ADVERTISEMENT

ഇറ്റലിയിൽ ഉടലെടുത്ത കടുത്ത വരൾച്ച സവിശേഷമായ ഒരു പുരാവസ്തു കണ്ടെത്തലിലേക്ക് നയിച്ചെന്ന് റിപ്പോർട്ടുകൾ. കടുത്ത വരൾച്ചയിൽ ടൈബർ നദിയിലെ വെള്ളം വറ്റിയതോടെ പൗരാണിക റോമിലെ ചക്രവർത്തിയായിരുന്ന നീറോ നിർമിച്ച ഒരു പാലം തെളിഞ്ഞുവന്നു. പോൺസ് നെറോണിയസ് അഥവാ നീറോയുടെ പാലം എന്നറിയപ്പെടുന്ന പാലമാണ് തെളിഞ്ഞത്. എന്നാൽ ഈ പാലം നീറോയുടെ കാലത്തിനു മുൻപ് തന്നെ പണിതിരുന്നെന്നും ചില വിദഗ്ധർ പറയുന്നു. ഈ പാലം തീർത്തും അനുകൂലമല്ലാത്ത ഒരു മേഖലയിലാണു പണിതതെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ, എഡി ഇരുന്നൂറാമാണ്ടിന്റെ മധ്യത്തിൽ തന്നെ ഇതു തകർന്നു. ‌

 

ഒട്ടേറെ പ്രശസ്തരായ രാജാക്കൻമാർക്കു ജന്മം നൽകിയ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധനായ ചക്രവർത്തിയാണു നീറോ. റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിച്ചിരുന്നു എന്ന പ്രയോഗം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രയോഗങ്ങളിലൊന്നാണ്. ഈ പ്രയോഗത്തിൽ പറയുന്നതു പോലെ തന്നെ പൗരാണിക നഗരമായ റോം കനത്ത അഗ്നിബാധയിൽ കത്തിയമർന്നിരുന്നു. നീറോ ചക്രവർത്തിയായിരുന്ന കാലത്തു തന്നെയായിരുന്നു ഈ ദുരന്തം.എഡി 64ൽ ഇതുപോലൊരു ജൂലൈ 18 രാത്രിയിൽ.അന്നു യൂറോപ്പിന്‌റെ ഹൃദയമായിരുന്നു റോം. പുകൾപ്പെറ്റ റോമാ സാമ്രാജ്യത്തിന്‌റെ അധികാര കേന്ദ്രം. സമ്പന്നരും പാവപ്പെട്ടവരും മധ്യവർഗത്തിലെ ആളുകളും നഗരത്തിൽ താമസമുറപ്പിച്ചിരുന്നു. പാവപ്പെട്ടവർ പൊതുവെ പലകകളും തടികളും ഉപയോഗിച്ചുള്ള വീടുകളിലാണു കഴിഞ്ഞിരുന്നത്. 

 

 നീറോ ചക്രവർത്തി അന്ന് നഗരത്തിലുണ്ടായിരുന്നില്ല. റോമാസാമ്രാജ്യത്തിന്‌റെ കിഴക്കൻ മേഖലയിലെ തീരനഗരമായ ആന്‌റിയത്തിൽ സുഖവാസത്തിലായിരുന്നു അദ്ദേഹം. റോമിലെ അക്കാലത്തെ പ്രശസ്തമായ കുതിരയോട്ട വേദിയായ സർക്കസ് മാക്‌സിമസിനു ചുറ്റുമുള്ള കടകളിൽ ഏതിലോ ആണ് തീ ആദ്യം പടർന്നത്. ശക്തമായ കാറ്റ് അന്നു നഗരത്തിൽ വീശിയിരുന്നു. കാറ്റിന്‌റെ കൂട്ടുപിടിച്ച് തീ ഒരു നരകാഗ്നിയായി മാറി.  ജനനം മുതൽ തന്നെ വിവാദങ്ങളുടെ കൂട്ടുകാരനായിരുന്ന നീറോ ചക്രവർത്തിയുടെ വ്യക്തിത്വത്തിൽ എന്നന്നേക്കുമായി കരിനിഴൽ വീഴ്ത്തിയ സംഭവമായിരുന്നു റോമിലെ അഗ്നിബാധ. ഇതിനു ശേഷം റോമാസാമ്രാജ്യത്തിലെ കരുത്തരായ സെനറ്റും ചക്രവർത്തിയും തമ്മിലിടയുകയും സെനറ്റ് നീറോയെ ജനദ്രോഹിയായി പ്രഖ്യാപിക്കുകയും ചെയ്തു. വിധി തനിക്കെതിരായെന്നു മനസ്സിലാക്കിയ നീറോ ഒളിച്ചോട്ടങ്ങൾ നടത്തുകയും നാലു വർഷങ്ങൾക്കു ശേഷം ആ്ത്മഹത്യ ചെയ്യുകയും ചെയ്തു. 30 വയസ്സായിരുന്നു അന്നു നീറോയ്ക്ക്.

 

English Summary: Severe Drought Unveils Ruins of Hidden Ancient 'Bridge of Nero' in Rome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com