ADVERTISEMENT

അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെൽഫായ റോസ് മഞ്ഞുപാളിക്കടിയിൽ ഒരു നദിയും അതിൽ ജീവികളെയും കണ്ടെത്തി ശാസ്ത്രജ്ഞർ. റോസ് ഐസ്‌ഷെൽഫിന്റെ 1600 അടി താഴ്ചയിൽ ആണ് നദി കണ്ടെത്തിയത്. ന്യൂസീലൻഡിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്‌മോസ്‌ഫെറിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് അതിമർദ്ദത്തിൽ ഉഷ്ണജലം പുറപ്പെടുവിക്കുന്ന ഉപകരണം ഉപയോഗിച്ച് ഐസ് പാളി തുരന്ന് അടിയിൽ നദി കണ്ടെത്തിയത്. ഏകദേശം 10 കിലോമീറ്റർ നീളവും 800 അടി ആഴവുമുള്ളതാണു നദി. നദീഭാഗത്ത് പൂർണമായി ഇരുൾ മൂടിയതും കൊടുംതണുപ്പ് നിലനിൽക്കുന്നതുമായ സാഹചര്യമാണ്. ഇത്രയും പ്രതികൂല സാഹചര്യത്തിൽ ജീവികൾ വന്നതെങ്ങനെയെന്ന അന്വേഷണത്തിലാണു ശാസ്ത്രജ്ഞർ.

കൊഞ്ചുകളോട് സാമ്യമുള്ള ആംഫിപോഡുകൾ എന്ന ജീവികളാണ് ഈ നദിയിൽ കണ്ടെത്തപ്പെട്ട ജീവികൾ. ഇവയ്ക്ക് ജീവിക്കാനും പെരുകാനുമുള്ള ആവാസവ്യവസ്ഥ ഈ നദിയിലെ വെള്ളത്തിലുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജീവികൾക്ക് പോഷണത്തിനു വേണ്ട ധാതുക്കളും മറ്റും വെള്ളത്തിലുണ്ടാകാം. കൂടുതൽ വ്യക്തമായ വിവരങ്ങൾക്കായി ജലസാംപിളുകൾ ശേഖരിച്ചു പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്താനാണു ശാസ്ത്രജ്ഞർ ഉന്നമിടുന്നത്. അന്‌റാർട്ടിയയിലെ കട്ടിപിടിച്ചുള്ള ഐസ് പാളികൾക്കു താഴെയുള്ള ലോകങ്ങൾ ശാസ്ത്രത്തിന് എന്നുമൊരു ദുരൂഹതയാണ്. കട്ടിയേറിയ ഈ ഐസ് തുരന്നുമാത്രമേ താഴേക്കെത്തി ഇവയെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കൂ. എന്നാൽ പ്രതികൂലമായ കാലാവസ്ഥയും മറ്റു പരിതസ്ഥിതികളും എപ്പോഴും പ്രതിബന്ധം സൃഷ്ടിക്കും. എന്നാൽ ശക്തമായ ഗവേഷണം ഇവിടെ നടത്തിയാൽ മറഞ്ഞിരിക്കുന്ന കൗതുകകരമായ പല രഹസ്യങ്ങളും വെളിപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Scientists discover 10-km-long river 1,600 feet below Antarctica, surprisingly full of marine life
Image Credit: Design Projects/Shutterstock

കഴിഞ്ഞ വർഷം റോസ് ഐസ്‌ഷെൽഫിന്‌റെ നേരെ വിപരീത ദിശയിൽ സ്ഥിതി ചെയ്യുന്ന ഫിൽച്‌നർ റോൺ ഐസ് ഷെൽഫിന്റെ 4000 അടി ആഴത്തിൽ വിചിത്രമായ ചില ജീവികളെ ബ്രിട്ടിഷ് അന്‌റാർട്ടിക് സർവേയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ചലിക്കാത്ത സ്പഞ്ചുകൾ പോലുള്ള ജീവികളാണ് ആഴത്തിലെ പാറയിൽ പറ്റിപ്പടർന്നു വളരുന്ന നിലയിൽ കണ്ടെത്തിയത്. സാധാരണ ഗതിയിൽ ഇത്രയും താഴെ ജീവികളെ കണ്ടാൽത്തന്നെയും അവ സൂക്ഷ്മജീവികളോ ചലിക്കുന്ന ജീവികളോ ആയിരിക്കും. എന്നാൽ ചലിക്കാത്ത സ്പഞ്ചുകൾ തീരെ ധാതുസാന്നിധ്യമില്ലാത്ത ഈ മേഖലയിൽ എങ്ങനെ സ്ഥിതി ചെയ്യുന്നു എന്നതിന്റെ ഉത്തരം കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം അന്റാർട്ടിക്കയിലെ ഐസ് പാളികൾ റെക്കോർഡ് വേഗത്തിലാണ് ഉരുകുന്നതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ ഇവിടെയില്ലാതിരുന്ന അധിനിവേശ ജീവികൾ ഇങ്ങോട്ടേക്കു കടന്നുകയറാൻ ഈ സാഹചര്യം അവസരം നൽകിയേക്കാം. അങ്ങനെ വന്നാൽ ഇവിടെ നിലനിന്ന വളരെ ലോലമായ ജൈവവ്യവസ്ഥിതി മാറി മറിയുന്ന സ്ഥിതി വരും.

English Summary: Scientists discover 10-km-long river 1,600 feet below Antarctica, surprisingly full of marine life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com