ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ബാക്ടീരിയയെ കരീബിയൻ മേഖലയിലെ ഒരു ചതുപ്പുനിലത്തു നിന്നു കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. കൂടുതൽ ബാക്ടീരിയകളും സൂക്ഷ്മജീവികളാണ്. എന്നാൽ ഇതിനെ മൈക്രോസ്കോപിന്റെ സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാൻ സാധിക്കും.
വെള്ളനിറത്തിൽ ഒരു നാരുപോലെയുള്ള ഈ ബാക്ടീരിയയ്ക്ക് 9 മില്ലിമീറ്ററാണു നീളം. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ബാക്ടീരിയയെക്കാൾ 50 മടങ്ങാണ് ഈ നീളം. സാധാരണ മനുഷ്യർക്കിടയിൽ എവറസ്റ്റ് പർവതത്തിന്റെ പൊക്കമുള്ള മനുഷ്യർ ജീവിച്ചാൽ എങ്ങനെയിരിക്കും? അതേപോലെയാണ് ഈ ബാക്ടീരിയയെയും സാധാരണ ബാക്ടീരിയകളെയും തമ്മിൽ ഗവേഷകർ താരതമ്യം ചെയ്യുന്നത്.
കരിബീയൻ മേഖലയിലെ ഫ്രഞ്ച് അധീന ദ്വീപായ ഗ്വാഡലൂപ്പിൽ ചതുപ്പിൽ മുങ്ങിക്കിടക്കുന്ന സസ്യങ്ങളുടെ ഇലകളിൽ നിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്. തയോമാർഗരീറ്റ മാഗ്നിഫിക്കാന എന്നാണ് ഇതിന്റെ പേര്. യൂണിവേഴ്സ് ഓഫ് ഫ്രഞ്ച് വെസ്റ്റ് ഇൻഡീസ് ആൻഡ് ഗയാനയിലെ ബയോളജിസ്റ്റായ ഒലിവർ ഗ്രോസാണ് ബാക്ടീരിയയെ കണ്ടെത്തിയത്. ആദ്യം ഇത് ഒരു ബാക്ടീരിയയാണെന്നു മനസ്സിലാക്കാൻ ഈ ഗവേഷകനു കഴിഞ്ഞില്ല. കലിഫോർണിയയിലെ ലോറൻസ് ബെർക്ക്‌ലി നാഷനൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജീൻ മേരി വോളൻഡും ഈ ഗവേഷണത്തിൽ പങ്കാളിയായിരുന്നു.
വളരെ അപൂർവമായതും കൗതുകമുള്ളതുമായ ഒരു കണ്ടെത്തലാണ് ഇതെന്ന് സെന്റ് ലൂയി വാഷിങ്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞയായ പെട്ര ലെവിൻ പറഞ്ഞു. ഇനിയും വിവിധ വകഭേദങ്ങളിൽ ഇത്തരം വമ്പൻ ബാക്ടീരിയകളുണ്ടോ എന്ന ചോദ്യം കണ്ടെത്തൽ ഉയർത്തുന്നുണ്ട്. ചിപ്പികഴുടെ തോടുകൾ, പാറകൾ, ചതുപ്പിലെ കുപ്പികൾ തുടങ്ങിയവയിലും ഈ ബാക്ടീരിയകൾ പറ്റിപ്പിടിച്ചു ജീവിക്കുന്നതായി ശ്രദ്ധയിൽപെട്ടെന്ന് ഒലിവർ ഗ്രോസ് പറഞ്ഞു.
എന്തു കൊണ്ടാണ് ഇതിത്രയും വലുതയാതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല. ഒരു പക്ഷേ മറ്റുസൂക്ഷ്മജീവികൾ ആക്രമിക്കുന്നതിനു തടയിടാനാകും ഈ വലുപ്പം ബാക്ടീരിയ കൈവരിച്ചതെന്നു ശാസ്ത്രജ്ഞർ പറയുന്നു. ആറു മനുഷ്യവാസമുള്ള ദ്വീപുകളും 2 മനുഷ്യവാസമില്ലാത്ത ദ്വീപുകളും അടങ്ങുന്ന ദ്വീപസമൂഹമാണ് ഗ്വാഡിലൂപ്. നാലു ലക്ഷത്തോളം ആളുകൾ ഇവിടെ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്.
English Summary: Scientists discover world’s largest bacterium, the size of an eyelash