ADVERTISEMENT

രാജ്യത്ത് ഏറ്റവും കൂടുതൽ വിശ്വസിച്ചു കുടിക്കാവുന്ന കിണർവെള്ളം കേരളത്തിലേതെന്നും കടുത്ത കീടനാശിനികൾ ഉപയോഗിച്ചു കൃഷി നടത്തുന്ന മേഖലകളിലെ വെള്ളത്തിന്റെ അവസ്ഥ അപകടകരമായ നിലയിലാണെന്നും ജലവുമായി ബന്ധപ്പെട്ട ഗവേഷണത്തിനുള്ള രാജ്യാന്തര പുരസ്കാരം നേടിയ മലയാളി ഐഐടി പ്രഫസർ ടി.പ്രദീപ്. പല മേഖലകളിലും ശുദ്ധജല ദൗർലഭ്യവും കുടിവെള്ള സ്രോതസുകളുടെ വ്യാപക മലിനീകരണവും നടക്കുന്നുണ്ട്. ഇതിനു ഫലപ്രദമായ പരിഹാരം കണ്ടെത്തിയാൽ കേരളം ശുദ്ധജലത്തിന്റെ കാര്യത്തിൽ രക്ഷപെടുമെന്നും രണ്ടു കോടിയോളം രൂപ സമ്മാനത്തുകയുള്ള പ്രിൻസ് സു‍ൽത്താൻ ബിൻ അബ്ദുൽ അസീസ് രാജ്യാന്തര ജലപുരസ്കാരം നേടിയ പ്രദീപ് പറഞ്ഞു. നാനോടെക്നോളജി ഉപയോഗപ്പെടുത്തി വെള്ളത്തിൽ നിന്ന് ആഴ്സനിക് വിഷാംശം നീക്കുന്ന സംവിധാനമൊരുക്കിയതാണു മലപ്പുറം പന്താവൂർ സ്വദേശിയും പത്മശ്രീ ജേതാവുമായ പ്രദീപിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 

 

∙ കുട്ടനാട് ശ്രദ്ധിക്കണം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കീടനാശികൾ ഉപയോഗിക്കുന്ന സ്ഥലം പഞ്ചാബാണ്. കാർഷിക മേഖലയിൽ വലിയ മുന്നേറ്റം പഞ്ചാബ് നടത്തുന്നുണ്ടെങ്കിലും അതിന്റെ പരിണിത ഫലം അതിഭീകരമാണെന്നു മനസ്സിലാക്കാം. കേരളത്തിലും കാർഷിക മേഖല; പ്രത്യേകിച്ച് ഏറെ ജലാശയങ്ങളുള്ള കുട്ടനാട് മേഖലയിൽ ഇക്കാര്യം ഏറെ ശ്രദ്ധിക്കണം. തുടർച്ചയായുള്ള കീടനാശിനികളുടെ ഉപയോഗം ജലസ്രോതസ്സുകളെ കാര്യമായി ബാധിക്കുന്നുണ്ട്. അനിയന്ത്രിതമായ കീടനാശിനി ഉപയോഗത്തിനു നിയന്ത്രണം കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. – പ്രദീപ് പറയുന്നു.

t-pradeep
ടി.പ്രദീപ്

 

∙ പുതിയ ചുവടുകളെക്കുറിച്ച് 

വെള്ളം വലിയൊരു വിഷയമാണ്. ഹ്യുമിഡിറ്റി ഹാർവെസ്റ്റിങ് (അന്തരീക്ഷത്തിൽ നിന്നു വെള്ളമുണ്ടാക്കുന്ന സംവിധാനം) മേഖലയിൽ പഠനം നടക്കുന്നുണ്ട്. വാട്ടർ സെൻസിങ് എന്നതാണു മറ്റൊരു വിഷയം. വെള്ളത്തിൽ എന്തുണ്ട് എന്നറിയണം. വളരെ ചെലവു കുറഞ്ഞ എന്നാൽ, വേഗത്തിൽ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളുമാണ് ഇപ്പോൾ ഗവേണത്തിലിരിക്കുന്ന മറ്റൊരു വിഷയം. വെള്ളത്തിലുള്ള മാലിന്യത്തിന്റെ അളവ്, കീടനാശിനിയുടെ അളവ് തുടങ്ങിയ ദിവസവും പരിശോധിക്കുമ്പോൾ വലിയൊരു വിവരശേഖരമുണ്ടാകും. ബിഗ് ഡേറ്റ എന്നാണു പറയുക. അതു വിശകലനം ചെയ്താൽ പലകാര്യങ്ങളും നമുക്കു മനസ്സിലാക്കാൻ കഴിയും. അതു സംബന്ധിച്ച പഠനവും നടക്കുന്നുണ്ട്. വെള്ളമെന്നു പറഞ്ഞാൽ അതു വിവരങ്ങളുടെ വലിയൊരു ശേഖരമായി മാറി ഇപ്പോൾ. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ വലിയൊരു ഇക്കോ സിസ്റ്റത്തെയാണു നാം നിരീക്ഷിക്കുന്നത്. ഇതിനെ ഹൈഡ്രോ ഇൻഫർമാറ്റിക്സ് എന്നാണു പറയുക. ഈ ശാഖ സംബന്ധിച്ച ഗവേഷണവും പുരോഗിക്കുകയാണ്. 

