ADVERTISEMENT

ഇത്രയധികം സൗഹാര്‍ദപരമായ ഒരു യുദ്ധം മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാകില്ല. ഈ യുദ്ധം തുടങ്ങിയതും അവസാനിച്ചതും ഒട്ടും ബഹളങ്ങളില്ലാതെയായിരുന്നു. ഒരു ദ്വീപിനെ ചൊല്ലി പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഈ യുദ്ധം അവാസാനിപ്പിച്ചത് ഡെൻമാര്‍ക്കും കാനഡയുമാണ്. ഇതോടെ ചരിത്രത്തിലാദ്യമായി കാനഡയ്ക്കും യൂറോപ്പിനും ഇടയില്‍ സമുദ്രത്തില്‍ ഒരു കര അതിര്‍ത്തി നിലവില്‍ വരികയും ചെയ്തു. അപ്പോള്‍ ആരാണ് ഈ യുദ്ധത്തില്‍ ജയിച്ചത് അല്ലെങ്കില്‍ തോറ്റുകൊടുത്തത് എന്ന ചോദ്യമാണല്ലോ ഇനി ബാക്കി നില്‍ക്കുന്നത്?.

ഹന്‍സ് ദ്വീപ്

ആര്‍ട്ടിക് മേഖലയില്‍ ഉള്‍പ്പെടുന്ന ഏതാണ്ട് ഒന്നര കിലോമീറ്റര്‍ മാത്രം വ്യാസമുള്ള ദ്വീപാണ് ഹന്‍സ് ദ്വീപ്. 1972 ലാണ് ഈ ദ്വീപിനെ ചൊല്ലിയുള്ള തര്‍ക്കം ഉടലെടുക്കുന്നത്. ലോകമെമ്പാടും ഉള്ള അതിര്‍ത്തി തര്‍ക്കങ്ങളും, സാമ്രാജ്യത്വ യുദ്ധങ്ങളുമെല്ലാം ഒത്തുതീര്‍പ്പാകുന്ന സമയത്താണ് പൊതുവെ വലിയ കുഴപ്പങ്ങള്‍ക്കൊന്നും പോകാത്ത രണ്ട് രാജ്യങ്ങള്‍ ഒരു ദ്വീപിന്‍റെ പേരില്‍ ചെറുതായെങ്കിലും ഉരസുന്നത്. അറ്റ്ലാന്‍റിക് സമുദ്രത്തില്‍ ഒരു വന്‍കരയോടും ചേര്‍ന്നു നില്‍ക്കാത്ത വിധത്തില്‍ കാണപ്പെട്ട ഹന്‍സ് ദ്വീപിലേക്ക് സമുദ്രത്തിലെ ഗവേഷണങ്ങള്‍ക്കായാണ് കാനഡയില്‍ നിന്നും ഡെന്‍മാര്‍ക്കില്‍ നിന്നുമുള്ള ഗവേഷകരെത്തിയത്.

ഇതോ തുടര്‍ന്ന് ഇരു രാജ്യങ്ങളും ഈ ദ്വീപ് തങ്ങളുടേതാണെന്ന അവകാശം ഉന്നയിച്ചു. രാജ്യാന്തര സമുദ്രാതിര്‍ത്തി നിയമങ്ങള്‍ പരിശോധിച്ച ശേഷവും ഇരു കൂട്ടരും ഹന്‍സ് ദ്വീപിന് മേലുള്ള തങ്ങളുടെ അവകാശം തുടര്‍ന്നു. പിന്നീടുള്ള പതിറ്റാണ്ടുകളില്‍ ഈ അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാതെ തന്നെ മുന്നോട്ട് പോയി. അതേസമയം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഈ തര്‍ക്കം നിലനില്‍ക്കുന്ന കാര്യം തന്നെ ഇരു രാജ്യങ്ങളും മറക്കുകയും ചെയ്തു. മറവിയിലേക്കു പോയ ഈ ദ്വീപിന് മേലുള്ള അവകാശ തര്‍ക്കം പക്ഷേ വൈകാതെ വീണ്ടും തിരിച്ചു വന്നു.

