ADVERTISEMENT

കടലിലെ ഭീകര പ്രതിഭാസങ്ങളിലൊന്നായ മരണത്തിന്റെ വൃത്തത്തിൽ (സർക്കിൾ ഓഫ് ഡെത്ത്) നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട് 2 പേർ. യുഎസിലെ മാസച്യുസിറ്റ്സിനു സമീപം കടലിനടുത്ത് നിന്നാണ് ബോട്ടിലെത്തിയവർ രക്ഷപ്പെട്ടത്. മോട്ടോർബോട്ടുകൾ നിയന്ത്രണം വിട്ടു കടൽവെള്ളത്തിൽ ഉണ്ടാക്കുന്ന ചുഴിയാണ് മരണത്തിന്റെ വൃത്തം. സമീപത്തു സ്ഥിതി ചെയ്ത മത്സ്യബന്ധന ബോട്ടായ ഫൈനസ്റ്റ് കൈൻഡിന്റെ ക്യാപ്റ്റനായ ഡാന ബ്ലാക്മാനാണ് ഈ കാഴ്ച കണ്ടതും വിവരം പൊലീസിനെ അറിയിച്ചതും. 24 അടിയോളം നീളമുള്ള ബോട്ട് വലിയ വേഗത്തിലാണു കടലിൽ വട്ടംചുറ്റിയത്.

 

വേഗത്തിൽ വട്ടം ചുറ്റുന്നതു മൂലം ഉടലെടുത്ത ഊർജത്തിൽ ബോട്ടിൽ നിന്നു യാത്രക്കാർ പുറത്തേക്കെറിയപ്പെട്ടു. ഇവർക്ക് ലൈഫ്ജാക്കറ്റ് ഉണ്ടായിരുന്നില്ല. ബോട്ടിനെ അടിയന്തര ഘട്ടത്തിൽ പ്രവർത്തനരഹിതമാക്കി നിയന്ത്രിക്കാനുള്ള കിൽ സ്വിച്ചുമായുള്ള ബന്ധവും ഇവർക്കില്ലായിരുന്നു.ബോട്ടിൽ നിന്നു കടലിലേക്കു വീണെങ്കിലും ഇവർക്ക് പരുക്കുകൾ ഒന്നും സംഭവിച്ചിരുന്നില്ലെന്ന് ഡാന ബ്ലാക്മാൻ പറയുന്നു. കടലിൽ വീണ ഒരാൾ തന്റെ വെള്ള ടീഷർട്ടൂരി വട്ടം കറക്കുന്നുണ്ടായിരുന്നു. ഡാന ബ്ലാക് മാ‍ന്റെ കപ്പലായ ഫൈനസ്റ്റ് കൈൻഡ് യാത്രികരെ രക്ഷിക്കുകയാണുണ്ടായത്. എന്നാൽ ബോട്ട് ഒന്നരമണിക്കൂറോളം കറക്കം തുടർന്നു. ഒടുവിൽ തീരരക്ഷാസേനയുടെ ബോട്ട് വന്ന് ബോട്ടിന്റെ പ്രൊപ്പല്ലർ തകർത്ത് നിയന്ത്രണവിധേയമാക്കിയാണ് സ്ഥിതി ശാന്തമാക്കിയത്.

 

ബോട്ട് വേഗത്തിൽ ചലിക്കുന്നതിനിടെ ഡ്രൈവർക്ക് സ്റ്റീയറിങ്ങുമായുള്ള നിയന്ത്രണം നഷ്ടമാകുന്നതാണു സർക്കിൾ ഓഫ് ഡെത്തിനു വഴിവയ്ക്കുന്നത്. ഇതുമൂലം സ്റ്റീയറിങ് ടോർക് എന്ന ചാക്രിക ബലം ഉടലെടുക്കുകയും ബോട്ട് വട്ടത്തിൽ ചുറ്റാൻ തുടങ്ങുകയും ചെയ്യും. പ്രതിവർഷം ഒട്ടേറെ പേരുടെ മരണത്തിനും പരുക്കിനും സർക്കിൾ ഓഫ് ഡെത്ത് വഴിവയ്ക്കാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. കടലിൽ യാത്ര ചെയ്യുമ്പോൾ സ്റ്റീയറിങ്ങുമായുള്ള ബന്ധം ഉപേക്ഷിക്കാതിരിക്കാനും പെട്ടെന്നു ബോട്ടിനെ പ്രവർത്തനരഹിതമാക്കാനുള്ള കിൽ സ്വിച്ചുകൾ സ്ഥാപിക്കാനും ഇതിനു പരിഹാരമായി അധികൃതർ നിർദേശിക്കാറുണ്ട്.

 

English Summary: 2 People Rescued From Sea After Being Thrown From Boat In 'Circle of Death'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com