ADVERTISEMENT

അമേരിക്കയിലും വടക്കൻ മേഖലകളിലും സാധാരണയായി കാണപ്പെടുന്ന ബംബിൾ വൻ തേനീച്ചകളെ ഈച്ചകളുടെ ഗണത്തിൽ നിന്നു മാറ്റി മത്സ്യങ്ങളുടെ ഗണത്തിലാക്കി കലിഫോർണിയയിലെ കോടതി. ഇവയെ വംശനാശഭീഷണി നേരിടുന്ന ജീവിവിഭാഗങ്ങളായി പരിഗണിക്കാനാണു കോടതിയുടെ ഈ നീക്കം. ഒട്ടേറെ കാർഷിക സംഘടനകൾ ബംബിൾ ബീകളുടെ നിയമപരമായ സംരക്ഷണം ആവശ്യപ്പെട്ട് പെറ്റീഷൻ നൽകിയിരുന്നു. 

എന്നാൽ കലിഫോർണിയ എൻഡേഞ്ചേഡ് സ്പീഷീസ് ആക്ട് പ്രകാരം പക്ഷികൾ, സസ്തനികൾ, മീനുകൾ, ഉരഗങ്ങൾ, ഉഭയജീവികൾ, ചെടികൾ എന്നിവയെ മാത്രമെ വംശനാശം നേരിടുന്ന  ജീവികളായി പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. ഈച്ചകളുൾപ്പെടെ കീടങ്ങൾ ഇക്കൂട്ടത്തിൽ വരികയില്ല.

 

എന്നാൽ ക്രോച്ച്, ഫ്രാങ്ക്ളിൻ, സക്‌ലി കുക്കൂ, വെസ്റ്റേൺ ബംബിൾ ബീ എന്നിവരെ വംശനാശം നേരിടുന്നവയായി പ്രഖ്യാപിക്കണമെന്ന് കർഷകസംഘടനകൾ ശക്തമായി ആവശ്യപ്പെട്ടു. തുടർന്നാണ് കലിഫോർണിയ സ്റ്റേറ്റ് അപ്പലേറ്റ് കോർട്ട് ബംബിൾ ബീകളെ മീനുകളുടെ വിഭാഗത്തിൽ പെടുത്തി നിയമം നവീകരിച്ചത്. വളരെ വലിയ ഹർഷാരവത്തോടെയാണു കോടതിയുടെ നടപടിയെ കാർഷിക സംഘടനകൾ സ്വീകരിച്ചത്.

സാധാ ഈച്ചകളും തേനീച്ചകളുമൊക്കെ ഉൾപ്പെടുന്ന ഏപിഡെ കുടുംബത്തിൽ ഉൾപ്പെട്ട ഈച്ചവിഭാഗങ്ങളാണ് ബംബിൾ തേനീച്ചകൾ. ഭൂമിയുടെ വടക്കൻ മേഖലകൾ കൂടാതെ തെക്കൻ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയിടങ്ങളിലും ചിലയിടങ്ങളിലായി ഇവ കാണപ്പെടാറുണ്ട്. 250ൽ അധികം തരത്തിലുള്ള ബംബിൾബീകളുണ്ട്.

 

തേനീച്ചകളെപ്പോലെ തന്നെ ഒറ്റ റാണിയുമായുള്ള കോളനികളുണ്ടാക്കുന്നവയാണ് ബംബിൾ ബീകളും.തേനീച്ചകളിൽ ഈച്ചകളുടെ അംഗസംഖ്യ കൂടുതലാണെങ്കിൽ ഇവയുടെ കാര്യത്തിൽ അത് 50 വരെയൊക്കെയേ ഉണ്ടാകൂ.  ഇവയിൽ തന്നെ കുക്കൂ ബംബിൾ ബീകൾ എന്നറിയപ്പെടുന്ന ഈച്ചകൾ കൂടുണ്ടാക്കാനൊന്നും മിനക്കെടാറില്ല. മറ്റു തരം ബംബിൾബീകളുടെ കൂടുകളിലേക്ക് ആക്രമിച്ചുകയറി അതിലെ റാണിയെ കൊന്നശേഷം ഇവ മുട്ടയിടും. ചത്ത പഴയ റാണിയുടെ പ്രജകളും സേവകരുമായ ഈച്ചകൾ പുതിയ റാണികളുടെ മുട്ടകൾ പരിപാലിക്കും.

 

തേനീച്ചകളെപ്പോലെ തന്നെ ബംബിൾ ബീകളും തേൻ ഉത്പാദിപ്പിക്കാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ അളവിൽ തങ്ങളുടെ ഉപയോഗത്തിനുമാത്രമായാണ് ഈ ഉത്പാദനം. അതിനാൽ തന്നെ ഇവയെ വാണിജ്യ തേൻകൃഷിക്കായി ഉപയോഗിക്കാറില്ല. എന്നാൽ പൂക്കളുടെ പരാഗണത്തിൽ ഇവ അതുല്യമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്. അതിനാൽ തന്നെ കർഷകരുടെ ഉറ്റ മിത്രങ്ങളുമാണ് ഇവ. യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇവയുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്ന അവസ്ഥയാണ് ഇപ്പോൾ. യന്ത്രവത്കൃത കൃഷിയും കള കളയാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുമാണ് ഇതിനു പ്രധാന കാരണം.

 

English Summary: Is a bee a fish? California court says it could be

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com