ADVERTISEMENT

മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ സുനാമി സംഭവിച്ചതിനു നമ്മളിൽ പലരും സാക്ഷികളാണ് . 2004 ഡിസംബറിൽ സംഭവിച്ച,ബോക്സിങ് ഡേ സുനാമി എന്ന പേരുള്ള ആ സുനാമിയിൽ രണ്ടേകാൽ ലക്ഷത്തിലധികം ആളുകൾക്കു മരണം സംഭവിച്ചു.കേരളത്തിലും സുനാമി കനത്ത പ്രഹരമേൽപ്പിച്ചു. എന്നാൽ ലോകചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മാരകമായ സുനാമിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇതു സംഭവിച്ചത് ബോക്സിങ് ഡേ സുനാമിക്ക് 96 വർഷങ്ങൾ മുൻപാണ്, 1908 ഡിസംബർ 28ന്. തെക്കൻ ഇറ്റലിയെയാണ് ഇതു ബാധിച്ചത്. മെസീന, റെഗിയോ ഡി കലാബ്രിയ തുടങ്ങിയ പ്രദേശങ്ങളെ ഇതു പൂർണമായി തകർത്തുകളഞ്ഞു. 2004ലെ സുനാമിയെപ്പോലെ തന്നെ ശക്തമായ ഭൂചലനമാണ് 1908ലെ സുനാമിക്കു വഴിവച്ചത്.

യൂറോപ്പിൽ ഭൂചലനങ്ങൾ ഇടയ്ക്കിടെ സംഭവിക്കുന്ന രാജ്യമാണ് ഇറ്റലി. ജപ്പാനെ പോലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതിനു കാരണം.1908 ഡിസംബറിലും ഇത്തരം ചെറുചലനങ്ങൾ ഇടയ്ക്കിടെ സംഭവിക്കുകയും തെക്കൻ ഇറ്റലിയിൽ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. എന്നാൽ ഇതൊക്കെ സ്ഥിരം സംഭവങ്ങളായതിനാൽ ആളുകളോ അധികാരികളോ ഇതൊന്നും വലിയ കാര്യമായി എടുത്തില്ല. എന്നാലിവ സൂചനകളായിരുന്നു.വരാൻ പോകുന്ന വൻദുരന്തത്തിന്റെ... ഇറ്റലിയിലെ ദ്വീപപ്രദേശമായ സിസിലിയെയും തെക്കൻ ഇറ്റലിയിലെ കലാബ്രിയയെയും തമ്മിൽ വേർതിരിക്കുന്ന മെസീന കടലിടുക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പുലർച്ചെ അഞ്ചരയ്ക്കു സംഭവിച്ച ഭൂചലനത്തിന്റെ ഏറ്റവും കടുത്ത ആഘാതം 20 സെക്കൻഡ് നീണ്ടുനിന്നു. 

Impact of Large Tsunamis in the Messina Straits, Italy
Image Credit: Shutterstock

 

Image Credit: Shutterstock
Image Credit: Shutterstock

റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയതായിരുന്നു ഈ ഭൂചലനം. സുഖ സുഷുപ്തിയിലായിരുന്ന മെസീന, റെഗിയോ ഡി കലാബ്രിയ നഗരങ്ങളെ തകർത്തു തരിപ്പണമാക്കിയാണ് ഭൂചലനം ശക്തിപ്രാപിച്ചത്.മെസീനയിലെ തൊണ്ണൂറുശതമാനം കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടു. ഭൂചലനം കഴിഞ്ഞു പത്തു മിനിറ്റുകൾക്കു ശേഷം സുനാമിയുടെ വരവായി. നാൽപത് അടിയോളം ഉയർന്ന തിരമാലകൾ സിസിലിയിൽ മെസീന മുതൽ കറ്റാനിയ വരെയുള്ള തീരപ്രദേശത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചു. എതിർദിശയിൽ പോയ രാക്ഷസത്തിരകൾ കലാബ്രിയൻ തീരപ്രദേശങ്ങളെയും ആക്രമിച്ചു. കലാബ്രിയയിലെ ലസാരോ ഗ്രാമത്തിലെ അസംഖ്യം വീടുകളും റെയിൽപാലങ്ങളും സംഹാരരൂപം പൂണ്ട ജലത്തിനൊപ്പം ഒലിച്ചുപോയി. ഭൂചലനത്തിന്റെയും സുനാമിയുടെയും ഫലമായി ഇറ്റലിയിൽ മരണസംഖ്യ കുതിച്ചുയർന്നു.ഒന്നേകാൽ ലക്ഷത്തോളം ആളുകൾ ഇതു മൂലം കൊല്ലപ്പെട്ടെന്നാണു കണക്ക്.

 

മെസീനയിൽ മാത്രം മുക്കാൽ ലക്ഷം ആളുകളാണ് മരിച്ചത്.നഗരത്തിന്റെ പകുതി ജനസംഖ്യ വരുമായിരുന്നു ഇത്. ദുരന്തത്തിൽ കെട്ടിടങ്ങൾ ഇടിഞ്ഞുവീണതാണ് കൂടുതൽ മരണങ്ങൾക്കും കാരണമായത്. ഇവിടത്തെ കൂടുതൽ വീടുകളും മറ്റു കെട്ടിടങ്ങളും നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയായിരുന്നു.ഇതു വിനയായി. മൃത ‌ശരീരങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മറഞ്ഞുകിടന്നു. മെസീനയ്ക്ക് മരിച്ചവരുടെ നഗരം എന്ന പേരും ഇതോടെ ലഭിച്ചു. ഇവിടങ്ങളിൽ താമസിച്ചിരുന്ന പലരും ഇറ്റലിയിലേക്കും യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലേക്കും യുഎസിലേക്കും കുടിയേറാനും ദുരന്തം ഒരു കാരണമായി. 1755ൽ നടന്ന ലിസ്ബൻ ഭൂചലനത്തിനു ശേഷം ഇത്ര മാരകമായ ഒരു ഭൂചലനം യൂറോപ്പ് അതുവരെ കണ്ടിട്ടില്ലായിരുന്നു.

 

English Summary: Impact of Large Tsunamis in the Messina Straits, Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com