ADVERTISEMENT

കാലവർഷമെത്തിയിട്ടും ജൂണിൽ സംസ്ഥാനത്ത് 52 % മഴക്കുറവ്. ശരാശരി 648.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 308.6 മില്ലിമീറ്റർ മഴ മാത്രം. 52 % മഴ കുറവ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 1976നു ശേഷം ജൂണിൽ ഇത്ര കുറവ് മഴ ലഭിക്കുന്നത് ആദ്യമായാണ്. ഓരോ ദിവസവും ശരാശരി 22 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 10 മില്ലിമീറ്റർ വീതമാണ്. ജൂൺ അവസാനത്തോടെ മാത്രമാണ് കാലവർഷം ശക്തമായി പെയ്തു തുടങ്ങിയത്. 

 

46 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് ഇന്നലെ അവസാനിച്ചത്. മലയോര ജില്ലകളായ ഇടുക്കി ( 68%) പാലക്കാട്‌ (66%), വയനാട് ( 60%) എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. കാലവർഷത്തിന്റെ  ഭാഗമായി രൂപപ്പെടുന്ന ന്യൂനമർദപാത്തിയും, അതോടൊപ്പം ആഗോള മഴ പാത്തിയും ഇത്തവണ ജൂണിൽ കേരളത്തിലെ കാലവർഷത്തെ കൂടുതൽ സഹായിച്ചില്ലെന്നു കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറഞ്ഞു. 

 

Monsoon stays weak over Kerala, 50% deficient: IMD

കാലവർഷത്തിൽ കൂടുതൽ മഴ ലഭിക്കുന്നത് ജൂലൈ മാസത്തിലാണ്. അതു കഴിഞ്ഞാൽ ജൂണിലും. എന്നാൽ ജൂൺ മാസത്തിൽ മഴ ക്രമാതീതമായി കുറയുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുകയാണ്. 2019ൽ 359 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. എന്നാൽ 2013 ജൂണിൽ 1042 മില്ലിമീറ്റർ മഴ ലഭിക്കുകയും ചെയ്തിരുന്നു. ഇത്തവണ ജൂണിൽ കൂടുതൽ മഴ ലഭിച്ച 10ൽ 6 സ്ഥലങ്ങളും കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. 

 

∙ ജൂണിൽ മഴ കുറഞ്ഞ വർഷങ്ങൾ : 

1976 : 196.4 മില്ലിമീറ്റർ

1974 : 266.9 മില്ലിമീറ്റർ

1962 : 245 മില്ലിമീറ്റർ 

2022 : 308.6 മില്ലിമീറ്റർ

1983 : 322.8 മില്ലിമീറ്റർ

 

∙ കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങൾ (അളവ് മില്ലിമീറ്ററിൽ)

– അയ്യൻകുന്ന് : 673.5 

– കൊയിലാണ്ടി : 672

– തീക്കോയി : 667

– പുളിങ്ങോം : 661.4

– ഉപ്പള : 654.7

– പയ്യാവൂർ : 643.2 

– മഞ്ചേശ്വരം : 621.7

– വടകര : 602.8 

– പടന്നക്കാട് : 576.5

 

 

രാജ്യത്ത് ജൂണിൽ ഇത്തവണ കാലവർഷത്തിൽ 8% കുറവ്. കേന്ദ്ര ഭരണ പ്രദേശം ഉൾപ്പെടെയുള്ള 36 സംസ്ഥാനങ്ങളിൽ  കേരളം ഉൾപ്പെടെയുള്ള 15 സംസ്ഥാനങ്ങളിൽ മഴക്കുറവ്. അതെ സമയം അയൽ സംസ്ഥാനമായ തമിഴ്നാട് ഉൾപ്പെടെ 6  സംസ്ഥാങ്ങളിൽ  കൂടുതൽ മഴ ലഭിച്ചു. കേരളത്തിൽ 52% മഴ കുറവ് രേഖപെടുത്തിയപ്പോൾ  തമിഴ്നാട്ടിൽ 56% കൂടുതൽ മഴ ലഭിച്ചു.

 

English Summary: Monsoon stays weak over Kerala, 50% deficient: IMD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com