പടിഞ്ഞാറൻ യുഎസിലെ കൃഷിയിടങ്ങൾക്കും ഫാമുകൾക്കും ഭീഷണിയുയർത്തി ചീവിടുകൾ പെരുകുന്നു. അമേരിക്കയിൽ ചൂടുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന മോർമോൺ ക്രിക്കറ്റ് എന്നറിയപ്പെടുന്ന വലിയ ചീവിടുകളാണ് ഇതിനു പിന്നിൽ. എട്ടു സെന്‌റിമീറ്റർ വരെ നീളമുള്ള ഈ ചീവിടുകൾക്ക് പറക്കാൻ ശേഷിയില്ലെങ്കിലും ഇവ ദിവസം 2 കിലോമീറ്റർ വരെ യാത്രചെയ്യും. കടുത്ത വിശപ്പുള്ള ഈ ചീവിടുകൾ കൃഷിയിടങ്ങളിൽ നിന്ന് ആവശ്യത്തിനു ഭക്ഷണം ലഭിച്ചില്ലെങ്കിൽ സ്വന്തം വർഗത്തിൽ തന്നെയുള്ള മറ്റു ചീവിടുകളെയും ഭക്ഷിക്കാൻ മടികാട്ടാറില്ല. അമേരിക്കയിലെ ഓറിഗൺ സംസ്ഥാനത്താണ് ഇവയുടെ ശല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. യുഎസിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കടുത്ത വരൾച്ച ഉടലെടുത്തിട്ടുണ്ട്. ഇതാണു ചീവിടുകൾ പെരുകുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നത്. വരൾച്ചയ്‌ക്കൊപ്പം ചീവീടുകൾ കൂടി പെരുകിയതോടെ മേഖലയിലെ കാർഷികരംഗം അവതാളത്തിലായിരിക്കുകയാണ്.
പത്തു ലക്ഷം മുതൽ 100 കോടി വരെ എണ്ണമുള്ള ഗ്രൂപ്പുകളിലായാണ് ഈ ചീവിടുകൾ യാത്ര ചെയ്യുന്നതെന്ന് യുഎസ് ഡിപ്പാർട്‌മെന്റ് ഓഫ് അഗ്രിക്കൾച്ചർ അധികൃതർ പറയുന്നു. ഇതു പുതുതായി ഉടലെടുത്ത പ്രതിഭാസമല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചീവീടുകളും വെട്ടുക്കിളികളും പടിഞ്ഞാറൻ യുഎസിലെ പല കൃഷിയിടങ്ങളിലും വിനാശം വരുത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം ഒരു കോടി ഏക്കറോളം കൃഷിഭൂമി ചീവിടുകളുടെ ആക്രമണത്തിൽ ഓറിഗണിൽ നശിച്ചു. വിളകൾ നശിപ്പിക്കുന്നതിനോടൊപ്പം തന്നെ പാരിസ്ഥിതികമായി പൊടുന്നനെയുള്ള മാറ്റങ്ങൾക്കും ഇവ വഴിവയ്ക്കുന്നു.
ദശലക്ഷക്കണക്കിനു യുഎസ് ഡോളറാണ് ഇവയെ നിയന്ത്രിക്കുന്നതിനായി സർക്കാർ ചെലവാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 50 ലക്ഷം യുഎസ് ഡോളർ ഇവയെ നശിപ്പിക്കാനുള്ള സപ്രഷൻ പ്രോഗ്രാമിനായി വകയിരുത്തി. ഈ മാസം തുടക്കത്തിൽ 12 ലക്ഷം യുഎസ് ഡോളർ കൂടി അനുവദിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ യൂട്ടായിലെത്തിയ മോർമോൺ കുടിയേറ്റക്കാരാണ് ഈ ചീവീടുകൾക്ക് മോർമോൺ ക്രിക്കറ്റ്‌സ് എന്ന പേരു നൽകിയത്. ഇവയ്ക്ക് പല നിറങ്ങളാണ്. കറുപ്പ്, ബ്രൗൺ, ചുവപ്പ്, പർപ്പിൾ തുടങ്ങിയ നിറങ്ങളിൽ ഇവ കാണപ്പെടുന്നു. അമേരിക്കയിലെയും കാനഡയിലെയും ആദിമ നിവാസികൾ ഇവയെ ഭക്ഷിച്ചിരുന്നു.
English Summary: ‘Biblical’ swarms of giant Mormon crickets destroying crops in US West