ADVERTISEMENT

തീര മേഖലയിൽ ഉണ്ടാകുന്ന കടലാക്രമണത്തിനു കാരണം ഹാർബറുകൾ ഉൾപ്പെടെയുള്ളവയുടെ അശാസ്ത്രീയ നിർമാണവും പൊഴി മുറിക്കലുമെന്നു വിദഗ്ധർ. ഫിഷറീസ് വകുപ്പിന്റെ കണക്കു പ്രകാരം കേരള തീരത്തിന്റെ 10% കടലാക്രമണം നേരിടുന്ന മേഖലയാണ്. വ്യവസായ വിപ്ലവം മുതലുള്ള ആഗോളതാപനവും കടലിനെ നശിപ്പിച്ചു. കൊങ്കൺ തീരത്തു ലഭ്യമായിരുന്ന മത്സ്യങ്ങൾ കേരളത്തിലേക്കെത്താൻ ചൂട് കൂടിയത് കാരണമായി. തിരമാലകളുടെ ദിശയിലുണ്ടായ വ്യതിയാനം കാരണം പല തീരങ്ങളിലെയും മണൽ നഷ്ടപ്പെട്ടു. ചിലയിടത്ത് ഖനനത്തിലൂടെയും മണൽ നിക്ഷേപം കുറഞ്ഞു. ശംഖുമുഖം ബീച്ചിനെ കടലെടുക്കാൻ കാരണം അവിടെ നടത്തിയ നിർമാണ പ്രവർത്തനങ്ങളാണ്. 

keralas-coastline-under-erosion-threat2
Image Credit: Shutterstock

ആലപ്പുഴ ജില്ലയിലാകട്ടെ ഓരുവെള്ളത്തിൽ നിന്ന് ആലപ്പുഴ ജില്ലയുടെ ഉൾനാടൻ പ്രദേശങ്ങളെ രക്ഷിക്കാനായി നിർമിച്ച തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും അടക്കം കടലിന്റെ സ്വാഭാവിക ഒഴുക്കിനെ ബ‌ാധിച്ചത് കടലാക്രമണത്തിനു ആക്കം കൂട്ടി. ഇത്രയും കാലം കടലിനെ സംരക്ഷിക്കാനായി ചെയ്തത് പല രീതിയിലും കടലിനെ നശിപ്പിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് ഗവേഷകർ. പല രാജ്യങ്ങളും കടൽഭിത്തി നിർമിക്കലും മറ്റും ശാസ്ത്രീയമായി ചെയ്തപ്പോൾ നമ്മുടെ സമീപനവും സാങ്കേതിക വിദ്യയിലെ പരിമിതിയും തിരച്ചടിയായി. തീരത്തു നിന്ന് മണൽ ഇല്ലാതായതോടെ കടൽ ശക്തമായി അടിച്ചു കയറുകയും തീരശോഷണം ഉണ്ടാകുകയും ആയിരുന്നെന്നു വിദഗ്ധർ പറയുന്നു.

‌ഹോട്സ്പോട്ടുകൾ

keralas-coastline-under-erosion-threat
Image Credit: Shutterstock

സംസ്ഥാനത്തിന്റെ തീരത്ത് കടലാക്രമണം ഏറ്റവും രൂക്ഷമായ സ്ഥലങ്ങൾ കണ്ടെത്തി ഹോട്സ്പോട്ട് എന്ന പേരിൽ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം, കൊല്ലംകോട്, കൊല്ലത്തെ ആലപ്പാട്, ആലപ്പുഴയിലെ ഒറ്റമശ്ശേരി, എറണാകുളത്തെ ചെല്ലാനം, തൃശൂരിലെ കൊടുങ്ങല്ലൂർ, മലപ്പുറം പൊന്നാനി, കോഴിക്കോട് കാപ്പാട്, കണ്ണൂർ തലശ്ശേരി, കാസർകോട് വലിയപറമ്പ് എന്നിവയാണ് അതിതീവ്ര കടലാക്രമണമുണ്ടാകുന്ന കേന്ദ്രങ്ങൾ. ഇവിടങ്ങളിലെ തീര സംരക്ഷണത്തിന് അടിയന്തര പ്രാധാന്യം നൽകുമെന്നായിരുന്നു അന്നു പറഞ്ഞിരുന്നത്. എന്നാൽ ഇവിടങ്ങളിൽ മാത്രമല്ല, മറ്റു തീരപ്രദേശങ്ങൾ കൂടി കടലാക്രമണത്തിന്റെ ഇരയാകുന്ന സ്ഥിതിയാണ് ഇപ്പോൾ. കേരളത്തിന്റെ ആകെ കടൽത്തീരം 576 കിലോമീറ്ററാണ്. അതിൽ പത്തിൽ ഒരു ഭാഗവും, അതായത് 57 കിലോമീറ്റർ അടിയന്തരമായി സംരക്ഷിക്കേണ്ട പ്രദേശമാണെന്നാണ് ഫിഷറീസ് വകുപ്പ് കണ്ടെത്തിയത്. നമ്മുടെ തീരത്തിന്റെ അവസ്ഥ പരിതാപകരമെന്നു തെളിയിക്കാൻ ഈ കണക്കു തന്നെ ധാരാളം.

ദുർബലമായ തീരം

keralas-coastline-under-erosion-threat1
Image Credit: Shutterstock

കേരള തീരത്തെ പല മേഖലകളും ദുർബലമാണെന്നു ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിലെ ഗ്രൂപ്പ് മാനേജർ ടി.എം.ബാലകൃഷ്ണൻ നായർ പറഞ്ഞു. സമുദ്ര ജലനിരപ്പ്, ആഴം, തിരയുടെ ശക്തി, പാറക്കൂട്ടം തുടങ്ങി പല കാര്യങ്ങളും കണക്കിലെടുത്താണ് തീരത്തിന്റെ സ്ഥിതി വിലയിരുത്തുന്നത്. അങ്ങനെ നോക്കുമ്പോൾ പല തീരങ്ങളും ഇപ്പോൾ ശക്തമായ കടലാക്രമണം ഉള്ളതോ, ഭാവിയിൽ കടലാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതോ ആണ്. മനുഷ്യന്റെ പ്രവൃത്തികൾക്കു പുറമേ സ്വാഭാവികമായ കാരണങ്ങളും തീരം ദുർബലമാകുന്നതിനു പിന്നിലുണ്ട്.

കടലിലെ ആവാസ വ്യവസ്ഥയെ ഏറ്റവുമധികം ബാധിക്കുന്നത് ചൂട് കൂടുന്നതാണ്. ആഗോളതാപനത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടാകുന്നത് സമുദ്രങ്ങളിലാണ്. ഭൂമിയിലെ താപനിലയിലുണ്ടായ വർധന സമുദ്രങ്ങളിലും ധ്രുവ മേഖലകളിലുമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്. അതിന്റെ ഫലമായി കടലിലെ ചൂട് കൂടി. മഴയ്ക്കു കാരണമാകുന്ന മേഘങ്ങൾ മുതൽ ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും ഉണ്ടാകുന്നതു കൂടുതലും സമുദ്രങ്ങളിലാണ്. അറബിക്കടലിലെ ചൂടിലുണ്ടായ വർധനയുടെ ഫലമാണ് മുൻകാലങ്ങളെ അപേക്ഷിച്ച് തീവ്രതയേറിയ കാറ്റുകൾ ചെറിയ ഇടവേളകളിൽ ഉണ്ടാകുന്നത്. ന്യൂനമർദങ്ങൾ രൂപപ്പെടുന്ന ഇടവേളകളും കുറഞ്ഞു. കേരളത്തിലെ മഴയുടെ രീതി തന്നെ മാറിക്കൊണ്ടിരിക്കുന്നു. കേരള തീരത്ത് സുലഭമായിരുന്ന മത്തി അടക്കമുള്ള ചെറു മീനുകൾ ഇപ്പോൾ ലഭ്യമല്ല. 

keralas-coastline-under-erosion-threat4
Image Credit: Shutterstock

കടലിൽ ആദ്യം ചൂട് കൂടുന്നത് തീരപ്രദേശത്താണ്. അതിനാൽ തന്നെ ചൂടിലെ വർധനയ്ക്കനുസരിച്ച് മീനുകൾ ആഴക്കടലിലേക്കു പോകും. നമ്മുടെ തീരത്തും അതാണ് സംഭവിച്ചത്. മുൻപ് കൊങ്കൺ തീരത്തു ലഭ്യമായിരുന്ന മത്സ്യങ്ങളാണ് ഇപ്പോൾ കേരള തീരത്ത് കൂടുതൽ. കടലിൽ ചൂട് കൂടുന്നതനുസരിച്ച് കാറ്റുകളും ചുഴലിക്കാറ്റുകളും കൂടുന്നതാണ് മറ്റൊരു പ്രതിഭാസം. ഫലമായി തിരകളുടെ ശക്തിയും കൂടുന്നു. സമുദ്ര ജലത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെയും മൈക്രോ പ്ലാസ്റ്റിക്കിന്റെയും അളവ് കൂടുകയാണ്. നമ്മുടെ തീരത്ത് തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ ഫലമായുണ്ടാകുന്ന ശക്തമായ തിരകൾ പല നഗരങ്ങളിലെയും മാലിന്യത്തെ ഇവിടെയെത്തിക്കുന്നുണ്ട്. കടലിലെ ഒഴുക്കിലെ മാറ്റത്തിനനുസരിച്ച് മാലിന്യ നിക്ഷേപത്തിന്റെ അളവും മാറും. കടലിൽ മാലിന്യത്തിന്റെ അളവു കൂടുന്നതും സമുദ്രത്തിന്റെ സ്വാഭാവികതയെ നശിപ്പിക്കുകയാണെന്നു ടി.എം.ബാലകൃഷ്ണൻ നായർ പറഞ്ഞു.

