ കൊടുംചൂടിന് ആശ്വാസം പകർന്ന് കനത്ത മഴയും കാറ്റും. ഇന്നലെ പുലർച്ചെ ശക്തമായ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ പെയ്ത മഴയിലും കാറ്റിലും വീടുകൾ തകർന്ന് 8 പേർക്കു പരുക്കേറ്റു. ഇന്നലെ രാത്രിയിലും കനത്ത മഴയായിരുന്നു. ‌ഗതാഗതക്കുരുക്കിൽ പല സ്ഥലങ്ങളിലും വാഹന ഗതാഗതം സ്തംഭിക്കുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. വിമാനങ്ങളുടെ സർവീസിനെയും മഴയും കാറ്റും അവതാളത്തിലാക്കി. കൂടിയ താപനില ഏകദേശം 49 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന ഡൽഹിയിൽ അപ്രതീക്ഷിതമായി മഴ പെയ്തത് ഏറെ ആശ്വാസം പകർന്നു. 

കനത്ത മഴയിലും കാറ്റിലും ജവാൽപുരി, ഗോകാൽപുരി, ശങ്കർ റോഡ്, മോത്തി നഗർ എന്നിവിടങ്ങളിൽ വീടുകൾ തകർന്നു. നഗരത്തിലെ 44 സ്ഥലങ്ങളിൽ മരങ്ങൾ വീണ് നാശനഷ്ടങ്ങളുണ്ടായതായി കോർപറേഷൻ അധികൃതർ വ്യക്തമാക്കി. മോത്തി ബാഗിൽ കാറിനു മുകളിൽ മരം വീണെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. ഡൽഹി കന്റോൺമെന്റ്, ദൗള കുവ എന്നിവിടങ്ങളിലും കാറുകൾക്ക് മുകളിൽ മരംവീണെങ്കിലും ആർക്കും പരുക്കില്ല. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുതി കമ്പികൾക്കു മുകളിൽ വീണതോടെയാണ് പല സ്ഥലത്തും വൈദ്യുതി തടസ്സപ്പെട്ടത്. 

മഴ കാരണം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഐടിഒ, ഡിഎൻഡി മേൽപ്പാലം, നർസിങ്പുർ- ജയ്പുർ റോഡ‍്, പൂൾ പ്രഹ്ലാദ്പുർ അടിപ്പാത, വസന്ത്‍വിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കനത്ത മഴ കാരണം ഗുരുഗ്രാമിലും ഗതാഗതക്കുരുക്കും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു. റോഡുകളിലെ വെള്ളക്കെട്ടു കാരണം ചില സ്ഥലങ്ങളിൽ വൻ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടുനിന്നു. മരങ്ങൾ വീണും യാത്രയ്ക്കു തടസ്സമുണ്ടായി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2,500 പൊലീസുകാരെ നിയോഗിച്ചതായി ഡിസിപി (ട്രാഫിക്) രവീന്ദർ കുമാർ തോമർ വ്യക്തമാക്കി. 

ദിവസങ്ങൾക്കു ശേഷം നഗരത്തിലെ ഉയർന്ന താപനില 40നു താ‌ഴെയെത്തി. ഇന്നലെ ഉയർന്ന താപനില 39.3 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ശരാശരിക്ക് ഒരു ഡിഗ്രി താഴെ. കുറഞ്ഞ താപനില 23.1 ഡിഗ്രിയാണു രേഖ‌പ്പെടുത്തിയത്. സീസണിലെ ശരാശരിക്കു 3 ഡിഗ്രി കുറവ്. ശനിയാഴ്ച ഉയർന്ന താപനില 42.4 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ശക്തമായ കാറ്റും പലയിടത്തും പെയ്ത മഴയുമെല്ലാമാണ് ചൂടിന് അൽപ്പം ശമനം നൽകിയത്. ഇ‌ന്നും പലയിടത്തും നേരിയ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്ര‌വചനം. 50–60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റു വീശുമെന്നും പ്രവചനമുണ്ട്.

English Summary: Rain, thunderstorm lash Delhi-NCR again; disrupt road, air traffic

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA