ADVERTISEMENT

കടലിലെ ഏറ്റവും ക്രൂരന്‍മാരായ വേട്ടക്കാരെന്ന സ്ഥാനം ശാസ്ത്രലോകത്തിന്‍റെ കണ്ണില്‍ ഒരു കാലത്ത്  സ്രാവുകൾക്കായിരുന്നു. ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് എന്ന  സ്രാവുകളില്‍ നിന്ന് ഈ സ്ഥാനം കൊലയാളി തിമിംഗലങ്ങള്‍ കവര്‍ന്നെടുത്തിട്ട് ഏതാനും വര്‍ഷങ്ങളേ ആവുന്നുള്ളൂ. ഈ മാറ്റത്തിനുണ്ടായ കാരണം കടലിലെ വേട്ടപ്പട്ടികളെ പോലുള്ള കൊലയാളി തിമിംഗലങ്ങളുടെ പെരുമാറ്റമാണ്. കൂട്ടത്തോടെയുള്ള ഇവയുടെ ആക്രമണത്തില്‍ സ്രാവുകള്‍ക്ക് പോലും പിടിച്ച് നില്‍ക്കാനാകില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പല തവണയാണ് സ്രാവുകളെ കൊലയാളി തിമിംഗലങ്ങള്‍ കൊന്നു തിന്നുന്നതിന് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്.

കൊലപാതക പരമ്പര

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ശാസ്ത്രലോകം നേരില്‍ കണ്ട് സാക്ഷ്യം വഹിച്ചത് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ക്കാണ്. 2017 മുതലുള്ള അഞ്ച് വര്‍ഷത്തിനിടെ രണ്ട് കൊലയാളി തിമിംഗലങ്ങള്‍ മാത്രം എട്ട് സ്രാവുകളെയാണ് ആക്രമിച്ചു കൊന്നത്. ദക്ഷിണാഫ്രിക്കന്‍ തീരത്താണ് ഈ രണ്ട് കൊലയാളി തിമിംഗലങ്ങളുടെ സവിശേഷ വേട്ടയാടല്‍ ശ്രദ്ധയില്‍ പെട്ടത്. രണ്ട് ആണ്‍ തിമിംഗലങ്ങള്‍ ഈ ആക്രമണങ്ങളില്‍ സ്രാവുകളെ കൊന്ന് കടിച്ചുകീറി അവയുടെ കരളും ഹൃദയവും ഭക്ഷിക്കുകയും ചെയ്തു. ഈ രണ്ട് ശരീരഭാഗങ്ങളും തുരന്നെടുത്ത പോലെയാണ് സ്രാവുകളുടെ ശരീരം കാണപ്പെട്ടത്.

പോര്‍ട്ട് എന്നും സ്റ്റാര്‍ബോര്‍ഡ് എന്നും പേര് നല്‍കിയിട്ടുള്ള ഈ ഇരട്ട കൊലയാളി തിമിംഗലങ്ങള്‍ വേട്ടയാടിയ എട്ട് സ്രാവുകളില്‍ ഏഴിന്‍റെയും കരള്‍ ചൂഴ്ന്നെടുത്ത് ഭക്ഷിച്ചു. ചിലതിന്‍റെ ഹൃദയവും ഇവ തുരന്നെടുത്ത് തിന്നു. ദക്ഷിണാഫ്രിക്കയിലെ ഗന്‍സ്ബായ് തീരത്താണ് ഇവയുടെ ഈ വേട്ടയാടല്‍ പരമ്പര നടന്നത്. ഈ വേട്ട ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും, ഇനിയും തുടരാനാണ് എന്നാ സാധ്യതയെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

ഭയന്നോടുന്ന സ്രാവുകള്‍

ആഫ്രിക്കന്‍ ജേര്‍ണല്‍ ഓഫ് മറൈന്‍ സയന്‍സ് എന്ന ശാസ്ത്രപഠന മാസികയിലാണ് കൊലയാളി തിമിംഗലങ്ങളുടെ ഈ വേട്ടയെക്കുറിച്ച് വിശദമായി വിവരിക്കുന്നത്. കൊമ്പന്‍സ്രാവുകളുടെ സഞ്ചാരപാത പഠിക്കുകയെന്ന ലക്ഷ്യത്തോടെ ദക്ഷിണാഫ്രിക്കന്‍ തീരങ്ങളില്‍ പഠനം ആരംഭിച്ച ഗവേഷകരാണ് അവിചാരതമായി ഈ കൂട്ടക്കൊലയെക്കുറിച്ച് കണ്ടെത്തിയത്. ഈ രണ്ട് ഓര്‍ക്ക തിമിംഗലങ്ങളുടെ വേട്ട മൂലം കൊമ്പന്‍സ്രാവുകള്‍ അവയുടെ പതിവ് സഞ്ചാരപാത മാറ്റി യാത്ര ചെയ്യുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി.

2017 ഫെബ്രുവരിക്കും ജൂണിനും ഇടയില്‍ അഞ്ച് കൊമ്പന്‍ സ്രാവുകളുടെ ജഢങ്ങളാണ് പാതി ശരീരവുമായി തീരത്തടിഞ്ഞത്. ഈ ശരീരങ്ങളില്‍ നിന്ന് തന്നെ ഈ സ്രാവുകളെ ആക്രമിച്ചത് ഒരേ ഓര്‍ക്കകള്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള പഠനത്തിനിടയിലാണ് രണ്ട് കൊമ്പന്‍ സ്രാവുകളുടെ വേട്ടയ്ക്ക് കൂടി ഗവേഷകര്‍ സാക്ഷ്യം വഹിച്ചത്. അതേസമയം ഈ കണ്ടെത്തിയ എട്ട് കൊമ്പന്‍സ്രാവുകളും ഈ കൊലയാളി തിമിംഗലങ്ങള്‍ നടത്തിയ വേട്ടയുടെ ചെറിയ ശതമാനം മാത്രമാകാനാണ് സാധ്യതയെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ കൊമ്പന്‍സ്രാവുകളെ ഇവ കൊന്നു തിന്നിട്ടുണ്ടാകാമെന്നും ഇവ കരയ്ക്കടിയാത്തതിനാല്‍ കണക്ക് ലഭിക്കാതെ പോയതാണെന്നും ഗവേഷകര്‍ ഉറപ്പിക്കുന്നു.

ഗാസ്ബായ് തീരത്ത് സ്രാവുകളെ കാണുന്ന അളവിലും ഈ ഓര്‍ക്കകളുടെ ആക്രമണം ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഓര്‍ക്ക ആക്രമണത്തിന് മുന്‍പ് അതായത് 2017 ന് മുന്‍പ് വര്‍ഷത്തില്‍ ശരാശരി 8 തവണയെങ്കിലും ഈ തീരത്ത് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകളെ കാണാറുണ്ടായിരുന്നു. എന്നാല്‍ 2017 ലെ ആക്രമണത്തിന് ശേഷം 2018 ലും 2019 ലും രണ്ട് തവണ മാത്രമാണ് ഇവയെ കണ്ടത്. അതേസമയം ഇവയുടെ സഞ്ചാരപാത തീരത്ത് നിന്ന് ഏതാണ്ട് 900 കിലോമീറ്റര്‍ അകലത്തിലേക്ക് മാറിയെന്നും ഇലക്ട്രോണിക് ട്രാക്കിങ് വഴി ഗവേഷകര്‍ കണ്ടെത്തി.

സമാന സംഭവം കലിഫോര്‍ണിയ തീരത്തും

ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല പല പലയിടങ്ങളിലും ഇത്തരത്തില്‍ ഓര്‍ക്കകളുടെ സ്രാവ് വേട്ട ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. സമാനമായ അളവില്‍ വലിയ തോതില്‍ വേട്ട റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സ്ഥലം കലിഫോര്‍ണിയ തീരത്താണ്. 2019 ല്‍ കലിഫോര്‍ണിയിയിലെ ഫാലന്‍ ദ്വീപ് പ്രദേശത്ത് നടന്ന സമാനമായ വേട്ടയ്ക്ക് ശേഷം ഇവിടെ നിന്നും സ്രാവുകള്‍ വഴി മാറി പോയിരുന്നു. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഫാലന്‍ ദ്വീപ് മേഖല സീലുകളുടെ വിഹാര കേന്ദ്രമാണ്. ഈ സമയത്തെ സീലുകളെ വേട്ടയാടാന്‍  സ്രാവുകള്‍ കൂട്ടത്തോടെയെത്താറുണ്ട്. എന്നാല്‍ ഓര്‍ക്കകള്‍ ഇവിടേക്ക് സീലുകളെ വേട്ടയാടാനെത്തിയാല്‍ തന്നെയും പിന്നെ സ്രാവുകള്‍ അപ്രത്യക്ഷരാകും.

കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ഫാലിനോസ് മറൈന്‍ ദേശീയ പാര്‍ക്കില്‍ സ്രാവുകളും ഓര്‍ക്കകളും തമ്മിൽ നടന്ന നാല് ഏറ്റുമുട്ടലുകള്‍ ഗവേഷകര്‍ പഠനവിധേയമാക്കുകയുണ്ടായി. ഇവ നാലും ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ്. ഗവേഷകര്‍ ടാഗ് ചെയ്തിരുന്ന 165 സ്രാവുകളാണ് ഈ മേഖലയിലുണ്ടായിരുന്നത്. മറ്റ് സ്രാവുകള്‍ക്കൊപ്പം ഓര്‍ക്കളുടെ സാന്നിധ്യം മണത്തറിഞ്ഞതോടെ ഈ സ്രാവുകളും സ്ഥലം കാലിയാക്കിയതായി ഗവേഷകര്‍ പറയുന്നു. 

2006 മുതല്‍ 2013 വരെയുള്ള സ്രാവുകളുടെ സഞ്ചാരപഥവും വേട്ടയാടുനന പ്രദേശങ്ങളും ഗവേഷകര്‍ ഓര്‍ക്കകള്‍ വരുമ്പോളുള്ള സ്രാവുകളുടെ പെരുമാറ്റവുമായി താരതമ്യപ്പെടുത്തി. അതുവരെ പിന്തുടരുന്ന സഞ്ചാരപഥമോ സ്ഥിരമായി വേട്ടയാടുന്ന പ്രദേശങ്ങളോ പിന്നീട് അടുത്ത കുറച്ച് വര്‍ഷങ്ങളിലേക്ക് ഓര്‍ക്കകളുടെ സാന്നിധ്യമുണ്ടായാല്‍ സ്രാവുകള്‍ സന്ദര്‍ശിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഓര്‍ക്കകളുടെ സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് 27 വര്‍ഷമായി സ്ഥിരമായി കുടിയേറിയ പ്രദേശത്ത് നിന്നുപോലും സ്രാവുകള്‍ അകന്നുപോയതായും പഠനത്തില്‍ കണ്ടെത്തി. 

English Summary: Pair Of Killer Whales Murder Eight Great White Sharks In Five-Year Killing Spree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com