തിരിച്ചെത്തുന്ന തര്‍ക്കം

കനേഡിയന്‍ പെട്രോളിയം ഖനന കമ്പനി 1983ല്‍ ദ്വീപിലെത്തി ചില പര്യവേക്ഷണങ്ങള്‍ നടത്തിയതോടെയാണ് തര്‍ക്കം വീണ്ടും ചൂടുപിടിക്കുന്നത്. പെട്രോളിയം ഖനന സാധ്യതകള്‍ അന്വേഷിച്ചുള്ള പര്യവേക്ഷണം നടക്കുന്നതിനിടെ ഈ വാര്‍ത്ത ഡെന്‍മാര്‍ക്കിലേക്കെത്തി. ഡെന്‍മാര്‍ക്ക് മന്ത്രിയായിരുന്ന ടോം ഹോയം ഒരു ഹെലികോപ്റ്റര്‍ ദ്വീപിലേക്കയച്ചു. തുടര്‍ന്ന് ഒരു ഡാനിഷ് പതാക ദ്വീപില്‍ സ്ഥാപിക്കുകയും ഡാനിഷ് അതിര്‍ത്തിയിലേക്ക് സ്വാഗതം എന്നെഴുതിയ ഒരു ഫുള്‍ ബോട്ടില്‍ വിസ്കി പതാകയ്ക്ക് സമീപം വയ്ക്കുകയും ചെയ്തു. കനേഡിയന്‍ അധികൃതരും വെറുതെ ഇരുന്നില്ല. ഡാനിഷ് പതാക മാറ്റിയ ശേഷം ഡാനിഷ് വിസ്കിക്ക് സമീപം ഒരു കനേഡിയന്‍ വിസ്കി വച്ച് അവര്‍ സ്ഥലം വിട്ടു. ഇതോടെ ആയുധമെടുക്കാത്ത യുദ്ധത്തിലെ ആയുധമായി വിസ്കി മാറി. തുടര്‍ന്നിങ്ങോട്ട് പകുതി കാര്യമായും തമാശയായും ഈ തര്‍ക്കത്തിന്‍റെ വിളിപ്പേര് വിസ്കി വാര്‍ എന്നാണ്.

യുദ്ധത്തിലെ വിജയി

മനുഷ്യവാസമില്ലാത്ത ഈ ദ്വീപിനെ കുറിച്ചുള്ള തര്‍ക്കം വീണ്ടും മറവിയിലേക്കു പോയി. 2 പതിറ്റാണ്ടിനു ശേഷം 2004 ല്‍ ഇരു രാജ്യങ്ങളും ഈ തര്‍ക്കം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഏറ്റവും മാന്യമായ ഒത്തുതീര്‍പ്പെന്ന പോലെ ദ്വീപിനെ രണ്ടായി പങ്കിടാനായിരുന്നു രണ്ട് രാജ്യങ്ങളുടെയും തീരുമാനം. ഇതോടെ യൂറോപ്പിനും കാനഡയ്ക്കും ഇടയില്‍ ഒരു കര അതിര്‍ത്തി നിലവില്‍ വരികയും ചെയ്തു. ഭൂമിയിലെ തന്നെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ അതിര്‍ത്തിയാണ് കാനഡയ്ക്കും ഡെന്‍മാര്‍ക്കിനും ഇടയിലുള്ളത്. കൂടാതെ ഈ അതിര്‍ത്തി വന്നതോടെ രണ്ട് രാജ്യങ്ങളുടെയും അയല്‍ക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചു. കാരണം മറ്റൊന്നുമല്ല ഈ രണ്ട് രാജ്യങ്ങള്‍ക്കും  ഈ ദ്വീപിലെ ഒത്ത് തീര്‍പ്പിന് മുന്‍പ് ഓരോ അയല്‍ക്കാര്‍ വീതം മാത്രമാണുണ്ടായിരുന്നത്. കാനഡയ്ക്ക് അമേരിക്കയും ഡെന്‍മാര്‍ക്കിന് ജര്‍മനിയും.  2022 ജൂണ്‍ 14 നാണ് ഈ രണ്ട് രാജ്യങ്ങളും ഔദ്യോഗികമായി ദ്വീപ് പങ്കുവയ്ക്കാനും അതിര്‍ത്തി പങ്കിടാനുമുള്ള കരാറില്‍ ഒപ്പു വച്ചത്.

English Summary: Canada and Denmark settle ‘Whisky War’ with a bottle exchange

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com