തീരത്തിന്റെ സുരക്ഷ ബീച്ചിൽ

keralas-coastline-under-erosion-threat3
Image Credit: Shutterstock

തീരത്തിന്റെ സ്വാഭാവിക സുരക്ഷ ബീച്ചാണെന്നാണ് ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിൽ മറൈൻ സയൻസ് വിഭാഗത്തിന്റെ മേധാവിയായിരുന്ന കെ.വി.തോമസ് പറയുന്നത്. കടലിൽ തിരകളുടെ രൂപപ്പെടലിനും അവ കരയെ കാർന്നെടുക്കാതിരിക്കാനും ബീച്ച് അത്യാവശ്യമാണ്. ചില സമയങ്ങളിൽ കടലിലെ ഒഴുക്ക് അനുസരിച്ച് ബീച്ച് വലുതാകുകയോ, ചെറുതാകുകയോ ചെയ്യും. ബീച്ച് പൂർണമായി ഇല്ലാതാകുമ്പോഴാണ് കരയിലേക്കു കടൽ കയറുന്നത്. ബീച്ചിനെ സംരക്ഷിക്കാനായി നമ്മൾ നിർമിക്കുന്ന കടൽഭിത്തി പലപ്പോഴും ബീച്ചിനെ കൂടുതൽ നശിപ്പിക്കുകയേ ഒള്ളൂ. തീരത്തേക്കു കയറി ശാന്തമായി തിരിച്ചിറങ്ങേണ്ട തിരകൾ, കടൽഭിത്തിയിൽ തട്ടുമ്പോൾ കൂടുതൽ ശക്തിയോടെ മണ്ണിലേക്ക് ഇടിച്ചിറങ്ങുകയും പതിവിലും വേഗത്തിൽ തീരം കടലെടുക്കുകയുമാണ് ചെയ്യുന്നത്. 

alappuzha-beach-rain-15
Image Credit: Shutterstock

ആലപ്പുഴയുടെ തീരം ഉദാഹരണമാക്കിയാൽ പുറക്കാട്ട് പണ്ട് വലിയ ബീച്ച് ഉണ്ടായിരുന്നു. ആ സമയത്ത് പുന്നപ്രയിൽ ബീച്ചിനെ കടലെടുക്കുകയായിരുന്നു. പിന്നീട് പുന്നപ്രയിൽ ബീച്ച് വലുതായി. ചെത്തി പോലുള്ള സ്ഥലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ ആ ബീച്ചിന്റെ വടക്കു ഭാഗത്തിന്റെ സ്വാഭാവികത നശിപ്പിച്ചു. മണലിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് കടലിലേക്ക് ഇറക്കിയുള്ള നിർമാണ പ്രവർത്തനങ്ങളുടെ അപകടം. തോട്ടപ്പള്ളി ഹാർബറിന്റെ ഡിസൈനിൽ തന്നെ പ്രശ്നമുണ്ട്. അവിടെ സ്ഥിരമായി മണ്ണ് അടിയുകയാണ്. തോട്ടപ്പള്ളി പൊഴിയിൽ നിന്നു മണൽ വാരുന്നതും സ്വാഭാവികത നശിപ്പിക്കുന്നുണ്ട്. ഫലമായി ആറാട്ടുപുഴയിൽ കടലാക്രമണം ഉണ്ടാകുന്നു. വേലിയേറ്റം ഉൾപ്പെടെയുള്ള കണക്കിലെടുത്ത് ശാസ്ത്രീയ പഠനം നടത്തി തണ്ണീർമുക്കം ബണ്ട് തുറക്കുന്നതിന് കൃത്യമായ കലണ്ടർ രൂപപ്പെടുത്തി അതു പ്രകാരം ബണ്ടിന്റെ പ്രവർത്തനം നടത്തിയാൽ പല പ്രശ്നങ്ങളും മാറും. 

