ലോക്ഡൗണും രക്ഷിച്ചില്ല, ദശലക്ഷക്കണക്കിന് തേനീച്ചകളെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയ; കാരണം?

Why Australia has had to kill millions of bees to save its honey industry
SHARE

തേനീച്ചകളാണ് തേന്‍ വ്യവസായത്തിന്‍റെ അടിസ്ഥാനം. തേന്‍ നിർമിക്കുന്ന പ്രക്രിയയില്‍ പൂമ്പൊടുകള്‍ കൈമാറുന്നതും പുതിയ വിത്തുകള്‍ മുളയ്ക്കാന്‍ കാരണമാകുന്നതുമായ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ട് ആരോഗ്യകരമായ ഒരു ജൈവവ്യവസ്ഥയുടെ അടയാളമായാണ് തേനീച്ചകളെ കാണുന്നത്. മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളും മറ്റും കണക്കിലെടുത്ത് തേനീച്ചകള്‍ ഉള്‍പ്പടെയുള്ള ചെറു പ്രാണികളുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണനയും ശാസ്ത്രലോകം നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് നേര്‍വിപരീതമായ ഒന്നിനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. രാജ്യത്തെ പ്രധാന കാര്‍ഷിക വ്യവസായങ്ങളില്‍ ഒന്നായ തേനുൽപാദനത്തെ സംരക്ഷിക്കാന്‍ ഒരു കോടിയോളം വരുന്ന തേനീച്ചകളെ കൊന്നൊടുക്കാന്‍ ഒരുങ്ങുകയാണ് ഓസ്ട്രേലിയ.

ആപികള്‍ച്ചര്‍ എന്നാണ് തേനീച്ച വളര്‍ത്തലിനെ വിളിക്കുന്ന പേര്. ആപികള്‍ച്ചറിന്‍റെ നിലനില്‍പ്പിന്‍റെ അടിസ്ഥാനം തന്നെ തേനീച്ചകളാകുമ്പോള്‍ അവയെ കൊന്നൊടുക്കി ഈ വ്യവസായം എങ്ങനെ സംരക്ഷിക്കുമെന്നത് യുക്തിസഹമായ ചോദ്യമാണ്. വറോവ മൈറ്റ് എന്ന പാരസൈറ്റാണ് ഈ പ്രതിസന്ധിയിലേക്ക് തേനീച്ചകളെയും തേനീച്ച വ്യവസായത്തെയും എത്തിച്ചത്. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ പക്ഷിപ്പനിയും മറ്റും കണ്ടെത്തിയാല്‍ ഇത് മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാന്‍ താറാവുകളെയും കോഴികളെയും കൂട്ടത്തോടെ കൊല്ലാറുണ്ട്. സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ ഓസ്ട്രലിയയിൽ.

Why Australia has had to kill millions of bees to save its honey industry

ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍ പ്രദേശത്താണ് ഇപ്പോള്‍ തേനീച്ചകളില്‍ ഈ വറോവ മൈറ്റ് എന്ന പാരസൈറ്റിനെ കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും ഒടുവിലായി സിഡ്നി തുറമുഖത്തിന് സമീപം വരെ ഈ പാരസൈറ്റ് ബാധിച്ച തേനീച്ചകളെ കണ്ടെത്തിയിരുന്നു. തേന്‍വ്യവസായം എന്നത് ഓസ്ട്രേലിയിയില്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിമാസ വരുമാനമുള്ള വ്യവസായമാണ്. ഈ സാഹചര്യത്തിലാണ് പാരസൈറ്റ് ബാധിച്ച തേനീച്ചകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് എത്താതിരിക്കാന്‍ കടുത്ത നടപടി തന്നെയെടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

വറോവ മൈറ്റ്

Australia honey bees put in lockdown due to deadly varroa parasite
Image Credit: Efisko Aleksandr/ Shutterstock

