ADVERTISEMENT

പ്ലാസ്റ്റിക് കൊടിതോരണങ്ങൾക്കും ഫ്ലെക്സ് ബോർഡുകൾക്കും കർശന നിരോധനം. പ്ലാസ്റ്റിക് മേശ വിരിപ്പുകളും പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും ഇനി ഉപയോഗിക്കാനാവില്ല. സദ്യയ്ക്ക് സാധാരണയായി ഉപയോഗിച്ചുവരുന്ന പ്ലാസ്റ്റിക് ഇലകളും നിരോധിച്ചു. ഇത്തരത്തിൽ,  ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് ജൂലൈ 1 മുതൽ നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത് പ്രാവർത്തികമാവുമോ? പഴയ അനുഭവം വച്ചു വിലയിരുത്തിയാൽ ഇല്ലെന്നാണ് ഉത്തരം. 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായി നിരോധിച്ചിരുന്നതാണ്. പക്ഷേ, നടപ്പായില്ലെന്നു മാത്രം. 

 

 പ്ലാസ്റ്റിക് മാലിന്യ മാനേജ്മെന്റ് നിയമം 2016  ഭേദഗതി വരുത്തി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥവ്യതിയാന മന്ത്രാലയം  പുറപ്പെടുവിച്ച പ്ലാസ്റ്റിക് മാലിന്യ മാനേജ്മെന്റ് നിയമം (ഭേദഗതി 2021) പ്രകാരമാണ് ഇന്നു മുതൽ ഒറ്റത്തവണ  ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുള്ളത്. നിരോധനം ലംഘിക്കുന്നവർക്ക് 10,000– 50,000 രൂപയാണു പിഴ. സ്ഥാപനങ്ങൾ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും.

ban-on-single-use-plastic-comes-in-effect-from-today-what-items-are-banned1

 

നിരോധനമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ 

ക്യാരി ബാഗ്, ഗാർബേജ് ബാഗ് (ബയോമെഡിക്കൽ മാലിന്യങ്ങൾക്കുള്ളവ ഒഴികെ),  പ്ലേറ്റും ഗ്ലാസും കപ്പും, സ്പൂണും ഫോർക്കും, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലാസ്റ്റിക് ഇല, മേശവിരി, തെർമോക്കോൾ, പ്ലാസ്റ്റിക് കത്തി, സ്ട്രോ, ട്രേ, മധുരപലഹാരങ്ങളും ക്ഷണക്കത്തും സിഗരറ്റ് പാക്കറ്റും പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം, പ്ലാസ്റ്റിക് സ്റ്റിക് ഉപയോഗിച്ചുള്ള ഇയർ ബഡ്, ബലൂൺ സ്റ്റിക്, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്, പിവിസി ഫ്ലെക്സ്, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിയസ്റ്ററിലും നൈലോണിലും കൊറിയൻ തുണിയിലുമുള്ള ബാനർ, ശുദ്ധജല പൗച്ച്, ബ്രാൻഡ് ചെയ്യാത്ത ജൂസ് പാക്കറ്റ്, 500 മില്ലിയിൽ താഴെയുള്ള ശുദ്ധജല കുപ്പി, മിഠായി പെട്ടികൾ, പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റ്.

 

 

നിരോധനമില്ലാത്തവ 

മുൻകൂട്ടി അളന്നു വച്ചിരിക്കുന്ന ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ, മുറിച്ചുവച്ചിരിക്കുന്ന മത്സ്യമാംസാദികൾ എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ 

കയറ്റുമതിക്കുള്ള വസ്തുക്കൾ 

ആരോഗ്യപാലനത്തിനുള്ള വസ്തുക്കൾ 

കംപോസ്റ്റബിൾ പ്ലാസ്റ്റിക് ലേബൽ പതിപ്പിച്ചവ 

 

2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവായപ്പോൾ സ്വകാര്യ/പൊതു പരിപാടികളിൽ ഹരിത ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി തയാറാക്കിയ മാർഗനിർദേശങ്ങൾ അംഗീകരിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരിവിറക്കിയിരുന്നു. 

 

മാർഗനിർദേശം ഇങ്ങനെയായിരുന്നു: 

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്നവ:

∙ ഹരിത ചട്ടം ഫ്രണ്ട് ഓഫിസിൽ ആലേഖനം ചെയ്യും. 

∙ പാഴ്വസ്തുക്കൾ നിക്ഷേപിക്കാൻ ബിൻ

∙ അഴുകുന്ന മാലിന്യം സംസ്കരിക്കാൻ സംവിധാനം

∙ അജൈവ മാലിന്യം ശേഖരണത്തിന് സൗകര്യം

∙ കഴുകി ഉപയോഗിക്കാവുന്ന പാത്രം

∙ പുനരുപയോഗ/പ്രകൃതി സൗഹൃദ ഉപാധികൾ എത്തിച്ചു നൽകുന്നതിന് ഹരിതകർമസേന/കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പടുത്തി ഹരിത ചട്ടം സംരംഭക യൂണിറ്റ്

∙ ഓരോ വാർഡിലും ആരോഗ്യ ശുചിത്വ പോഷക സമിതി

∙ തുണി, ഈറ, ചിരട്ട, പ്രകൃതിദത്ത നാരുകൾ എന്നിവ കൊണ്ടുണ്ടാക്കുന്ന ഉപഭോഗ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന സംരംഭം

 

വീടുകളിൽ

∙ വീടുകൾ/ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ നടത്തുന്ന വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങ്, മതനുഷ്ഠാനം, ആഘോഷം തുടങ്ങിയവയ്ക്ക് ഹരിത ചട്ടം (ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല വാർഡ് തല ആരോഗ്യ ശുചിത്വ പോഷക സമിതിക്ക്)

∙ ഉറവിടത്തിൽ തന്നെ ജൈവമാലിന്യം വളമാക്കുക. അജൈവ വസ്തുക്കൾ വൃത്തിയാക്കി ഹരിതകർമസേനയ്ക്കു നൽകുക.

 

സ്ഥാപനങ്ങളിൽ

∙  വിവാഹ മണ്ഡപം, കൺവൻഷൻ സെന്റർ, മതപഠന സ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനം, വ്യാപാര സ്ഥാപനം തുടങ്ങിയ എല്ലാ സ്വകാര്യ/പൊതു സ്ഥാപനങ്ങളിലും ഹരിത ചട്ടം (ഇത് ഉറപ്പാക്കേണ്ടത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഫീൽഡ് തല ജീവനക്കാരും)

∙ എല്ലാ ഓഫിസുകളിലും ഹരിത ചട്ടം നിർദേശങ്ങളടങ്ങിയ ബോർഡ്

∙ സ്വകാര്യ സ്ഥാപനങ്ങൾക്ക് ജൈവമാലിന്യ സംസ്കരണ സംവിധാനം ഒരുക്കാൻ ശുചിത്വമിഷൻ പദ്ധതിയിൽ സബ്സിഡി

∙ അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കർമസേന

 

ആരാധനാലയങ്ങളിൽ

∙ ഉൽസവം, തിരുനാളുകൾ, തീർഥാടനം, വ്രതാനുഷ്ഠാനം, അന്നദാനം, ഘോഷയാത്ര, പ്രദക്ഷിണം എന്നിവയ്ക്ക് ഹരിത ചട്ടം

∙ ഇത്തരം സ്ഥലങ്ങളിൽ മൊബൈൽ കംപോസ്റ്റിങ് യൂണിറ്റ്

∙ ആരാധനാലയങ്ങളിൽ ഹരിത ചട്ടം നിർദേശങ്ങളടങ്ങിയ ബോർഡ്

 

രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ

∙ റാലി, സമ്മേളനം, പൊതുയോഗം, ഉദ്ഘാടന ചടങ്ങ് എന്നിവയ്ക്കു ഹരിത ചട്ടം ബാധകം

∙ ചടങ്ങ് നടത്തുന്ന കാര്യം തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും മുൻകൂട്ടി അറിയിച്ച് ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 

Photo By: patpitchaya/shutterstock
Photo By: patpitchaya/shutterstock

 

ഹരിത കർമസേനയുടെ പാഴ്വസ്തു ശേഖരണം

∙ ന്യൂസ് പേപ്പർ, പാൽ കവർ, ടൂത്ത് ബ്രഷ്, പേസ്റ്റ് കവർ, പലവ്യഞ്ജന കവർ, മറ്റെല്ലാ പ്ലാസ്റ്റിക് കവറുകളും മാസത്തിലൊരിക്കൽ ശേഖരിക്കണം.

∙ പഴയ ചെരുപ്പ്, ബാഗ്, തെർമോകോൾ എന്നിവ ജനുവരി, ഏപ്രിൽ, ജൂലൈ, ഓക്ടോബർ മാസങ്ങളിൽ ശേഖരിക്കും.

∙ കണ്ണാടി, കുപ്പി, ചില്ല് എന്നിവ ഫെബ്രുവരി, മേയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിൽ ശേഖരിക്കും.

∙ മരുന്ന് സ്ട്രിപ് ജനുവരി, മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ

∙ ട്യൂബ് ലൈറ്റ്, സിഎഫ്എൽ, ബാറ്ററി തുടങ്ങിയ ഈ മാലിന്യം മാർച്ച്, ജൂൺ, ഡിസംബർ മാസങ്ങളിൽ

∙ ചിരട്ട, തൊണ്ട് ജനുവരി, ജൂലൈ മാസങ്ങളിൽ

∙ തുണി ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ

 

അജൈവ മാലിന്യം ശേഖരിക്കാൻ ഹരിത കർമ സേനയും ജൈവ മാലിന്യം ശേഖരിക്കാൻ കുടുംബശ്രീയുടെ യൂണിറ്റുമുണ്ടെന്നായിരുന്നു വാഗ്ദാനം.  

വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, വീട്ടുപകരണങ്ങൾ, സ്റ്റൗ, റേഡിയോ, ഫോൺ, കാൽക്കുലേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രമല്ല, ട്യൂബ് ലൈറ്റ്, സിഎഫ്എൽ, കളിപ്പാട്ടങ്ങൾ, എമർജൻസി ലൈറ്റ് എന്നു വേണ്ട ഒരു വീട്ടിലുണ്ടാവുന്ന ഏതൊരു പാഴ്വസ്തുവും ഇവർ കൊണ്ടുപോയ്ക്കൊള്ളും. 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പുനഃചംക്രമണ സാധ്യതയുള്ള പാൽ കവർ, സ്പ്രേ, അണുനാശിനി വരുന്ന കുപ്പികൾ, ചെരിപ്പ്, കുപ്പിച്ചില്ല്, ടൂത്ത് ബ്രഷ്, തുണി തുടങ്ങിയവയൊക്കെ  കൊണ്ടുപോയ്ക്കൊള്ളും. 

 

നാട്ടിലെ മാലിന്യത്തിന്റെ അളവ് കുറയ്ക്കാനായി തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനം തന്നെയായ ക്ലീൻ കേരള കമ്പനിയും കരാർ ഒപ്പുവച്ചിട്ടുണ്ട്. ഇതനുസരിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഹരിത കർമസേനകൾ ശേഖരിച്ച് മെറ്റീരിയല്‍ കലക്‌ഷന്‍ ഫെസിലിറ്റി (എംസിഎഫ്) കേന്ദ്രങ്ങളിൽ തരംതിരിച്ചു വയ്ക്കുന്ന പുനഃചംക്രമണയോഗ്യമായ അജൈവ പാഴ്വസ്തുക്കൾ വിപണി നിരക്കിൽ വില നൽകി ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുമെന്നായിരുന്നു തീരുമാനം. പൊതുനിരത്തിലുള്ള മാലിന്യം ക്ലീൻ കേരള കമ്പിനി നീക്കും.

 

വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള ഖരമാലിന്യശേഖരണം, സംസ്കരണം എന്നിവ 60 ശതമാനമെങ്കിലും നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കു ശുചിത്വ പദവി നൽകിയിരുന്നു. ഇതിനകം ഒട്ടേറെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശുചിത്വ പദവി നേടിയിട്ടുമുണ്ട്. ശുചിത്വ പ്രഖ്യാപനം നടത്തിയ പഞ്ചായത്തുകളിൽ കലക്ടർ ചെയർമാനായ മൂല്യനിർണയ സമിതി പരിശോധന നടത്താനും തീരുമാനിച്ചിരുന്നു. 

 അജൈവ മാലിന്യ ശേഖരണത്തിനു സ്ഥിരം സംവിധാനം ഇല്ലാത്ത പഞ്ചായത്തുകൾ വീടുകൾ വാടകയ്ക്കെടുത്ത് ശേഖരണം നടത്തണം. ശുചിത്വ പദവി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകളുടെ വിൽപന, കത്തിക്കൽ, ജലസ്രോതസ്സുകളുടെ മലിനീകരണം എന്നിവയ്ക്കെതിരെ നിയമനടപടി കർശനമാക്കണം. ശുചിത്വ പദവിക്കു വേണ്ടി മൂല്യനിർണയ സമിതി ശുപാർശ ചെയ്ത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്കോർഷീറ്റ് ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കൺവീനറായ ജില്ലാ ഏകോപന സമിതി പരിശോധിച്ച ശേഷം സർക്കാരിനു സമർപ്പിക്കണം. എന്നിങ്ങനെയെല്ലാം തീരുമാനിച്ചിരുന്നു. 

 

പക്ഷേ, നഗര, ഗ്രാമ ഭേദമില്ലാതെ പല സ്ഥലങ്ങളിലും  മാലിന്യം കുന്നുകൂടികിടന്നു. റോഡരികിലെ ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ പറമ്പുകളിലും മാലിന്യം തള്ളി. വീടുകളിൽ നിന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിൽ  കൃത്യതയില്ല. ഹരിതകർമ സേന  മാസങ്ങൾ കൂടുമ്പോഴാണു മാലിന്യം ശേഖരിക്കുന്നത്.  മാലിന്യ സംസ്കരണത്തിനു മെറ്റീരിയല്‍ കലക്‌ഷന്‍ ഫെസിലിറ്റി (എംസിഎഫ്), റിസോഴ്സ് റിക്കവറി ഫെസിലിറ്റി  (ആര്‍ആര്‍എഫ്) എന്നിവ ആരംഭിച്ചെങ്കിലും വേണ്ടവിധം പ്രവർത്തിക്കുന്നില്ല. ഇനിയും ഇതു തന്നെയാവുമോ സ്ഥതിയെന്നാണ് അറിയേണ്ടത്. 

 

English Summary: Single-use plastic ban comes into effect: List of banned daily-use items

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com