വെള്ളത്തിന്റെ ഒഴുക്ക് മനുഷ്യൻ നിയന്ത്രിക്കുമ്പോൾ പ്രകൃതിയുടെ താളം തെറ്റും. പൊഴിയിൽ നിന്നു മണൽ വാരുമ്പോൾ ആ മണൽ കടലിനു നഷ്ടപ്പെടുകയും തുടർന്ന് മറ്റേതെങ്കിലും തീരത്തു മണൽ നിക്ഷേപം കുറയുകയും ചെയ്യും. ഹാർബറുകളുടെ പ്രവർത്തനത്തിനായി ഖനനം ചെയ്യുമ്പോഴും ആ കുഴികളിലേക്ക് മറ്റു ഭാഗങ്ങളിലെ മണൽ ഒഴുകിയെത്തും. തീരത്തെ മണൽ വലിയ തോതിൽ ഇത്തരത്തിലും കുറയുന്നുണ്ട്. മണൽ ഇല്ലാതാകുന്നതോടെ തിരകൾ വന്ന് അടിക്കുമ്പോൾ തീരം ദുർബലമാകുകയും ആഴം കൂടുകയും ചെയ്യും. ആഴം കൂടിയ ഭാഗത്തേക്ക് കൂടുതൽ ശക്തിയിൽ തിരകളെത്തും. പതിയെ ആ തീരത്തെ കൂടുതലായി കടലെടുക്കും– കെ.വി.തോമസ് പറഞ്ഞു.

സമുദ്രനിരപ്പ് ഉയർന്നാൽ

keralas-coastline-under-erosion-threat5
Image Credit: Shutterstock

ലോകത്തെ ഏറ്റവും ചൂടു പിടിച്ച കടലുകളിൽ ഒന്നായി അറബിക്കടൽ മാറുകയാണ്. മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രം ചൂട് പിടിച്ചതാണ്. അങ്ങനെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ഭാഗമായി അറബിക്കടൽ സമീപ വർഷങ്ങളിൽ മാറി. ഓരോ വർഷവും 3.14 മില്ലീമീറ്ററാണ് മധ്യകേരള തീരത്ത് സമുദ്ര നിരപ്പിലുണ്ടാകുന്ന വർധന. 2 പതിറ്റാണ്ടിലെ കണക്കാണിത്. 100 വർഷത്തെ കണക്കെടുത്താൽ വർധന വെറും 1.81 മില്ലീമീറ്റർ മാത്രമാണ്. സമുദ്രനിരപ്പ് ഉയരുന്ന നിരക്ക് അതിവേഗം വർധിക്കുകയാണെന്നാണ് ഇതു കാട്ടുന്നത്. സമുദ്രനിരപ്പ് ഓരോ വർഷവും ഉയരുമ്പോൾ തിരകളും അതിവേഗം ഉയരും. കടലിന്റെ ആഴത്തിനനുസരിച്ചാണ് തിരയുടെ ശക്തി. തിര ഓരോ സെന്റീമീറ്റർ ഉയരുമ്പോളും അതിന്റെ ശക്തിയും കൂടും. ഒരു മീറ്റർ ആഴമുള്ള സമുദ്ര ഭാഗത്ത് മുക്കാൽ മീറ്ററിലധികം തിര ഉയരില്ല. 

കൂടുതൽ ആഴമുള്ളിടത്തെ തിരയ്ക്കു ശക്തി കൂടുന്നു എന്നു പറയുമ്പോൾ ഓരോ തിരയും കാർന്നെടുക്കുന്ന തീരത്തിന്റെ വ്യാപ്തിയും കൂടും. തിരകൾക്കു ശക്തിയേറുന്നതോടെ, പുലിമുട്ടുകളും കടൽഭിത്തികളും അടിയിലെ മണ്ണ് നഷ്ടപ്പെട്ട് കടലിലേക്ക് ഇടിഞ്ഞു വീഴും. വീണ്ടും തീരശോഷണം ഉണ്ടാകുകയും ചെയ്യും. തീരത്ത് വ്യാപകമായി അനുഭവപ്പെടുന്ന കടലാക്രമണത്തിനപ്പുറം മത്സ്യ സമ്പത്തിന്റെ നാശത്തിലേക്കും വ്യാപകമായ തീരശോഷണത്തിലേക്കും എത്തുകയാണ് സ്ഥിതി. കടലിലെ മാറ്റങ്ങൾക്കു പരിഹാരമായി കണ്ടെത്തിയ പദ്ധതികളിൽ പലതും അശാസ്ത്രീയമായിരുന്നെന്നു ബന്ധപ്പെട്ട മേഖലകളിൽ ഗവേഷണം നടത്തുന്നവർ പറയുന്നു. തീരത്തിന്റെ നാശം വേഗത്തിലാക്കാൻ മാത്രമേ അത്തരം പരീക്ഷണങ്ങൾ സഹായിച്ചിട്ടുള്ളൂ. സുനാമി തൊടാത്ത തീരങ്ങളിൽ പലതും അതിലും മോശമായ സാഹചര്യത്തെയാണ് ഇപ്പോൾ നേരിടുന്നത്. പതിയെയാണെങ്കിലും സുനാമിക്കുമപ്പുറം നാശം സൃഷ്ടിക്കുന്നതാണ് ഇപ്പോഴുണ്ടാകുന്ന കടലാക്രമണം.

English Summary: Kerala’s coastline under erosion threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com