കടുകുമണിയുടെ വലുപ്പം മാത്രമുള്ള പാരസൈറ്റുകളാണ് വറോവ മൈറ്റുകള്‍. വറോവ ഡിസ്ട്രക്ടര്‍ എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്. തേനീച്ചക്കൂടുകളെയാണ് ഇവ ആക്രമിക്കുക. തുടര്‍ന്ന് ഈ കൂട്ടില്‍ ആധിപത്യം സ്ഥാപിക്കുകയും കൂട്ടിലുള്ള തേനീച്ചകളുടെ ശരീരത്തില‍ കയറി അവയെ പതിയെ ആക്രമിച്ച് കൊല്ലാന്‍ തുടങ്ങുകയും ചെയ്യും. ഇളം ചുവപ്പ്-തവിട്ട് നിറത്തില്‍ കാണപ്പെടുന്ന ഇവയില്‍ ഒന്നു മാത്രം മതി ഒരു തേനീച്ചക്കൂട് മുഴുവനായി നശിപ്പിക്കാന്‍. ഒരു തേനീച്ചയില്‍ നിന്ന് മറ്റൊരു തേനീച്ചയിലേക്ക് മാറി മാറിയാണ് ഒരു പാരസൈറ്റ് തന്നെ ഇവയെ ആക്രമിക്കുക. കുറഞ്ഞ സമയം കൊണ്ട് തന്നെ തേനീച്ചയുടെ ആരോഗ്യം ക്ഷയിപ്പിച്ച് അവശനിലയിലാക്കാന്‍ ഇവയ്ക്ക് സാധിക്കും. 

കഴിഞ്ഞ ആഴ്ച ന്യൂ കാസില്‍ തുറമുഖത്തിന് സമീപമാണ് ഇവയുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. ഒരാഴ്ച കൊണ്ട് തന്നെ മറ്റ് നാനൂറ് സ്ഥലങ്ങളില്‍ കൂടി ഇവയെ കണ്ടെത്തിക്കഴിഞ്ഞു. ഇതിനകം തന്നെ ഇവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്തെ കൂടുകള്‍ നശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 60 ലക്ഷം തേനീച്ചകളെങ്കിലും ചത്തിട്ടുണ്ടാവുമെന്നാണ് കണക്ക്. ഇത് കൂടാതെ തേനീച്ചകളെയോ കൂടുകളെയോ അവയുടെമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഉപകരണങ്ങളോ ഒരിടത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്നതിനും അധികൃതര്‍ ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടും ഭീഷണി

Why Australia has had to kill millions of bees to save its honey industry

വറോവ മൈറ്റുകള്‍ തേനീച്ചകള്‍ ഭീഷണിയാകുന്നത് ഇതാദ്യമായല്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി തേനീച്ച വ്യാപാരത്തെ ഈ പാരസൈറ്റുകള്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ കണക്കുകള്‍ പക്ഷേ ഔദ്യോഗികമായി തേനീച്ച കര്‍ഷകരില്‍ നിന്ന് ശേഖരിച്ചിട്ടുള്ളതാണ്. ഇവയെ കൂടാതെ വനമേഖലയിലും, മറ്റ് സ്വാഭാവിക പരിസരങ്ങളിലുമുള്ള തേനീച്ചകളെയും ഈ പാരസൈറ്റുകള്‍ കൊന്നൊടുക്കുന്നുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. മനുഷ്യരുടെ നിലനില്‍പിന് അനിവാര്യമായ ജീവികളാണ് തേനീച്ചകള്‍. എന്നാല്‍ വറോവ ചെള്ളുകളുടെ ആക്രമണത്തില്‍ ഈ തേനീച്ചകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇവയുടെ ആക്രമമത്തില്‍ ആദ്യം തേനീച്ചകളുടെ പ്രവര്‍ത്തന ക്ഷമത കുറയും, പിന്നീട് നടക്കാനും പറക്കാനുമുള്ള ശേഷി നഷ്ടപ്പെടും. ഇതോടെ ആഹാരം ലഭിക്കാതെ തേനീച്ചകള്‍ ചത്തു വീഴും. സമാനമായ സ്ഥിതി പെട്ടെന്ന് തന്നെ കോളനിയിലെ മറ്റ് തേനീച്ചകളിലും കാണാനാനാകും. ഇതോടെയാണ് ഓരോ കൂടും അല്ലെങ്കില്‍ കോളനിയും ഈ പാരസൈറ്റുകളുടെ ആക്രമണത്തില്‍ നശിക്കുന്നത്. വലിയ തേനീച്ചകള്‍ മുതല്‍ മുട്ടകള്‍ വരെ ഇവയുടെ ആക്രമണത്തിന് ഇരയാകും.

English Summary: Why Australia has had to kill millions of bees to save its honey industry

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS