‘നിഗൂഢ തുരങ്കം’ പാനമയിൽ നിന്ന് ഗാലപ്പഗോസ് ദ്വീപുകളിലേക്ക്; ചുരുളഴിയുന്ന ദുരൂഹത

 Geologists find a mysterious underground channel that connects galapagos with panama
പ്രതീകാത്മക ചിത്രം. Image Credit: Shutterstock
SHARE

വടക്കൻ അമേരിക്കയുടെയും തെക്കൻ അമേരിക്കയുടെയും ഇടയിൽ ഒരു ചെറിയ ഹുക്കിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണു പാനമ. ലോകപ്രശസ്തമായ പാനമ കനാൽ സ്ഥിതി ചെയ്യുന്ന സ്ഥലം. വടക്കൻ, തെക്കൻ അമേരിക്കൻ ഭൂഖണ്ഡപ്രദേശങ്ങളെ കൊളുത്തുന്നയിടം. പാനമയുടെ ഭൂമിശാസ്ത്രം പഠിക്കുന്ന ഭൗമശാസ്ത്രജ്ഞർക്കു മുന്നിൽ ഒരു വലിയ ദുരൂഹത എക്കാലവും തലയുയർത്തി നിന്നിരുന്നു. സജീവ അഗ്‌നിപർവതങ്ങൾ ഇല്ലാത്ത രാജ്യമാണ് പാനമ. എന്നാ‍ൽ തെക്കൻ അമേരിക്കൻ അഗ്നിപർവത മേഖലകളിലെ സവിശേഷതയായ, ഭൂഗർഭ കാമ്പായ മാന്റിലിലെ പാറ വസ്തുക്കളും മൂലകങ്ങളും പാനമയിലെ ജലശ്രോതസ്സുകളിൽ  കാണപ്പെടുന്നു. എങ്ങനെ ഇതു സംഭവിച്ചു എന്നുള്ള ചോദ്യത്തിനാണ് ഇപ്പോൾ ഒരു ഉത്തരം കിട്ടിയിരിക്കുന്നത്.

ആ ഉത്തരം ഇതാണ്.പാനമയിൽ നിന്നു ഒരുപാടു ദൂരെ സ്ഥിതി ചെയ്യുന്ന ഗാലപ്പഗോസ് ദ്വീപുകളുടെ അടിവശത്തുനിന്നുള്ള ഒരു മാഗ്മാ ശ്രോതസ്സിൽ നിന്നുള്ള വസ്തുക്കളും വാതകങ്ങളും ആയിരം കിലോമീറ്ററോളം നീളമുള്ള ഒരു ഭൂഗർഭ തുരങ്കത്തിലൂടെ പാനമയിൽ എത്തുകയാണ്. വുഡ്സ് ഹോൾ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണു കണ്ടെത്തൽ നടത്തിയത്. തെക്കൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ തീരത്തിനടുത്താണു ഗാലപ്പഗോസ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഇക്വഡോറിനാണ് ഇതിന്റെ നിയന്ത്രണാധികാരം. രാസ,സാങ്കേതിക പരിശോധനകളിലൂടെ ശാസ്ത്രജ്ഞർ ഈ സംഗതി ഉറപ്പിച്ചു.

തുരങ്കം സ്വാഭാവികമായി ഭൗമപ്രവർത്തനത്തിലൂടെ ഉണ്ടായതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. മധ്യഅമേരിക്കൻ മേഖലയിൽ കോകോസ് എന്നറിയപ്പെടുന്ന ഭൗമപ്ലേറ്റ് താഴേക്കു പോയി അവിടെയുള്ള വടക്കൻ അമേരിക്കൻ, കരീബിയൻ, പാനമ ഭൗമ പ്ലേറ്റുകളെ അമർത്തിയാണു സ്ഥിതി ചെയ്യുന്നത്. ഇതു മൂലമാണ് പാനമയും ഗാലപ്പഗോസും തമ്മിൽ ബന്ധിപ്പിച്ച് 1609 കിലോമീറ്ററോളം നീളമുള്ള ഈ ഭൂഗർഭ വഴി ഉണ്ടായത്. എൺപതു ലക്ഷം വർഷങ്ങൾക്കു മുൻപാകാം ഇതു സംഭവിച്ചതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

21 ദ്വീപുകളുടെ കൂട്ടമായ ഗാലപ്പഗോസ് ചാൾസ് ഡാർവിന്റെ യാത്രകളിലൂടെയാണു ലോകപ്രശസ്തി നേടിയത്. പരിണാമസിദ്ധാന്തമുൾപ്പെടെ തന്റെ നിർണായകമായ ശാസ്ത്രസംഭാവനകൾ രൂപീകരിക്കാൻ ഗാലപ്പഗോസ് ഡാർവിനു പ്രചോദനം നൽകി. 2 കോടി വർഷങ്ങളായി ഇവിടെ സജീവമായ അഗ്നിപർവതങ്ങളുണ്ട്. വെറും 25000 ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. 

English Summary: Geologists find a mysterious underground channel that connects galapagos with panama

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS