കാലവർഷം 27നു ഡൽഹിയിലെത്തുമെന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. പതിവു പോലെ തന്നെ മഴയെത്തുമെന്നും വൈകില്ലെന്നുമാണു അധികൃതർ വ്യക്തമാക്കിയത്. കാലവർഷം 3 ദിവസം വൈകി 30നു മാത്രമേ നഗരത്തിലെത്തുവെന്നു സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമാറ്റ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. എന്നാൽ ഇവരും പ്രവചനം മാറ്റി രംഗത്തെത്തിയെന്നതും ശ്രദ്ധേയം. ശക്തമായ കാലവർഷം ഇക്കുറി ലഭിക്കുമെന്നും മഴപ്പെയ്ത്തിലുണ്ടായ കുറവ് നികത്തപ്പെടുമെന്നുമാണു പ്രവചനം.
പ്രീ മൺസൂൺ മഴദിവസങ്ങളുടെ അനുഗ്രഹത്തിലാണ് ഇപ്പോൾ ഡൽഹി. ശക്തമായ ചൂടിന് ശമനമുണ്ടായി. ഇന്നലെ ഉയർന്ന താപനില 32 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ഞായറാഴ്ച സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 30.7 ഡിഗ്രിയായിരുന്നു. 2013നു ശേഷം ജൂണിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ഉയർന്ന താപനിലയാണിത്. ഈ മാസം ഇതുവരെ 23.8 മില്ലീമീറ്റർ മഴയാണു ലഭിച്ചത്. ജൂണിലെ ശരാശരി നില 36.3 ഡിഗ്രിയാണ്.
ബംഗാൾ, ഒഡീഷ തീരങ്ങളിൽ ചുഴലിക്കാറ്റിനു സമാനമായ സാഹചര്യം രൂപപ്പെടുന്നുണ്ടെന്നും ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാറ്റിന്റെ ഗതിയെ സ്വാധീനിക്കുമെന്നുമാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ മാസം 23 മുതൽ 29 വരെയുള്ള ദിവസങ്ങളിലായി കാലവർഷം ഭൂരിഭാഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമെത്തുമെന്നു കാലാവസ്ഥാ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ആർ.കെ. ജനമണി പറഞ്ഞു.
കഴിഞ്ഞ വർഷം പതിവ് സമയത്തിനു 2 ആഴ്ച മുൻപു ഡൽഹിയിലിൽ മൺസൂൺ എത്തുമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ രണ്ടാഴ്ച വൈകി ജൂലൈ 13നാണു കഴിഞ്ഞ വർഷം കാലവർഷമെത്തിയത്. അതേസമയം കാലാവർഷത്തിനു മുന്നൊരുക്കമായുള്ള ജോലികളെല്ലാം പൂർത്തിയായതായി കോർപറേഷനും സംസ്ഥാന സർക്കാരും വ്യക്തമാക്കി. അഴുക്കു ചാലുകളെല്ലാം ശുചീകരിച്ചുവെന്നും ചെളി നീക്കം ചെയ്തുവെന്നും അധികൃതർ പറഞ്ഞു.
English Summary: Monsoon To Reach By Delhi June 27, Says Weather Department