 

∙ അമൃതാണു വെള്ളം 

നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചു തയാറാക്കിയ സൂക്ഷ്മ കണങ്ങളാൽ നിർമിച്ച അരിപ്പ ഉപയോഗിച്ച് ആഴ്സനിക് അംശത്തെ വെള്ളത്തിൽ നിന്നു നീക്കം ചെയ്യുന്ന സംവിധാനമാണു തയാറാക്കിയത്. കുറഞ്ഞ ചെലവിൽ വെള്ളം ശുദ്ധി ചെയ്യുന്ന അമൃത് വാട്ടർ ഫിൽട്ടറിന്റെ പേന്റന്റ് പ്രദീപിനാണ്. കേന്ദ്ര സർക്കാർ ഇത് ഔദ്യോഗികമായി അംഗീകരിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.  2002ൽ ജലം സംബന്ധിച്ചു ഗവേഷണം തുടങ്ങിയ പ്രദീപിന്റെ പേരിൽ നിലവിൽ 90ൽ അധികം പേറ്റന്റുകളുണ്ട്. ആഴ്സനിക് അംശമില്ലാത്ത വെള്ളം 12 ലക്ഷത്തോളം പേർ കുടിക്കുന്നുണ്ട്. ഏതാണ്ട് 1.20 കോടി പേരാണ് പ്രതിദിനം പ്രദീപിന്റെ ഗവേഷണ ഫലമായി വിവിധ ഗുണഫലം അനുഭവിക്കുന്നത്.  
 

∙ ഗവേഷണ വഴിയിലേക്കു തിരിഞ്ഞതെപ്പോൾ..?

2002 വരെ ഞാൻ ബേസിക് സയൻസ് മാത്രം പരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. എന്നാൽ, ജലം, ശുദ്ധജലം തുടങ്ങിയ വിഷയങ്ങളിലേക്കു ചിന്ത വഴിമാറിയപ്പോഴാണു വിഷയത്തിന്റെ ആഴവും പ്രസക്തിയും മനസ്സിലായത്. ഇതോടെ കൂടുതൽ ഗൗരവമുള്ള പഠനവും ഗവേഷണവും തുടങ്ങി. നാനോ ടെക്നോളജി എങ്ങനെ ജലശുദ്ധീകരണത്തിന് ഉപയോഗിക്കാം എന്ന ചിന്ത വഴിയാണ് ആശയങ്ങൾ രൂപപ്പെട്ടത്. ഉത്തരേന്ത്യയിൽ ലക്ഷക്കണക്കിനു പേരുടെ ജീവനെടുക്കുന്നത് ആഴ്സനിക് അടങ്ങിയ വെള്ളമാണ്. ജലത്തിൽ നിന്ന് ആഴ്‌സനിക്കിനെ നീക്കം ചെയ്യുന്ന സംവിധാനം ഒരുക്കിയതിനു പിന്നാലെ വെള്ളത്തിൽ നിന്നു കീടനാശിനിയുടെ അംശം നീക്കുന്നതിനുള്ള ഫിൽറ്ററും നിർമിച്ചു. ജലത്തെക്കുറിച്ചു പഠിക്കുന്തോറും ഏറെ വിവരങ്ങൾ ലഭിച്ചു കൊണ്ടേയിരിക്കും. 

 

∙ ഗവേഷണത്തിനു വേണ്ടി വന്ന സമയം..?

ഓരോ ഉൽപന്നത്തിനും ചിലപ്പോൾ 7–8 വർഷം വരെയൊക്കെ വേണ്ടി വരാറുണ്ട്. ആഴ്സനിക്, കീടനാശിനി അംശം നീക്കം ചെയ്യുന്ന അരിപ്പയുണ്ടാക്കാൻ 7 വർഷം വേണ്ടി വന്നു. പലതും പലതവണ പരീക്ഷിച്ച് അംഗീകാരം നേടി പേന്റന്റായി വിപണിയിലെത്താൻ ഇത്രയും സമയം ആവശ്യമാണ്. ജലശുദ്ധീകരണ മേഖലയിലെ കണ്ടെത്തലുകൾ പുസ്തക രൂപത്തിൽ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. കൂടുതപ്പേർ നാനോടെക്നോളജി ശാഖയിലേക്കു കടന്നു വരുമെന്നാണു പ്രതീക്ഷ. 

 

∙ കുടുംബം

ഭാര്യ ശുഭ തിരൂർ പുറത്തൂർ സ്വദേശിനിയാണ്. വീട്ടമ്മ. മകൻ രഘു. കലിഫോർണിയ സർവകലാശാലയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി. ഇപ്പോൾ പോസ്റ്റ് ഡോക്ടറൽ പഠനത്തിൽ. മകൾ ലയ ചെന്നൈയിൽ ഡോക്ടറാണ്. 

 

English Summary: IIT Madras faculty gets award for developing nanoscale material to remove arsenic from water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com