ചെറുപ്രാണികളും കീടങ്ങളും ഇരകള്‍;വേട്ട മണ്ണിനടിയിൽ; ഭൂഗര്‍ഭ വേട്ടക്കാരായ ലോകത്തെ ഏക സസ്യം!

First Carnivorous Pitcher Plants Known To Feast Underground Found In Indonesia
Image credit: M. DancakCC BY 4.0
SHARE

കാര്‍ണിവോറസ് അഥവാ മാംസഭുക്കുകളായ സസ്യങ്ങളെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മറ്റ് സസ്യങ്ങള്‍ ഊര്‍ജത്തിനായി വേരുകളെയും ഇലകളിലേക്കെത്തുന്ന സൂര്യപ്രകാശത്തെയും ആശ്രയിക്കുമ്പോള്‍ ഈ സസ്യങ്ങള്‍ ഇരയെ വേട്ടയാടി പിടിക്കാനുള്ള തന്ത്രം കൈവശമുള്ളവയാണ്. മിക്കപ്പോഴും ആകര്‍ഷകമായ പൂ പോലുള്ള ഭാഗങ്ങള്‍ ഉപയോഗിച്ച് ചെറുപ്രാണികള്‍ മുതല്‍ അത്യപൂര്‍വമായി ചെറു പക്ഷികളെ വരെ ഇവ ആകര്‍ഷിച്ച് ഉള്ളിലാക്കി പതിയെ ഭക്ഷണമാക്കാറുണ്ട്. എന്നാല്‍ ഇന്തോനീഷ്യയില്‍ കണ്ടെത്തിയ മറ്റൊരു മാംസഭുക്കായ ചെടിയുടെ വേട്ടയാടല്‍ രീതി തികച്ചും വ്യത്യസ്തമാണ്. മറ്റൊരു കാര്‍ണിവോറസ് ചെടിയും സമാനമായ രീതിയില്‍ വേട്ടയാടുന്നില്ല എന്ന് ഗവേഷകര്‍ പറയുന്നു.

ഇന്തോനീഷ്യയിലെ വടക്കന്‍ കാലിമന്‍റാന്‍ മേഖലയിലാണ് ഈ ഭൂഗര്‍ഭവേട്ടക്കാരായ സസ്യങ്ങളെ ഗവേഷകര്‍ കണ്ടെത്തിയത്. 2012ല്‍ നടന്ന പര്യടനത്തിന് ഇടയിലായിരുന്നു ഈ കണ്ടെത്തല്‍. മറ്റ് പല മാംസഭുക്കായ സസ്യങ്ങളും മണ്ണിനോട് ചേര്‍ന്ന് വേട്ടയാടാറുണ്ട്. എന്നാല്‍ ഈ രീതി ഇവയുടെ തന്ത്രങ്ങളില്‍ ഒന്ന് മാത്രമാണ്. അതേസമയം ഇന്തോനീഷ്യയിലെ ഈ സസ്യത്തിന്‍റെ വേട്ടയാടാനുള്ള അവയവങ്ങള്‍ ഏതാണ്ട് പൂര്‍ണമായി മണ്ണിനടിയിലാണ്. ഈ ഭാഗങ്ങൾ വളരുന്നതും നശിക്കുന്നതുമെല്ലാം മണ്ണിനടിയില്‍ വച്ചാണ്. ചെടിയുടെ ഇലകള്‍ മാത്രമേ പൂര്‍ണമായും പുറമേക്ക് കാണാനാകൂ.

മെറൂണ്‍ നിറത്തിലുള്ള കോളമ്പിപ്പൂവെന്ന് തോന്നിക്കുന്ന വിധത്തിലാണ് ഈ സസ്യങ്ങളുടെ വേട്ടയാടാനുപയോഗിക്കുന്ന ശരീരഭാഗമുള്ളത്. ഇത് മണ്ണിനടിയില്‍ മറഞ്ഞു കിടക്കും. തുടര്‍ന്ന് മണ്ണിനടയിലുള്ള ചെറു കീടങ്ങളും ഉറുമ്പുകളുമെല്ലാം ഉള്ളിലേക്കെത്തുമ്പോള്‍ അവയെ കുടുക്കും. ഇവയ്ക്കുള്ളില്‍ തന്നെയുള്ള ഒട്ടുന്ന ദ്രാവകമാണ് കീടങ്ങളെ കുടുക്കുന്നത്. വൈകാതെ ഈ കുടുങ്ങിയ ഇരകളുടെ സത്ത് ഈ ചെടി വലിച്ചെടുക്കുകയും ചെയ്യും.

ഏതാണ്ട് 7 മുതല്‍ 11 സെന്‍റിമീറ്റര്‍ വരെയാണ് ഈ ശരീരഭാഗങ്ങളുടെ നീളം. 3-4 സെന്‍റിമീറ്റര്‍ വീതിയും ഇവയ്ക്ക് ഉണ്ടാകും. വളരെ മാര്‍ദവമുള്ളവയാണ് ഈ ശരീരഭാഗങ്ങള്‍. അതുകൊണ്ട് തന്നെ കട്ടിയേറിയ മണ്ണാണെങ്കില്‍ ഇവയ്ക്ക് മണ്ണിനടയില്‍ വളരാന്‍ കഴിയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇവയെ സഹായിക്കുന്നത് പ്രദേശത്തെ ജൈവപരിസ്ഥിതിയാണ്. മരങ്ങളുടെ ഇലകള്‍ വീണ് മണ്ണിനോട് ഇടകലര്‍ന്ന് കിടക്കുന്ന മേഖലയിലാണ് ഇവ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ മണ്ണിന്‍റെ മേല്‍ത്തട്ടിന് അധികം കട്ടിയുണ്ടാകില്ല. കൂടാതെ മരങ്ങളുടെ വേരുകള്‍ ഈ മേല്‍ത്തട്ടില്‍ സൃഷ്ടിക്കുന്ന വിള്ളലുകളും ഈ സസ്യങ്ങളുടെ ശരീരഭാഗങ്ങള്‍ക്ക് വഴികാട്ടും.

അതുകൊണ്ട് തന്നെ ഇത്തരത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന വലിയ മരങ്ങളുടെ വേരുകളിലും മറ്റും പറ്റിപ്പിടിച്ച് വളരുന്ന ഇവയേയും കാണാന്‍ സാധിക്കും. ഇവയുടെ വേട്ടയാടുന്ന അവയവങ്ങള്‍ ഇതേ മരങ്ങളുടെ വേരിന്‍റെ അടിയില്‍ മണ്ണില്‍ പുതഞ്ഞ് കിടക്കുന്ന രീതിയിലാണ് കാണപ്പെടുക. നെപ്പെന്തെസ് പ്യൂഡിക എന്നാണ് ഈ സസ്യത്തിന് നല്‍കിയിട്ടുള്ള ശാസ്ത്രീയ നാമം. നോര്‍ത്ത് കാളിമന്‍റാന്‍ മേഖലയിലെ മലനിരകളില്‍ മാത്രാണ് ഇവയെ കാണപ്പെടുന്നത്. 1100 മുതല്‍ 1200 വരെ ഉയരമുള്ള മേഖലയിലാണ് ഇവയെ സാധാരണയായി കാണപ്പെടുന്നത്. ഇവയുടെ സാന്നിധ്യം ബോര്‍ണിയന്‍ വനമേഖല എത്ര വൈവിധ്യമേറിയതാണ് എന്നുള്ളതിന് തെളിവാണ്. ഇക്കാരണം കൊണ്ട് തന്നെ ഈ മേഖലയെ സംരക്ഷിക്കേണ്ടത് ലോകജൈവവൈവിധ്യ മേഖലയുടെ സംരക്ഷണത്തിന് അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു.

English Summary: First Carnivorous Pitcher Plants Known To Feast Underground Found In Indonesia

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS