തടാകത്തിലേക്ക് പെയ്തിറങ്ങിയത് ആയിരക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങൾ; ‘മത്സ്യമഴ’യ്ക്കു പിന്നിൽ?
Mail This Article
യുഎസിലെ യൂട്ടായിലെ തടാകത്തിലും ഒരു മഴ പെയ്തു– മത്സ്യമഴ! യൂട്ടാ തടാകത്തിൽ പെയ്ത ഈ പ്രത്യേക ‘മഴ’യിൽ ആയിരക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളാണ് ആകാശത്തിൽനിന്നു തടാകത്തിലേക്കെത്തിയത്. ഈ വർഷമല്ല, എല്ലാ വർഷവും ഇതുപോലെ മത്സ്യമഴയുണ്ടാകുന്ന സ്ഥലമാണു യൂട്ടാ.
വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദമാണു മലയിടുക്കുകളോടു ചേർന്നുള്ള യൂട്ടാ തടാകം. ഇവിടെ കാഴ്ച കാണാൻ വരുന്നവർ മീൻ പിടിച്ചു പാകം ചെയ്തു ഭക്ഷിച്ചാണു മടങ്ങുക. ടൂറിസത്തിന്റെ ഭാഗമാണിത്. ഇങ്ങനെ കുറയുന്ന മത്സ്യങ്ങളുടെ എണ്ണം പരിഹരിക്കാൻ അധികൃതർ കണ്ടെത്തിയ വഴിയാണു മത്സ്യമഴ. തടാകത്തിനു മുകളില്‍ നിലയുറപ്പിച്ച വിമാനത്തില്‍നിന്നു ആയിരക്കണക്കിനു മീനുകളെ താഴേക്കു വര്‍ഷിക്കുന്നതാണു രീതി. ഒന്നു മുതൽ മൂന്നു സെന്റിമീറ്റർ വരെ നീളമുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണു നിക്ഷേപിക്കുന്നത്.
വർഷങ്ങളായി തുടരുന്ന മത്സ്യമഴ കാണാൻ ഇത്തവണയും നിരവധി പേരെത്തി. റോഡിലൂടെയും മറ്റും എത്തിക്കുന്നതിനേക്കാൾ മത്സ്യങ്ങൾ അതിജീവിക്കാനുള്ള സാധ്യത ആകാശമാർഗം നിക്ഷേപിക്കുന്നതാണെന്നു യൂട്ടാ ഡിവിഷൻ ഓഫ് വൈൽഡ്‌ലൈഫ് റിസോഴ്സസ് പറയുന്നു. മത്സ്യമഴയുടെ ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
English Summary: Incredible Video Shows Fish Being Dropped Into Lake During Restocking