മഞ്ഞുപാളികളിൽ മറഞ്ഞുകിടക്കുന്നത് ലക്ഷക്കണക്കിന് ഉൽക്കകൾ; ഭൂമിയിൽ പതിച്ച ഉൽക്കകളിൽ മൂന്നിലൊന്നും അന്റാർട്ടിക്കയിൽ

Treasure trove of meteors found hiding in Antarctica
Image Credit: Shutterstock
SHARE

ദക്ഷിണധ്രുവ ഭൂഖണ്ഡമായ അന്റാർട്ടിക്കയിലെ മഞ്ഞുറഞ്ഞ ഭൂമിയിൽ മറഞ്ഞുകിടക്കുന്നത് മൂന്നു ലക്ഷം ഉൽക്കകളെന്ന് ഗവേഷണം. ബെൽജിയത്തിലെ ബ്രസൽസിലുള്ള ഒരു സർവകലാശാലയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് പഠനം നടത്തി, ഉൽക്കകൾ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തി മാപ്പ് തയാറാക്കിയിരിക്കുന്നത്. പല ഉൽക്കകളും , അന്റാർട്ടിക്കയിൽ വിവിധ രാജ്യങ്ങൾ സ്ഥാപിച്ചിട്ടുള്ള സ്റ്റേഷനുകളുടെ സമീപത്തായാണു സ്ഥിതി ചെയ്യുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു, ഇവ ഖനനം ചെയ്തെടുക്കാൻ ഇതു മൂലം എളുപ്പമാകുമെന്ന് ശാസ്ത്രജ്ഞർ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഭൂമിയിൽ പതിച്ച ഉൽക്കകളിൽ കണ്ടെത്തപ്പെട്ടവയിൽ മൂന്നിലൊന്നും അന്റാർട്ടിക്കയിൽ നിന്നാണു കണ്ടെത്തിയിട്ടുള്ളത്. അന്റാർട്ടിക്കയിൽ പതിക്കുന്ന ഉൽക്കകൾ ഭൂഖണ്ഡത്തിന്റെ ഐസ് പാളികളിലേക്ക് ആഴത്തിലിറങ്ങി പതിഞ്ഞിരിക്കാറാണ് പതിവ്. ഇവ നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടെത്താൻ അൽപം പ്രയാസമാണ്. എന്നാൽ, അന്റാർട്ടിക്കയിൽ നടത്തിയ വിവിധ ഖനന ദൗത്യങ്ങൾക്കിടയിൽ അവിചാരിതമായി ഒട്ടേറെയെണ്ണം കണ്ടെത്തപ്പെട്ടിട്ടുണ്ട്. സൗരയൂഥത്തിന്റെയും പ്രപഞ്ചത്തിന്റെയും ഉദ്ഭവമുൾപ്പെടെ മനുഷ്യരാശിക്കു വലിയ താൽപര്യമുള്ള കാര്യങ്ങളിൽ വിലപിടിപ്പുള്ള അറിവുകൾ നൽകുന്നവയാണ് ഭൂമിയിൽ പതിച്ചു മറഞ്ഞിരിക്കുന്ന ഉൽക്കകൾ. ശതകോടി കണക്കിനു വർഷങ്ങൾ മുൻപുള്ള ഛിന്നഗ്രഹങ്ങളിൽ നിന്നോ വാൽനക്ഷത്രങ്ങളിൽ നിന്നോ ഉള്ള അവശേഷിപ്പുകളാണ് കൂടുതൽ ഉൽക്കകളും എന്നതിനാൽ വാൽനക്ഷത്രങ്ങളുടെയും ഛിന്നഗ്രഹങ്ങളുടെയും സവിശേഷതകളെക്കുറിച്ച് സമഗ്രമായി പഠിക്കാൻ ഇവ വഴിയൊരുക്കുന്നു.

അന്റാർട്ടിക്കയിലല്ലാതെയുള്ള ഭൂമികകളിൽ മറഞ്ഞിരിക്കുന്ന ഉൽക്കകൾ കണ്ടെത്താൻ പാടാണ്. ഇവയ്ക്കു മുകളിൽ പുതിയ മണ്ണ് ഘടന തീർത്തിട്ടുണ്ടാകും, ചിലപ്പോൾ പുല്ലുവളർന്നിട്ടുണ്ടാകും. എന്നാൽ അന്റാർട്ടിക്കയിലെ നീല ഹിമത്തിൽ (ബ്ലൂ ഐസ്) പതിഞ്ഞിരിക്കുന്ന ഉൽക്കകളെ താരതമ്യേന എളുപ്പത്തിൽ കണ്ടെത്താം. ശാസ്ത്രജ്ഞർ തയാറാക്കിയ മാപ്പും ഈ സിദ്ധാന്തമാണു പിൻതുടരുന്നത്. ഭൂമിയിലേക്ക് ഉൽക്കകൾ പതിക്കുമ്പോൾ പിന്തുടരുന്ന പഥം ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ മാപ്പ് തയാറാക്കിയിരിക്കുന്നത്.ഡ്രോണുകളും മറ്റും ഉപയോഗിച്ച് ഇതു സ്ഥിരീകരിച്ച ശേഷം ഖനനം നടത്താൻ സാധിക്കും. അന്റാർട്ടിക് പര്യവേക്ഷക ദൗത്യങ്ങളിൽ പുതിയ ഒരു അധ്യായമാണ് മാപ്പ് തുറക്കുന്നതെന്ന് ശാസ്ത്രജ്ഞർ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഇതു വരെ 45000ത്തിൽ അധികം ഉൽക്കകൾ അന്റാർട്ടിക്കയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് ഭൂഖണ്ഡത്തിൽ ആകെ മറഞ്ഞിരിക്കുന്ന ഉൽക്കകളുടെ 13 ശതമാനമേ ആകുകളയുള്ളെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അന്റാർട്ടിക്കയിലെ അലൻ ഹിൽസ് തുടങ്ങിയ മേഖലകളിൽ നേരത്തെയും ഉൽക്കകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയും മാപ്പിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്ന് തൊണ്ണൂറുകളിൽ കണ്ടെത്തിയ ‘അലൻ ഹിൽസ് 84001’ എന്ന ഉൽക്ക ചൊവ്വാഗ്രഹത്തിൽ നിന്നു വന്നെത്തിയതാണെന്ന് പിന്നീട് തെളിഞ്ഞിരിക്കുന്നു. ശ്രദ്ധേയമായ ഒരു സംഭവമായിരുന്നു ഇതിന്റെ കണ്ടെത്തലും തുടർപഠനവും. ഉൽക്കകളെക്കുറിച്ചുള്ള ഗവേഷണത്തിൽ നാസയ്ക്കു പുതു ഊർജവും ഫണ്ടിങ്ങും നൽകി. ചൊവ്വയിൽ ഒരുകാലത്ത് ബാക്ടീരിയ ഉൾപ്പെടെയുള്ള സൂക്ഷ്മജീവികൾ ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകൾ ഈ ഉൽക്കക്കഷണം നൽകുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അതു സംഭവിച്ചില്ല.

English Summary: Treasure trove of meteors found hiding in Antarctica

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS