ADVERTISEMENT

ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സ് ഹെര്‍ബേറിയത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ആമ്പല്‍ച്ചെടിയുള്ളത്. ഹെര്‍ബേറിയം എന്നാല്‍ ജലത്തില്‍ വളരുന്ന സസ്യങ്ങളെ പരിപാലിക്കുന്ന കേന്ദ്രമെന്നാണ് അര്‍ത്ഥം. കഴിഞ്ഞ 177 വര്‍ഷമായി ഈ ആമ്പല്‍ച്ചെടിയുടെ ശേഖരം ഇവിടെയുണ്ട്. ലോകത്ത് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള രണ്ട് ഭീമന്‍ ആമ്പല്‍ച്ചെടികളില്‍ ഒന്നാണ് ഇതെന്ന ധാരണയായിലായിരുന്നു ഇതുവരെ ഈ ചെടിയെ പരിപാലിച്ചിരുന്നത്. എന്നാല്‍ സമീപകാലത്താണ് ഈ ധാരണയില്‍ അദ്ഭുതപ്പെടുത്തുന്ന മാറ്റമുണ്ടായത്. ലോകത്തെ ഏറ്റവും വലിയ ഈ ആമ്പല്‍ച്ചെടി പുതിയൊരു ജനുസ്സാണ് എന്ന് തിരിച്ചറിഞ്ഞത് ഇപ്പോള്‍ മാത്രമാണ്.

100 വര്‍ഷത്തിനിടെ കണ്ടെത്തുന്ന ആദ്യ ആമ്പല്‍ ഭീമന്‍ 

100 വര്‍ഷത്തിനിടെ ലോകത്ത് കണ്ടെത്തുന്ന ആദ്യത്തെ ഭീമന്‍ ആമ്പല്‍ച്ചെടി ജനുസ്സായി ഇതോടെ ലണ്ടനിലെ ഈ ആമ്പല്‍ച്ചെടി മാറി. വിക്ടോറിയ ജനുസ്സ് എന്നറിയപ്പെടുന്ന ഈ ഭീമന്‍ ആമ്പല്‍ച്ചെടി വര്‍ഗത്തിലെ മൂന്നാമനായാണ് ഇതോടെ ഈ ആമ്പല്‍ച്ചെടി ശേഖരത്തെ ഇതോടെ കണക്കാക്കുന്നത്. കണ്ടെത്തലിന്‍റെ കാലയളവ് വച്ച് നോക്കുമ്പോള്‍ മൂന്നാമന്‍ ആണെങ്കിലും ആദ്യം സൂചിപ്പിച്ചത് പോലെ വലുപ്പത്തില്‍ മറ്റ് രണ്ട് ഭീമന്‍ ആമ്പലുകളേക്കാളും മുന്നിലാണ് ഈ പുതിയ ജനുസ്സ്.

ഫ്രണ്ടയേഴ്സ് ഇന്‍ പ്ലാന്‍റ് സയന്‍സ് എന്ന മാസികയിലാണ് ഈ പുതിയ ആമ്പലിനെക്കുറിച്ചുള്ള കണ്ടെത്തല്‍ പങ്കുവച്ചിരിക്കുന്നത്. ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് കാരൾസ് മഗ്ഡലേന, ബൊട്ടാണിക്കൽ ആർട്ടിസ്റ്റായ ലൂസി സ്മിത്ത് എന്നിവരാണ് ശാസ്ത്രലോകത്തെ ഈ പുതിയ കണ്ടെത്തലിനു പിന്നില്‍. 2006ല്‍ ഈ ചെടിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടതോടെയാണ് ഇതിനെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ ഇരുവരും തീരുമാനിക്കുന്നത്. തുടര്‍ന്ന് നടത്തിയ പഠനങ്ങളാണ് ഇപ്പോഴത്തെ കണ്ടെത്തലിലേക്ക് നയിച്ചതും. മഗ്ഡലേനയാണ് ഈ ആമ്പല്‍ച്ചെടിയുടെ വ്യത്യസ്തതയെക്കുറിച്ച് ആദ്യം തിരിച്ചറിഞ്ഞത്.

കഴിഞ്ഞ 20 വര്‍ഷമായി ഈ സസ്യത്തെ ചിത്രങ്ങളിലൂടെ താന്‍ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നുവെന്ന് മഗ്ഡലേന പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും മറ്റ് ബോട്ടണിസ്റ്റുകള്‍ക്ക് ഇല്ലാതിരുന്ന സാങ്കേതിക സൗകര്യങ്ങളാണ് ഇപ്പോഴത്തെ ഈ കണ്ടെത്തലിന് തന്നെ സഹായിച്ചതെന്നും മഗ്ഡലേന വിവരിക്കുന്നു. ക്യൂ ഗാര്‍ഡന്‍സിനു പുറമെ ബൊളീവിയയിലും സമാനമായ വലുപ്പമുള്ള ആമ്പല്‍ച്ചെടിയുണ്ട്. ഇവ രണ്ടും വിക്ടോറിയ ആമസോണിക എന്ന ആമസോണില്‍ കണ്ടുവരുന്ന ഭീമന്‍ അമ്പല്‍ വര്‍ഗത്തില്‍പ്പെട്ടവയാണെന്ന ധാരണയായിരുന്നു ശാസ്ത്രലോകത്തിന്. 34 വര്‍ഷമായി നിലനിന്നിരുന്ന ഈ ധാരണയാണ് പുതിയ കണ്ടെത്തലിലൂടെ മാറിമറിഞ്ഞത്.

ബൊളീവിയന്‍ കാടുകളിലെ ആമ്പല്‍

വിക്ടോറിയ ബൊളീവിയ എന്നതാണ് ഈ പുതിയ ആമ്പല്‍ ജനുസ്സിന് നല്‍കിയിരിക്കുന്ന പേര്. ഇതിന് കാരണം ബൊളീവിയ ആണ് ഈ ആമ്പല്‍ച്ചെടികളുടെ ജന്‍മനാട്. ബൊളീവിയയിലെ ലാനോസ് ഡെ മോക്സോസ് എന്ന തണ്ണീര്‍ത്തട ചതുപ്പ് മേഖലയിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്.ശരാശരി 3 മീറ്റര്‍ വരെ വിസ്തീര്‍ണം ഇവയുടെ ഇലകള്‍ക്ക് കണ്ടുവരാറുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഇലകളുള്ളത് ലാനോസ് ഡെ മോക്സോസിലുള്ള ലാ റിന്‍കോനോഡാ ഗാര്‍ഡസിലെ ഒരു ആമ്പല്‍ ശേഖരത്തിലാണ്. 3.2 മീറ്റര്‍ വരെ വലുപ്പം ഇവയുടെ ഇലകളില്‍ കണ്ടു വരാറുണ്ട്. വനാന്തരങ്ങളിൽ ആമ്പലുകളിലെ സ്പെസിമനുകള്‍ വേര്‍തിരിച്ച് മനസ്സിലാക്കുക എന്നത് അതികഠിനമായ പ്രവര്‍ത്തനമായിരുന്നു. ഇതിനാല്‍ തന്നെയാണ് ഈ ആമ്പല്‍വര്‍ഗം വ്യത്യസ്തമാണെന്ന് കണ്ടെത്താന്‍ ഗവേഷകര്‍ക്ക് ഇത്രയധികം സമയം വേണ്ടിവന്നതും. വിക്ടോറിയ ആമസോണികയില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമാണ് വിക്ടോറിയ ബൊളീവിയയ്ക്കുള്ളത്. 1832 ലായിരുന്നു വിക്ടോറിയ ആമസോണികയെ സസ്യശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്.

ഇന്‍റര്‍നെറ്റിന്‍റെ പങ്ക്

ചരിത്രരേഖകളും സ്പെസിമനുകളും ഭൗമശാസ്ത്രപരമായ ഘടകങ്ങളും എല്ലാം വിശദമായി പരിശോധിച്ചതിനൊപ്പം നിരവധി സമൂഹമാധ്യമ ഉപയോക്താക്കളുടെ കൂടി സഹായം കൊണ്ടാണ് ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയത്.  സമൂഹമാധ്യമ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിരന്തരമായി പഠനത്തിന് വേണ്ടി നിരീക്ഷിച്ചിരുന്നുവെന്നും മഗ്ഡലേന പറയുന്നു. അതുകൊണ്ട് തന്നെയാണ് തന്‍റെ മുന്‍ഗാമികള്‍ക്ക് ഇല്ലാതിരുന്ന സാങ്കേതിക വിദ്യയുടെ വലിയ സഹായവും തനിക്ക് ഗുണകരമായെന്ന് മഗ്ഡലേന സാക്ഷ്യപ്പെടുത്തുന്നതും. വിക്ടോറിയ ക്രൂസിയാനയാണ്, വിക്ടോറിയ ആമസോണികയ്ക്കും വിക്ടോറിയ ബൊളീവിയയ്ക്കും പുറമെയുള്ള മൂന്നാമത്തെ ഭീമന്‍ ആമ്പല്‍ ജനുസ്സ്. ഡിന്‍എ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിക്ടോറിയ ക്രൂസിയാനയോടാണ് വിക്ടോറിയ ബൊളീവിയ കൂടുതല്‍ അടുത്തു നിൽക്കുന്നത്. ഏതാണ്ട്  10 ദശലക്ഷം വര്‍ഷം മുന്‍പാണ് ഇവ ജനിതകമായി വേര്‍പിരിഞ്ഞതെന്നും ഗവേഷകര്‍ കണക്ക് കൂട്ടുന്നു. 

English Summary: First Giant Waterlily Discovered In Over 100 Years Is Biggest In The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com